തിരുവല്ല: ബന്ധുവിനെ അസഭ്യം വിളിക്കുകയും വെടിയുതിർക്കുകയും ചെയ്ത സംഭവത്തിൽ അറസ്റ്റിലായ ചുങ്കപ്പാറ മണ്ണിൽ വീട്ടിൽ റോബിൻ ജോസഫി(41)നെ റിമാൻഡ് ചെയ്തേക്കും. ബന്ധുവായ കോശി തോമസിനെതി(41)രേ ഞായറാഴ്ച രാത്രി 10 മണിയോടെയാണ് റോബിൻ നിറയൊഴിച്ചത്. റോബിന്റെ വീടിന്റെ മുന്നിൽ വച്ചാണ് സംഭവം. മദ്യലഹരിയിലായിരുന്ന റോബിൻ മദ്യപിച്ച് കോശിയെ അസഭ്യം വിളിച്ചു. തുടർന്ന് വീട്ടിൽ പോയി തോക്ക് എടുത്തു കൊണ്ട് വന്ന് വെടിവയ്ക്കുകയായിരുന്നെന്ന് കോശി പറയുന്നു.

റോബിന്റെ കൈവശമുള്ളത് കളിത്തോക്ക് ആണെന്നാണ് കോശി കരുതിയിരുന്നത്. ലൈസൻസില്ലാത്ത നാടൻ തോക്കാണിതെന്ന് പൊലീസ് പറയുമ്പോഴാണ് അറിയുന്നത്. മദ്യലഹരിയിൽ റോബിൻ വെല്ലുവിളിച്ചപ്പോൾ വക്കടാ വെടിയെന്ന് പറഞ്ഞ് നെഞ്ചും വിരിച്ച് നിന്ന കോശി പൊലീസ് തോക്കിനെ കുറിച്ച് പറയുമ്പോൾ ഭയന്നു. റോബിൻ കോശിയുടെ വശങ്ങളിലേക്കും നിലത്തേക്കുമാണ് വെടിയുതിർത്തത്. കോശിക്ക് നേരെയെങ്ങാനുമായിരുന്നെങ്കിൽ കളി മാറുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞപ്പോൾ ജീവൻ തിരിച്ചു കിട്ടിയതിന്റെ ആശ്വാസത്തിലാണ് അദ്ദേഹം.

ആംസ് ആക്ടും 307 വകുപ്പും ചുമത്തിയാണ് റോബിനെതിരേ കേസ് എടുത്തിട്ടുള്ളതെന്ന് പെരുമ്പെട്ടി ഇൻസ്പെക്ടർ എം.ആർ. സുരേഷ് പറഞ്ഞു. രണ്ടു റൗണ്ട് ആണ് വെടിയുതിർത്തിട്ടുള്ളത്. ഒരു റൗണ്ടിൽ ഒരു ബുള്ളറ്റ് മാത്രമാണ് പുറത്തേക്ക് വരിക. തോക്കും ബുള്ളറ്റുകളും പൊലീസ് കണ്ടെടുത്തു. റോബിന്റെ പിതാവിന് തോക്ക് ലൈസൻസുണ്ടായിരുന്നു. റോബിന് ലൈസൻസില്ല. നാടൻ തോക്കാണിതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഫോറൻസിക് പരിശോധനയ്ക്ക് ശേഷമേ എവിടെ നിർമ്മിച്ചതാണെന്ന് അറിയാൻ കഴിയൂ.

ചുങ്കപ്പാറപെരുമ്പെട്ടി റോഡിൽ വച്ചാണ് റോബിൻ വെടിയുതിർത്തത്. റിവോൾവർ മോഡൽ തോക്കു കൊണ്ട് കോശിതോമസ് നിന്നതിന് സൈഡിലേക്കും റോഡിലേക്കും വെടി വയ്ക്കുകയായിരുന്നു. ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു. റോബിൻ വർഷങ്ങളായി അമേരിക്കയിലായിരുന്നു. തിരികെ നാട്ടിൽ വന്നിട്ട് 10 വർഷത്തോളമായി. പ്രത്യേകിച്ച് ജോലിയൊന്നുമില്ലാതെ എല്ലാവരിൽ നിന്നും അകന്നു ജീവിക്കുന്നയാളാണ് റോബിൻ. കുടുംബക്കാർ തന്നെ ഒറ്റപ്പെടുത്തുന്നുവെന്ന് ആരോപിച്ച് ഇയാൾ മദ്യപിച്ച് ബന്ധുക്കളെയെല്ലാം അസഭ്യം പറയുന്നത് പതിവാണ്. വെടി വയ്ക്കുന്നതിന് ഉപയോഗിച്ച തോക്ക്, ലൈസൻസ് ഇല്ലാത്തതാണ്.

വെടിയൊച്ച കേട്ട് അയൽവാസികൾ ഓടി കൂടിയപ്പോൾ റോബിൻ തോക്ക് അടുത്തുള്ള കാട്ടിലേക്ക് എറിഞ്ഞു കളഞ്ഞു. പൊലീസ് റോബിനെ കസ്റ്റഡിയിൽ എടുത്തു. തെരച്ചിലിൽ തോക്കും കണ്ടു കിട്ടി.