കണ്ണൂർ: നാടിനെ നടുക്കിയ വയോധികയുടെ കൊലപാതക കേസിലെ പ്രതിയായ ഭർത്താവ് അറസ്റ്റിൽ. പേരാവൂർ തൊണ്ടി ഗ്രാമത്തെ നടുക്കിയാണ് വീട്ടമ്മയുടെ അരുംകൊലയുടെ വാർത്ത പുറം ലോകമറിഞ്ഞത്. വീട്ടിൽ നിന്നും വീട്ടമ്മയെ വെട്ടിക്കൊന്ന ഭർത്താവിന്റെ അറസ്റ്റു പൊലിസ് രേഖപ്പെടുത്തിയിട്ടുണ്ട്.

തൊണ്ടി കുട്ടിച്ചാത്തൻ കണ്ടിയിൽ ജോണിനെയാ(64)ണ് അറസ്റ്റു ചെയ്തത്. കൊലപാതകത്തിനു ശേഷം രക്ഷപ്പെട്ട ഇയാളെ ശനിയാഴ്‌ച്ച രാത്രി ഏഴുമണിയോടെ വീടിനടുത്തുള്ള റബർ തോട്ടത്തിൽ നിന്നാണ് നാട്ടുകാരുടെ സഹായത്തോടെ പേരാവൂർ പൊലിസ് കസ്റ്റഡിയിലെടുത്തത്. ശനിയാഴ്‌ച്ച വൈകിട്ട് നാലരയോടെയാണ് നാടിനെ നടുക്കിയ കൊലപാതകമുണ്ടായത്. കുട്ടിച്ചാത്താൻ കണ്ടിയിലെ മുണ്ടയ്ക്കൽ ലില്ലിയാ(60)ണ് കൊല്ലപ്പെട്ടത്.

പനി ബാധിച്ചു ആശുപത്രിയിലായിരുന്ന ലില്ലിക്കുട്ടി (60) കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയ്ക്കു ശേഷം മടങ്ങിയെത്തിയപ്പോഴാണ് കൊലപാതകം നടന്നത്. കാറിൽ നിന്നും ഇറങ്ങി വീട്ടിലേക്ക് കയറുമ്പോഴാണ് ഇവരെ ഭർത്താവ് ജോൺ കൊടുവാൾ കൊണ്ടു വെട്ടിയത്. ഇവരുടെ കൂടെയുണ്ടായിരുന്ന മകൻ ദിപീഷിന്റെ ഭാര്യാസഹോദരൻ ഉളിക്കൽ വാരിത്തടത്തിൽ അനൂപിനെയും(25) വെട്ടിപരുക്കേൽപ്പിച്ചു. അനൂപ് പേരാവൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. പനിബാധിച്ചു കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ദിവസങ്ങളായി ചികിത്സയിലായിരുന്നു ലില്ലിക്കുട്ടി. ശനിയാഴ്‌ച്ച വൈകുന്നേരം ഡിസ്ചാർജായി അനൂപിനൊപ്പം കാറിൽ വീട്ടിലെത്തിയതായിരുന്നു.

കാറിൽ നിന്നിറങ്ങി വീട്ടിലേക്ക് കയറുമ്പോഴാണ് ജോൺ ഇവരെ വെട്ടിയത്. ഇതു തടയുന്നതിനിടെയാണ് അനൂപിനും വെട്ടേറ്റത്. പരിഭ്രാന്തനായ ഇയാൾ ഉടൻ പുറത്തേക്ക് ഓടിയതിനു ശേഷം ലില്ലിക്കുട്ടിയെ വീണ്ടും വെട്ടികൊല്ലുകയായിരുന്നു. നിലവിളി കേട്ടെത്തിയ അയൽവാസികൾ ലില്ലിക്കുട്ടിയെ പേരാവൂർ ആശുപത്രിയിലെത്തിച്ചുവെങ്കിലും മരണമടയുകയായിരുന്നു.

സംഭവത്തിനു ശേഷം രക്ഷപ്പെടാൻ ശ്രമിച്ച ജോണിനെ വീടിനടുത്തുള്ള റബർ തോട്ടത്തിൽ ഒളിച്ചിരിക്കുമ്പോഴാണ് പേരാവൂർ പൊലിസ് നാട്ടുകാരുടെ സഹായത്തോടെ നടത്തിയ തെരച്ചിലിൽ കണ്ടെത്തി കസ്റ്റഡിയിലെടുക്കുന്നത്. കൊലപാതകം നടന്ന വീട്ടിൽ ജോണും ലില്ലിക്കുട്ടിയും മാത്രമാണ് താമസിച്ചിരുന്നത്. ഇയാൾക്ക് മാനസിക അസ്വസ്ഥതയുള്ളതായി പൊലിസിന്റെ പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.

ഇതിനായി ചികിത്സയിലിരിക്കെയാണ് കൊലപാതകം നടന്നതെന്നാണ് പേരാവൂർ പൊലിസ് സംശയിക്കുന്നത്. ദീപ്തി(യു.കെ) ദിപീഷ്(കുവൈത്ത് ) എന്നിവരാണ് ജോൺ-ലില്ലിക്കുട്ടി ദമ്പതികളുടെ മക്കൾ. സംസ്‌കാരം പോസ്റ്റു മോർട്ടം നടപടികൾക്കു ശേഷം പിന്നീട് നടക്കും.