കണ്ണൂർ: കഴിഞ്ഞ ഓഗസ്റ്റ് 16ന് ഞായറാഴ്ച വൈകുന്നേരം രണ്ടു ട്രെയിനുകൾക്ക് കല്ലെറിഞ്ഞത് മദ്യലഹരിയിലായിരുന്നുവെന്ന് ഒഡീഷ സ്വദേശിയായ യുവാവിന്റെ മൊഴി. പത്തു വർഷത്തോളമായി കണ്ണൂരിൽ പെയിന്റിങ് തൊഴിലാളിയായി ജോലി ചെയ്യുന്ന സർവേഷാണ് കല്ലെറിഞ്ഞത്. അമിതമായി ബിയർ കഴിച്ചതിനു ശേഷം താൻ പാറക്കണ്ടിയിലെ റെയിൽവെ ട്രാക്കിനു സമീപം പൊന്തക്കാടുകൾക്കിടയിൽ കുത്തിയിരുന്നാണ് കല്ലെറിഞ്ഞതെന്നു ഇയാൾ തെളിവെടുപ്പിനിടെ പൊലീസിന് മൊഴി നൽകി. താൻ ഒറ്റയ്ക്കാണ് കൃത്യം നടത്തിയതെന്നും അതിനു ശേഷം ഓടിപോവുകയായിരുന്നുവെന്നാണ് ഇയാൾ പറഞ്ഞത്. എന്നാൽ കല്ലെറിഞ്ഞതിന് പ്രത്യേക കാരണമൊന്നുമില്ലെന്നാണ് സർവേഷ് പൊലിസിനോട് പറഞ്ഞത്.

നേത്രാവതി എക്സ്പ്രസ്, ചെന്നൈ സൂപ്പർ ഫാസ്റ്റ് ട്രെയിനുകൾക്ക് ഞായറാഴ്ച വൈകിട്ട് ഏഴിനും ഏഴരയ്ക്കും ഇടയിലാണ് ഇയാൾ കല്ലെറിഞ്ഞത്. ഇരുന്നൂറോളം സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതിയെ തിരിച്ചറിഞ്ഞതെന്നു പൊലീസ് പറഞ്ഞു. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു.

കാസർകോട് നിന്നും തിരുവനന്തപുരത്തേക്കുള്ള യാത്രയ്ക്കിടെ മെയ്‌ 5ന് വൈകിട്ട് വളപട്ടണം റെയിൽവേ സ്റ്റേഷന്റെ രണ്ടാം പ്ലാറ്റ്ഫോമിനു സമീപം വന്ദേഭാരത് എക്സ്പ്രസിനു കല്ലേറുണ്ടായിരുന്നു. കഴിഞ്ഞവർഷം ജൂലൈ 19ന് വളപട്ടണം റെയിൽവേ പാലത്തിനു സമീപം ട്രാക്കിൽ മീറ്ററുകളോളം നീളത്തിൽ കരിങ്കല്ല് നിരത്തിയിട്ട് ട്രെയിൻ അപകടത്തിൽപ്പെടുത്താൻ ശ്രമമുണ്ടായിരുന്നു. കല്ലേറിൽ യാത്രക്കാർക്കും ലോക്കോ പൈലറ്റുമാർക്കും റെയിൽവേ ഉദ്യോഗസ്ഥർക്കുമെല്ലാം പരുക്കേറ്റ സംഭവങ്ങളും ഒട്ടേറെയുണ്ട്. .

2022 ഓഗസ്റ്റ്-സെപ്റ്റംബർ മാസങ്ങളിൽ റെയിൽവേ സുരക്ഷാസേന 5 കേസുകളാണെടുത്തത്. ഓഗസ്റ്റ് 20ന് കോട്ടിക്കുളത്ത് ട്രാക്കിൽ ഇരുമ്പുപാളി വച്ചത് ശ്രദ്ധയിൽപ്പെട്ടിരുന്നു. അന്നുതന്നെ ചിത്താരിയിൽ ട്രെയിനിനു നേരെ കല്ലേറുമുണ്ടായി. ജൂലൈ 17ന് കുമ്പളയിൽ ട്രാക്കിൽ കല്ലും ക്ളോസറ്റും നിരത്തിയതും കണ്ടെത്തിയിരുന്നു. കണ്ണൂരിനും കാസർകോടിനുമിടയിൽ യാത്രക്കാർക്ക് ഭീഷണി ആയി മാറിയിരിക്കുകയാണ് ട്രെയിനുകൾക്കു നേരെ നടക്കുന്ന കല്ലേറ്. കല്ലേറ് അടിക്കടി റിപ്പോർട്ട് ചെയ്യുമ്പോഴും അക്രമികളെ കണ്ടെത്താൻ പോലും സാധിക്കാത്തത് യാത്രക്കാരിൽ ആശങ്കയുണ്ടാക്കിയിരുന്നു.

നേരത്തെ കേരളാ അതിർത്തിയോട് ചേർന്ന് മഞ്ചേശ്വരം, ഉപ്പള മേഖലകളിലാണ് ട്രെയിനുകൾക്കു നേരെയുള്ള കല്ലേറ് നിരന്തരം റിപ്പോർട്ട് ചെയ്തിരുന്നത്. അടുത്തിടെ ഇത് കണ്ണൂർ ജില്ലയുടെ പല ഭാഗങ്ങളിലും ആവർത്തിച്ച് തുടങ്ങി. ഓടിക്കൊണ്ടിരിക്കുന്ന വണ്ടിക്കകത്ത് സുരക്ഷ ഇല്ലെന്നതാണ് നിലവിലെ സാഹചര്യം. കഴിഞ്ഞ രണ്ടു ദിവസത്തിനിടെ കണ്ണൂരിനും കാഞ്ഞങ്ങാടിനുമിടയിൽ നാലു വണ്ടികൾക്കു നേരേയാണ് കല്ലേറ് ഉണ്ടായത്. ആർക്കും പരിക്കേറ്റിട്ടില്ലെങ്കിലും ഇതോടെ യാത്രക്കാരുടെ മനസ്സിൽ ഭീതി ശക്തമായിട്ടുണ്ട്.

സാമൂഹ്യ വിരുദ്ധരുടെ താവളമായി റെയിൽ പാളങ്ങൾ മാറിയതോടെ സുരക്ഷിതത്വം ഉറപ്പു വരുത്തുന്നത് വെല്ലുവിളിയാണ്. അടുത്തിടെയുണ്ടായ സംഭവങ്ങൾ ഓരോന്നും വിരൽ ചൂണ്ടുന്നതും ഇതിലേക്കാണ്. യാത്രക്കാരുടെ സുരക്ഷ ഉറപ്പു വരുത്താനുള്ള ഉത്തരവാദിത്തം റെയിൽവെക്ക് തന്നെയാണ്. അക്രമം നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിച്ചാലേ റെയിൽവെ പറയുന്ന പോലെ യാത്രകൾ ശുഭകരമാകൂവെന്നാണ് പാസഞ്ചേഴ്സ് അസോസിയേഷൻ ഭാരവാഹികൾ ചൂണ്ടിക്കാണിക്കുന്നത്. അറസ്റ്റിലായ സർവേഷിനെ വൈദ്യപരിശോധനയ്ക്കു വിധേയനാക്കിയതിനു ശേഷം പൊലിസ് കണ്ണൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.