- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
റിയാസിന് തോക്കുകൾ കൈമാറിയത് പെരുമ്പാവൂർ അനസ്
കൊച്ചി: എളുപ്പത്തിൽ കാശുണ്ടാക്കാൻ എന്തും ചെയ്യാൻ മടിയില്ലാത്ത ആളാണ് കുപ്രസിദ്ധ ഗൂണ്ടാത്തലവൻ പെരുമ്പാവൂർ അനസ്. പറവൂർ മാഞ്ഞാലിയിലെ വീട്ടിൽ നിന്നും തോക്കും പണവും ഭീകരവിരുദ്ധ സ്‌ക്വാഡും, പൊലീസും പിടികൂടിയതോടെ അനസ് വീണ്ടും വാർത്തകളിൽ നിറയുകയാണ്.
മാഞ്ഞാലിയിലെ വീട്ടിൽ നിന്നും രണ്ട് റിവോൾവറും, രണ്ട് എയർ പിസ്റ്റളും, എട്ട് ലക്ഷത്തി എൺപത്തി അയ്യായിരം രൂപയും പിടികൂടിയിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് വീട്ടുടമ മാഞ്ഞാലി കൊച്ചു കുന്നുംപുറം വലിയ വീട്ടിൽ റിയാസ് (38) നെ ആലുവ വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തു. തനിക്ക് തോക്ക് നൽകിയത് പെരുമ്പാവൂർ അനസ് ആണെന്നാണ് ഇയാളുടെ മൊഴി.
ഹവാല, കൊലപാതക ശ്രമം, ക്വട്ടേഷൻ അടക്കമുള്ള നിരവധി കേസുകളിൽ പ്രതിയാണ് അനസ്. കുറച്ചു കാലമായി ദുബായ് കേന്ദ്രീകരിച്ചാണ് പ്രവർത്തനം. നേപ്പാൾ വഴി വ്യാജ പാസ്‌പോർട്ട് ഉപയോഗിച്ചാണ് അനസ് വിദേശത്തേക്ക് കടന്നതെന്ന് സംശയിക്കുന്നു. കേരളത്തിൽ ഒട്ടേറെ പേരിൽനിന്ന് അനസും സംഘവും വൻ സാമ്പത്തിക തട്ടിപ്പ് നടത്തി കോടികൾ സമ്പാദിച്ചെന്നും ഈ പണമുപയോഗിച്ച് ദുബായിൽ സൂപ്പർ മാർക്കറ്റ് തുടങ്ങിയിട്ടുണ്ടെന്നും സംഘാംഗങ്ങളിൽ ഒരാൾ വെളിപ്പെടുത്തിയിരുന്നു.
അനസ് ദുബായിൽ ആരംഭിച്ചതെന്ന് സമൂഹമാധ്യമത്തിൽ പ്രചരിക്കുന്ന സൂപ്പർ മാർക്കറ്റിന്റെ ഉദ്ഘാടന ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. സോഷ്യൽ മീഡിയയിൽ വലിയ ഫോളോവേഴ്‌സാണ് അനസിനുള്ളത്. ആഡംബര കാറുകളിൽ കൂട്ടാളികളുടെ വലിയ സംഘത്തിനൊപ്പം സഞ്ചരിക്കുകയും ഇത് ഫോട്ടോഷൂട്ട് നടത്തി റീൽസ് ഇറക്കുകയും ചെയ്താണ് അനസ് ചെറുപ്പക്കാരെ സംഘത്തിലേക്ക് ആകർഷിച്ചിരുന്നത്.
മാഞ്ഞാലി സംഭവത്തിൽ റിയാസ്‌നെ ആലുവ കോടതിയിൽ ഹാജരാക്കും. എ.ടി.എസ് ഡി ഐ ജി പുട്ട വിമലാദിത്യയ്ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ എറണാകുളം റൂറൽ ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്‌സേനയുടെ നേതൃത്വത്തിലായിരുന്നു പരിശോധന. മുപ്പതോളം തിരകളും, കത്തികളും കണ്ടെടുത്തു. മാവിൻ ചുവട് മുബാറക്ക് വധക്കേസ് ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയാണ്.
ലക്ഷ്യമിടുന്നത് അനസിനെ
വരും ദിവസങ്ങളിലും അനസിന്റെ കൂട്ടാളികളെ പിടികൂടാനുള്ള നീക്കം സജീവമാക്കും. സംസ്ഥാനത്ത് സംഘടിത കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരുടെ പ്രവർത്തനങ്ങളെക്കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായിരുന്നു നടപടികൾ. ഇതിന്റെ ഭാഗമായി പെരുമ്പാവൂർ അനസിന്റെ കൂട്ടാളികളുടെയും ബന്ധുക്കളുടെയും വീടുകളിൽ നടത്തിയ റെയ്ഡിലാണ് റിയാസ് പിടിയിലാകുന്നത്.
കൊച്ചി ബ്യൂട്ടി പാർലർ വെടിവയ്പ് കേസിലെ പ്രതിയുമായ എളമക്കര താന്നിക്കൽ സ്വദേശി നെല്ലിക്കാപ്പള്ളി വീട്ടിൽ അൽത്താഫിന്റെ വീട്ടിൽ നടത്തിയ റെയ്ഡിൽ റിവോൾവർ സൂക്ഷിക്കുന്നതിനുള്ള ഉറയും കൈവിലങ്ങുകളും എയർ പിസ്റ്റലിൽ ഉപയോഗിക്കാവുന്ന ഒരു ബോക്സ് പെല്ലറ്റുകളും കണ്ടെത്തി. ഇയാളും അനസിന്റെ അനുയായിയാണ്.
അനസുമായി ബന്ധമുള്ള ഒരാൾ താമസിച്ചിരുന്ന തമിഴ്‌നാട്ടിലെ ആനമലയിലുള്ള വീട്ടിൽ ഇപ്പോൾ താമസിക്കുന്ന ഗുരുവായൂരിലെ ഫ്ളാറ്റിലും നടത്തിയ റെയ്ഡിൽ ആനമലയിലെ വീട്ടിൽ നിന്നും ഒരു വടിവാൾ തമിഴ്‌നാട് പൊലീസ് കണ്ടെടുത്തു. അനസിന്റെ മറ്റൊരു കൂട്ടാളി മഞ്ചേരി സ്വദേശി നിസാറിന്റെ കൈവശം അനധികൃതമായി തോക്കുകൾ സൂക്ഷിച്ചിട്ടുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ നിസാറിന്റെ വീട്ടിലും നിസാർ ജോലിചെയ്തിരുന്ന രാജാക്കാട്ടുള്ള ഒരു റിസോർട്ടിലും സുഹൃത്തിന്റെ തമിഴ്‌നാട്ടിലെ മേട്ടുപ്പാളയത്തുള്ള വീട്ടിലും ഭീകരവിരുദ്ധ സ്‌ക്വാഡ് തിരച്ചിൽ നടത്തി.
വയനാട്ടിലെ കൽപ്പറ്റ പൊലീസ് സ്റ്റേഷൻ പരിധിയിൽ അനസും കൂട്ടാളികളും താമസിച്ചിരുന്ന റിസോർട്ടിന്റെ പിന്നിൽ തോക്കുകൾ കുഴിച്ചിട്ടുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇവിടെയും പരിശോധന നടത്തിയിരുന്നു. ഇപ്പോൾ ഗൾഫിലുള്ള അനസിന്റെ അടുത്ത സുഹൃത്തായ പെരുമ്പാവൂർ സ്വദേശി ഷാജി പാപ്പൻ എന്നയാളുടെ പെരുമ്പാവൂരിലുള്ള വീട്ടിലും പരിശോധന നടത്തി. റെയ്ഡ് വിവരം പുറത്തായതോടെ ഒളിവിൽ പോയ മറ്റ് പ്രതികൾക്കായുള്ള അന്വേഷണം നടക്കുകയാണ്.
അനസ് വിദേശത്തേക്ക് കടന്നത് എങ്ങനെ?
പെരുമ്പാവൂർ അനസ് എന്ന ഗുണ്ടാതലവൻ ഗൾഫിലേയ്ക്ക് കടന്നത് എങ്ങനെയെന്ന് കേന്ദ്ര ഏജൻസികൾ അന്വേഷിച്ചുവരികയാണ്. വ്യാജ പാസ്പോർട്ട് ഉപയോഗിച്ചെന്ന ആരോപണത്തെ ഗൗരവത്തോടെയാണ് കാണുന്നത്. അനസ് ദുബായിലേയ്ക്ക് കടന്നതായി ഗുണ്ടാനേതാവ് ഔറംഗസേബ് വെളിപ്പെടുത്തിയിരുന്നു. ഇന്റർപോളിനെ വിവരം അറിയിച്ചുകഴിഞ്ഞു. അനസിനെ കണ്ടെത്തി എത്രയും വേഗം എങ്ങനെയാണ് ദുബായിൽ എത്തിയതെന്ന് കണ്ടെത്തും. ഔറംഗസേബിന്റെ വെളിപ്പെടുത്തലിനെ തുടർന്ന് അനസ് സുരക്ഷിത കേന്ദ്രത്തിലേക്ക് മാറിയെന്നാണ് സൂചന.
ബിസിനസ് സംരംഭത്തിന്റെ ഉദ്ഘാടനത്തിന് സിനിമാ താരങ്ങൾക്കൊപ്പം അനസും അതിഥിയായി എത്തിയിരുന്നു. ശ്വോതാ മേനോൻ, മാളവിക മേനോൻ, സ്വാസിക, വിനയ് ഫോർട്ട്, ഷിയാസ് കരീം എന്നിവർക്കൊപ്പമാണ് അനസും ചടങ്ങിൽ പങ്കെടുത്തത്. ഈ ബിസിനസിൽ അനസിനും പങ്കുണ്ടെന്ന ആരോപണമുണ്ട്. എന്നാൽ അനസിന് ബിസിനസിൽ പങ്കില്ലെന്നും ഒരു ഇൻസ്റ്റഗ്രാം താരമെന്ന നിലയിൽ ക്ഷണിച്ചതാണെന്നുമാണ് കോഴിക്കോട് സ്വദേശിയായ വ്യവസായി മുഫിയുടെ വിശദീകരണം.
നിരവധി ക്രിമിനൽ കേസിൽപ്പെട്ട് കേരളത്തിൽ നിന്ന് മുങ്ങിയ പെരുമ്പാവൂർ അനസ്, ദുബായിൽ നിന്ന് സ്വർണ്ണക്കടത്തിന് ലക്ഷ്യമിടുന്നതായും സൂചനയുണ്ട്. പെരുമ്പാരൂരിലെ റെഡിമെയ്ഡ് ഷോപ്പിലെ സെയിൽസ്മാൻ എന്ന നിലയിൽ നിന്നാണ് വലിയ ഗുണ്ടാ നേതാവായി അനസ് മാറിയത്. കളമശ്ശേരി ബസ് കത്തിക്കൽ കേസിലെ പ്രതികളുമായി ബന്ധമുണ്ടെന്ന സംശയത്തിന്റെ പേരിൽ ജയിലായതോടെയാണ് അനസിന്റെ ജീവിതം മാറിമറിഞ്ഞത്. ജയിലിൽ നിന്ന് അനസ് നേരെയിറങ്ങിയത് ഗുണ്ടാപ്രവർത്തനത്തിലേക്കാണ്. കേരളത്തിന് പുറത്തും അനസിന് വേരുകളുണ്ട്. രവി പൂജാരിയുടെ സംഘവുമായി ബന്ധമുണ്ടെന്നും ആരോപണമുണ്ട്. ഇത്തരത്തിലൊരു വ്യക്തിയാണ് ഗൾഫിലേക്ക് കടന്നത്. ഇത് സുരക്ഷാ സംവിധാനങ്ങളുടെ വീഴ്ചയായി കേന്ദ്ര ഏജൻസികൾ വിലയിരുത്തുന്നു.
പെരുമ്പാവൂർ വലിയകുളം സ്വദേശി സി.എസ്. ഉണ്ണിക്കുട്ടനെ കൊന്ന കേസിലും പ്രതിയാണ്. തനിക്കെതിരേ പൊലീസിന്റെ ഇൻഫോമറായി പ്രവർത്തിക്കുന്നതെന്ന് സംശയം വന്നു. അയാളെ പിന്നീട് മംഗളൂരുവിൽ കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തി. ഈ കേസിൽ അനസ് ഏതാനും മാസങ്ങൾ മാത്രമാണ് ജയിലിൽക്കിടന്നത്. കൊലപാതകം, സ്ത്രീയെ ഉൾപ്പെടെ തട്ടിക്കൊണ്ടുപോവൽ, ആയുധം കൈവശംവെക്കൽ തുടങ്ങി 11 കേസുകൾ നെടുംതോട് കരയിൽ പാലക്കൽ വീട്ടിൽ അൻസീർ എന്ന അനസിന്റെ പേരിലുണ്ട്. ഗുണ്ടാ ആക്ട് പ്രകാരവും ജയിൽശിക്ഷയനുഭവിച്ചിട്ടുണ്ട്..
എന്തും ചെയ്യാൻ തയാറായി നിൽക്കുന്നവരെയാണ് അനസ് ഉൾപ്പെടെയുള്ള ക്വട്ടേഷൻ സംഘാംഗങ്ങൾ കൂടെക്കൂട്ടുന്നത്. എല്ലാവരും ക്രിമിനൽ കേസുകളിലെ പ്രതികൾ തന്നെ. പൊലീസ് പിടികൂടിയാലും ദിവസങ്ങൾക്കുള്ളിൽ പ്രതികളെ ജയിലിൽ നിന്ന് മോചിപ്പിക്കാൻ ഇവർക്ക് കഴിയുന്നതോടെയാണ് യുവാക്കളും ഇവരുടെ വലയത്തിലേക്ക് ആകർഷിക്കപ്പെടുന്നത്. പ്രമുഖ ബിസിനസുകാരുമായും ഇത്തരം സംഘങ്ങൾക്ക് അടുത്ത ബന്ധമുണ്ട് .