- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
പെരുനാട് പീഡനം: ഒരു ഡിവൈഎഫ്ഐ നേതാവ് കൂടി അറസ്റ്റിൽ
പത്തനംതിട്ട: പ്ലസ് വണിന് പഠിക്കുന്ന പതിനാറുകാരിയെ സമൂഹമാധ്യമം വഴി പരിചയപ്പെടുകയും പീഡിപ്പിക്കുകയും ചെയ്തുവെന്ന പരാതിയിൽ രണ്ടു പേർ കൂടി അറസ്റ്റിൽ. ഇതോടെ ആകെ അറസ്റ്റിലായവരുടെ എണ്ണം ഏഴായി. 13 പേരെക്കൂടി പിടികൂടാനുണ്ട്. ആറാം പ്രതി ചിറ്റാർ സ്വദേശി ആഷിഖ് ആസാദ്, 20-ാം പ്രതി കോന്നി സ്വദേശി നവനീത് എന്നിവരാണ് ഇന്ന് അറസ്റ്റിലായത്. ചിറ്റാർ സ്വദേശി അനന്തുവിനെ ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. ആറാം പ്രതി ആഷിഖ് ഡിവൈഎഫ്ഐ നേതാവാണ്.
കേസിൽ പ്രതിയായി എന്നറിഞ്ഞതോടെ ഇയാൾ സമൂഹമാധ്യമ അക്കൗണ്ടുകൾ ഡിലീറ്റ് ചെയ്തിരുന്നു. ഡിവൈഎഫ്ഐയുടെ പേജുകളിൽ നിന്നും ഇയാൾ ഉൾക്കൊള്ളുന്ന ചിത്രങ്ങൾ അപ്രത്യക്ഷമായി. ആകെ 20 പ്രതികളുള്ള പെരുനാട് പീഡനക്കേസിൽ അറസ്റ്റിലാകുന്ന രണ്ടാമത്തെ ഡിവൈഎഫ്ഐ നേതാവാണ് ആഷിഖ്. പെരുനാട് മേഖലാ പ്രസിഡന്റ് ജോയൽ തോമസിനെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. കെഎസ്ഇബി ഉദ്യോഗസ്ഥനായ മുഹമ്മദ് റാഫി, പ്രായപൂർത്തിയാകാത്ത ആൾ, കാരികയം സ്വദേശി സജാദ് എന്നിവരാണ് കഴിഞ്ഞ ദിവസങ്ങളിൽ അറസ്റ്റിലായിട്ടുള്ളത്.
സിപിഎമ്മിനും ഡിവൈഎഫ്ഐക്കും വൻതിരിച്ചടിയാണ് പോക്സോ കേസിൽ ഡിവൈഎഫ്ഐ നേതാക്കളുടെ അറസ്റ്റ്. മേഖലാ പ്രസിഡന്റ് ജോയൽ തോമസ് കീഴടങ്ങുകയായിരുന്നു. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടും മാധ്യമങ്ങൾക്ക് നൽകിയില്ല. ഈ വിവരം സ്ഥിരീകരിക്കാൻ പോലും റാന്നി ഡിവൈഎസ്പി അടക്കം മടിക്കുകയായിരുന്നു. എന്നാൽ, പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ മൊഴിയുള്ളതിനാൽ ജോയലിനെ അറസ്റ്റ് ചെയ്യാൻ പൊലീസ് നിർബന്ധിതരാവുകയായിരുന്നു. പക്ഷേ, മറച്ചു വച്ചതിന്റെ ഇരട്ടി വിവരങ്ങളുമായി മാധ്യമങ്ങൾ വാർത്ത നൽകിയതോടെ പൊലീസിന്റെ രക്ഷാപ്രവർത്തനം വൃഥാവിലായി.
ആഷിഖിന്റെ കാര്യത്തിലും ഇതേ നയം തന്നെയാണ് പൊലീസ് പിന്തുടരുന്നത്. സോഷ്യൽ മീഡിയയിൽ നിന്നടക്കം ചിത്രങ്ങൾ നീക്കിയെങ്കിലും പ്രയോജനമില്ല. ആഷിഖിന്റെ ചിത്രങ്ങൾ വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്നുണ്ട്. 2021 ജൂൺ മുതൽ കഴിഞ്ഞ മാസം വരെയാണ് പെൺകുട്ടിക്ക് പലരിൽ നിന്നും ലൈംഗിക പീഡനം നേരിടേണ്ടി വന്നിരിക്കുന്നത്. പെൺകുട്ടിയുടെ മൊഴി പ്രകാരം 20 പ്രതികളാണുള്ളത്. ഇതിൽ 16 പേർ ലൈംഗിക പീഡനം നടത്തിയിട്ടുണ്ട്. ശേഷിച്ച നാലു പേർ കുട്ടിയുടെ നഗ്നവീഡിയോയും ദൃശ്യങ്ങളും പ്രചരിപ്പിച്ചവരാണ്.
പത്തനംതിട്ട ടൗണിലെ സ്റ്റാർ ഹോട്ടലിന്റെ പാർക്കിങ് ഏരിയയിൽ കാറിൽ വച്ച് പീഡിപ്പിച്ചുവെന്നാണ് പൊലീസിന് നൽകിയിരിക്കുന്ന മൊഴി എന്നറിയുന്നു. അതിജീവതയ്ക്ക് 16 വയസാണുള്ളത്. പത്തനംതിട്ട, കണ്ണൂർ, കോട്ടയം ജില്ലകളിൽ നിന്നുള്ളവരാണ് പ്രതികൾ. ചെറുപ്രായത്തിൽ തന്നെ കുട്ടിയെ പിതാവ് ഉപേക്ഷിച്ചു പോയി. മാതാവ് വിദേശത്താണുള്ളത്. 16 വയസുള്ള കുട്ടി അമ്മയുടെ മാതാപിതാക്കൾക്കൊപ്പമാണ് കഴിയുന്നത്.