വളപട്ടണം : തിരുവനന്തപുരം ജില്ലയിലെ പാറശാലയിൽ നിന്നും കാമുകനോടൊപ്പം ഒളിച്ചോടിയ 17 കാരിയെ കണ്ണൂർ നഗരത്തിലെ ലോഡ്ജിൽ വെച്ച് പൊലീസ് കസ്റ്റഡിയിലെടുത്തു. പാറശ്ശാലയിൽ നിന്നും കണ്ണൂർ വളപട്ടണം ചിറക്കലിലെ സിജിനോടൊപ്പം മുങ്ങിയ 17 കാരിയെയാണ് ഇന്നലെ രാത്രി ടൗൺ സിഐ.ബിനു മോഹനും സംഘവും കണ്ണൂർ നഗരത്തിലെ ലോഡ്ജിൽ നിന്നും കണ്ടെത്തിയത്.

പെൺകുട്ടിയുടെ രക്ഷിതാക്കളെ വിവരമറിയിച്ചിട്ടുണ്ടെന്ന് പൊലിസ് അറിയിച്ചു. സോഷ്യൽ മീഡീയ വഴിയാണ് സജിൻ പെൺകുട്ടിയുമായി പരിചയത്തിലാകുന്നത്. പ്രണയത്തിലായ പെൺകുട്ടിയെ ഇയാൾ കണ്ണൂരിലേക്ക് കൂട്ടി കൊണ്ടു വരികയായിരുന്നു. യുവാവിനെതിരെ പോക്‌സോ ചുമത്തുമെന്ന് പൊലീസ് അറിയിച്ചു. തിരുവനന്തപുരം ജില്ലയിലെ ഒരു സ്‌കുളിൽ പ്‌ളസ് ടുവിന് പഠിക്കുന്ന പെൺകുട്ടിയെ കാണാതായതായി നേരത്തെ രക്ഷിതാക്കൾ പൊലിസിൽ പരാതി നൽകിയിരുന്നു.

ഇൻസ്റ്റന്റ് ഗ്രാം വഴിയാണ് കണ്ണൂർ ചിറക്കൽ സ്വദേശിയായ യുവാവുമായി പെൺകുട്ടി അടുപ്പത്തിലാക്കുന്നത്. കാമുകന്റെ ആവശ്യപ്രകാരം ട്രെയിൻ മാർഗം തിരുവനതപുരത്ത് നിന്നും കണ്ണൂരിലേക്ക് വന്നതായാണ് പൊലിസിന് നൽകിയ മൊഴിയിൽ ഇരുവരും പറയുന്നത്. പെൺകുട്ടിക്ക് പ്രായപൂർത്തിയാകാത്തതിനാൽ യുവാവിനെതിരെ പോക്‌സോ ചുമത്തി അറസ്റ്റു ചെയ്തു കോടതിയിൽ ഹാജരാക്കും. വനിതാസെല്ലിന്റെ സംരക്ഷണയിലേക്ക് കുട്ടിയെ മാറ്റിയിട്ടുണ്ട്.