- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
കൊച്ചിയിലെ മാഫിയാ തലവനെ കണ്ടെത്താൻ ഊർജ്ജിത ശ്രമം
കൊച്ചി: പെരുമ്പാവൂർ അനസ് എന്ന ഗുണ്ടാതലവൻ ഗൾഫിലേയ്ക്ക് കടന്നത് എങ്ങനെയെന്ന് കേന്ദ്ര ഏജൻസികൾ അന്വേഷിക്കും. വ്യാജ പാസ്‌പോർട്ട് ഉപയോഗിച്ചെന്ന ആരോപണത്തെ ഗൗരവത്തോടെയാണ് കാണുന്നത്. അനസ് ദുബായിലേയ്ക്ക് കടന്നതായി ഗുണ്ടാനേതാവ് ഔറംഗസേബ് വെളിപ്പെടുത്തിയിരുന്നു. ഇന്റർപോളിനെ വിവരം അറിയിക്കും. അനസിനെ കണ്ടെത്തി എത്രയും വേഗം എങ്ങനെയാണ് ദുബായിൽ എത്തിയതെന്ന് കണ്ടെത്തും. ഔറംഗസേബിന്റെ വെളിപ്പെടുത്തലിനെ തുടർന്ന് അനസ് സുരക്ഷിത കേന്ദ്രത്തിലേക്ക് മാറിയെന്നാണ് സൂചന.
ബിസിനസ് സംരംഭത്തിന്റെ ഉദ്ഘാടനത്തിന് സിനിമാ താരങ്ങൾക്കൊപ്പം അനസും അതിഥിയായി എത്തിയിരുന്നു. ശ്വോതാ മേനോൻ, മാളവിക മേനോൻ, സ്വാസിക, വിനയ് ഫോർട്ട്, ഷിയാസ് കരീം എന്നിവർക്കൊപ്പമാണ് അനസും ചടങ്ങിൽ പങ്കെടുത്തത്. ഈ ബിസിനസിൽ അനസിനും പങ്കുണ്ടെന്ന ആരോപണമുണ്ട്. എന്നാൽ അനസിന് ബിസിനസിൽ പങ്കില്ലെന്നും ഒരു ഇൻസ്റ്റഗ്രാം താരമെന്ന നിലയിൽ ക്ഷണിച്ചതാണെന്നുമാണ് കോഴിക്കോട് സ്വദേശിയായ വ്യവസായി മുഫിയുടെ വിശദീകരണം. ഈ സാഹചര്യത്തിൽ യുഎഇ സർക്കാരിനേയും ഇക്കാര്യം കേന്ദ്ര ഏജൻസികൾ അറിയിക്കും.
നടൻ ഷിയാസ് കരീമുമായി അനസ്സിന് വലിയ ബന്ധമെന്നാണ് ഇയാളുടെ സംഘാംഗമായിരുന്ന ഔറംഗസേബിന്റെ വെളിപ്പെടുത്തൽ. നിരവധി ക്രിമിനൽ കേസിൽപ്പെട്ട് കേരളത്തിൽ നിന്ന് മുങ്ങിയ പെരുമ്പാവൂർ അനസ്, ദുബായിൽ നിന്ന് സ്വർണ്ണക്കടത്തിന് ലക്ഷ്യമിടുന്നതായും സൂചനയുണ്ട്. എന്നാൽ ആരോപങ്ങൾ ഷിയാസ് കരിം നിഷേധിക്കുന്നു. അനസിനെ അറിയാമെന്നും അത് പെരുമ്പാവൂരുകാരനെന്ന നിലയിലാണെന്നും പറയുന്നു. ഈ സാഹചര്യത്തിൽ ഷിയാസ് കരിമിൽ നിന്നും കേന്ദ്ര ഏജൻസികൾ വിവരം തേടിയേക്കും.
പെരുമ്പാരൂരിലെ റെഡിമെയ്ഡ് ഷോപ്പിലെ സെയിൽസ്മാൻ എന്ന നിലയിൽ നിന്നാണ് വലിയ ഗുണ്ടാ നേതാവായി അനസ് മാറിയത്. കളമശ്ശേരി ബസ് കത്തിക്കൽ കേസിലെ പ്രതികളുമായി ബന്ധമുണ്ടെന്ന സംശയത്തിന്റെപേരിൽ ജയിലായതോടെയാണ് അനസിന്റെ ജീവിതം മാറിമറിഞ്ഞത്. ജയിലിൽനിന്ന് അനസ് നേരെയിറങ്ങിയത് ഗുണ്ടാപ്രവർത്തനത്തിലേക്കാണ്. കേരളത്തിന് പുറത്തും അനസിന് വേരുകളുണ്ട്. രവി പൂജാരിയുടെ സംഘവുമായി ബന്ധമുണ്ടെന്നും ആരോപണമുണ്ട്. ഇത്തരത്തിലൊരു വ്യക്തിയാണ് ഗൾഫിലേക്ക് കടന്നത്. ഇത് സുരക്ഷാ സംവിധാനങ്ങളുടെ വീഴ്ചയായി കേന്ദ്ര ഏജൻസികൾ വിലയിരുത്തുന്നു.
പെരുമ്പാവൂർ വലിയകുളം സ്വദേശി സി.എസ്. ഉണ്ണിക്കുട്ടനെ കൊന്ന കേസിലും പ്രതിയാണ്. തനിക്കെതിരേ പൊലീസിന്റെ ഇൻഫോമറായി പ്രവർത്തിക്കുന്നതെന്ന് സംശയംവന്നു. അയാളെ പിന്നീട് മംഗളൂരുവിൽ കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തി. ഈ കേസിൽ അനസ് ഏതാനും മാസങ്ങൾ മാത്രമാണ് ജയിലിൽക്കിടന്നത്. കൊലപാതകം, സ്ത്രീയെ ഉൾപ്പെടെ തട്ടിക്കൊണ്ടുപോവൽ, ആയുധം കൈവശംവെക്കൽ തുടങ്ങി 11 കേസുകൾ നെടുംതോട് കരയിൽ പാലക്കൽ വീട്ടിൽ അൻസീർ എന്ന അനസിന്റെ പേരിലുണ്ട്. ഗുണ്ടാ ആക്ട് പ്രകാരവും ജയിൽശിക്ഷയനുഭവിച്ചിട്ടുണ്ട്. ഇതെല്ലാം ഇന്റർപോളിനെ അറിയിക്കും.
എന്തും ചെയ്യാൻ തയാറായി നിൽക്കുന്നവരെയാണ് അനസ് ഉൾപ്പെടെയുള്ള ക്വട്ടേഷൻ സംഘാംഗങ്ങൾ കൂടെക്കൂട്ടുന്നത്. എല്ലാവരും ക്രിമിനൽ കേസുകളിലെ പ്രതികൾ തന്നെ. പൊലീസ് പിടികൂടിയാലും ദിവസങ്ങൾക്കുള്ളിൽ പ്രതികളെ ജയിലിൽ നിന്ന് മോചിപ്പിക്കാൻ ഇവർക്ക് കഴിയുന്നതോടെയാണ് യുവാക്കളും ഇവരുടെ വലയത്തിലേക്ക് ആകർഷിക്കപ്പെടുന്നത്. പ്രമുഖ ബിസിനസ് ആൾക്കാരുമായും ഇത്തരം സംഘങ്ങൾക്ക് അടുത്ത ബന്ധമുണ്ട് .