- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
കുഞ്ഞ് കരഞ്ഞപ്പോൾ വായ പൊത്തി; ബോധം മറഞ്ഞതോടെ ഉപേക്ഷിച്ചു
തിരുവനന്തപുരം: പേട്ടയിൽ രണ്ടു വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പിടിയിലായ പ്രതി ക്രിമിനൽ പശ്ചാത്തലമുള്ള ആളെന്ന് സൂചന. പ്രതിയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പൊലീസ് വെളിപ്പെടുത്തിയിട്ടില്ല. ഇന്ന് പുലർച്ചെ ഡിസിപിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. ഇക്കഴിഞ്ഞ ഫെബ്രുവരി 19നു പുലർച്ചെയാണ് ബിഹാർ സ്വദേശികളുടെ കുഞ്ഞിനെ കാണാതായത്. 20 മണിക്കൂറിനു ശേഷം കുഞ്ഞിനെ കൊച്ചുവേളി റെയിൽവേ സ്റ്റേഷനു സമീപമുള്ള ഓടയിൽ നിന്നാണ് കണ്ടെത്തിയത്.
പ്രതിയുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ വൈകുന്നേരം ആറിനു നടത്തുന്ന വാർത്താസമ്മേളനത്തിൽ സിറ്റി പൊലീസ് കമ്മിഷണർ പുറത്തുവിടുമെന്ന് പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. കഴിഞ്ഞ രണ്ടുദിവസമായി പ്രതിക്കു പിന്നാലെയായിരുന്നു അന്വേഷണസംഘം എന്നാണ് ലഭിക്കുന്ന വിവരം. ആറ്റുകാൽ പൊങ്കാലയുമായി ബന്ധപ്പെട്ട തിരക്കുകൾക്ക് ഇടയിലും പൊലീസ് വിശദമായ അന്വേഷണത്തിലായിരുന്നു. സിസി ടിവികൾ അടക്കം പരിശോധിച്ചുള്ള അന്വേഷണത്തിന് ഒടുവിലാണ് പ്രതിയിലേക്ക് പൊലീസ് എത്തിയത്.
ചോദ്യം ചെയ്യലിൽ കുട്ടിയെ തട്ടിക്കൊണ്ടുപോയത് താനാണെന്ന് പ്രതി സമ്മതിച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ടാഴ്ചയായി പ്രദേശത്തെ സിസിടിവികൾ അടക്കം പരിശോധിച്ചാണ് പൊലീസ് പ്രതിയെ പിടികൂടിയത്. ക്രിമിനൽ പശ്ചാത്തലമുള്ള വ്യക്തിയാണ് പ്രതിയെന്നാണ് പുറത്തുവരുന്ന സൂചനകൾ. എന്തിനാണ് കുട്ടിയെ തട്ടിക്കൊണ്ടു പോയത് എന്നത്് അടക്കമുള്ള കാര്യങ്ങൾ വിശദമായി അറിയേണ്ടതുണ്ട്.
കുട്ടിയെ ഉപദ്രവിക്കുക എന്ന ലക്ഷ്യത്തോടെയാണ് തട്ടിക്കൊണ്ടുപോയത് എന്നാണ് ചാനലുകൾ റിപ്പോർട്ടു ചെയ്യുന്നത്. കുട്ടി കരഞ്ഞതോടെ ഇയാൾ വായ പൊത്തിപ്പിടിച്ചു. കുഞ്ഞിന്റെ ബോധം മറഞ്ഞതോടെയാണ് ഓടയിൽ ഉപേക്ഷിച്ചത്. പ്രതി മലയാളി തന്നെയാണെന്നാണ് പുറത്തുവരുന്ന വിവരം. കുട്ടിയെ ഉപേക്ഷിച്ചു കളയാനുള്ള മറ്റൊരു സാഹചര്യം കൂടി ഉണ്ടായിട്ടുണ്ടെന്നും അത് എന്താണെന്ന് ആറു മണിക്ക് വാർത്താസമ്മേളനത്തിൽ വ്യക്തമാക്കുമെന്നും പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.
രണ്ടാഴ്ച നീണ്ട അന്വേഷണത്തിനൊടുവിലാണ് പൊലീസ് പ്രതിയെ വലയിലാക്കിയത്. കുട്ടിയെ തട്ടിക്കൊണ്ടു പോകുന്നവർ, അലഞ്ഞുതിരിഞ്ഞു നടക്കുന്നവർ തുടങ്ങിയവരെ കേന്ദ്രീകരിച്ചായിരുന്നു പരിശോധന. ഒരുഘട്ടത്തിൽ കുട്ടിയുടെ കുടുംബത്തിലേക്കു വരെ അന്വേഷണം നീണ്ടിരുന്നു. ബന്ധുക്കൾ ആരെങ്കിലും മാതാപിതാക്കളെ ഭീഷണിപ്പെടുത്താൻ കുട്ടിയെ തട്ടിക്കൊണ്ടുപോയതാണോ എന്നായിരുന്നു പൊലീസിന്റെ സംശയം. ഈ വിധത്തിലുള്ള സംശയങ്ങൾ എല്ലാം പിശോധിച്ചാണ് പ്രതിയിലേക്ക് പൊലീസ് എത്തിയത്.
കുഞ്ഞിനെ തട്ടിക്കൊണ്ടുപോയത് ഭിക്ഷാടന മാഫിയയാവാം എന്നതായിരുന്നു തുടക്കത്തിൽ പൊലീസിന്റെ നിഗമനം. കുഞ്ഞുങ്ങളെ വളർത്താനോ വില്പനയ്‌ക്കോ വേണ്ടി തട്ടിയെടുത്തതാവാനുള്ള സാധ്യതയും പൊലീസ് തള്ളിക്കളഞ്ഞില്ല. പൊലീസ് എല്ലാ സാധ്യതകളും പരിശോദിച്ചു.
കുഞ്ഞ് സ്വയം നടന്നുപോകാൻ സാധ്യതയില്ലെന്നും ആരോ ഉപേക്ഷിച്ചതായിരിക്കുമെന്നും സിറ്റി പൊലീസ് കമ്മിഷണർ സി.എച്ച്.നാഗരാജു അന്ന് വ്യക്തമാക്കിയിരുന്നു. കുട്ടിയുടെ ബന്ധുക്കളുമായി സംസാരിച്ച് ഒരാളുടെ രേഖാചിത്രം തയ്യാറാക്കിയിരുന്നു. തുടർന്ന് പലവഴികളിലൂടെ അന്വേഷണം നടത്തിയ ശേഷമാണ് പ്രതിയെ ഇപ്പോൾ പിടികൂടിയിരിക്കുന്നത്.