കൊച്ചി: രാജ്യത്ത് തീവ്രവാദ പ്രവർത്തനം അടക്കം നടത്താൻ ലക്ഷ്യമിട്ട് പോപ്പുലർ ഫ്രണ്ട് നടത്തിയ പ്രവർത്തനങ്ങളുടെ കൂടുതൽ വിശദാംശങ്ങൾ പുറത്തുവരുമ്പോൾ കർശ നടപടികളിലേക്ക് കടത്ത് ദേശീയ അന്വേഷണ ഏജൻസി. അറസ്റ്റു ചെയ്ത പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ പാസ്‌പോർട്ട് റദ്ദാക്കാനാണ് നീക്കം. ഇതിൽ ആദ്യം റദ്ദാക്കുക പിഎഫ്‌ഐയുടെ ബുദ്ധികേന്ദ്രമായി അറിയപ്പെടുന്ന പി. കോയയുടേതും, ഇ. എം അബ്ദുൾ റഹ്മാൻ എന്നിവരുടെയും പാസ്‌പോർട്ടാണ്.

ഇരുവരും പാസ്‌പോർട്ട്- വിസാ ചട്ടങ്ങൾ ലംഘിച്ചെന്ന് എൻ.ഐ. എ കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് കൂടുതൽ നടപടികളിലേക്ക് എൻ.ഐ.എ നീങ്ങുന്നത്. ഇസ്താംപൂളിൽ ഐ.എച്ച്.എച്ചും ആയി നടത്തിയ ചർച്ചയും അതിന്റെ അടിസ്ഥാനത്തിൽ ഫണ്ട് സ്വീകരിച്ചതും അടക്കം ചട്ടലംഘനമെന്നാണ് വിലയിരുത്തൽ. അതിനിടെ തുടർ വിവരങ്ങൾ തേടി എൻ.ഐ.എ എട്ടോളം സംസ്ഥാനങ്ങളിൽ റെയ്ഡ് നടത്തുകയാണ്. അറസ്റ്റിലായവരിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് റെയ്ഡ്. ചില സംസ്ഥാനങ്ങളിൽ എൻ.ഐ.എ നേരിട്ടും മറ്റ് ചില സംസ്ഥാനങ്ങളിൽ എൻ.ഐ.എ നിർദ്ദേശം അനുസരിച്ച് സംസ്ഥാന പൊലിസും ആണ് തിരച്ചിൽ നടത്തുന്നത്.

എൻഐഎ റെയ്ഡിൽ മുതിർന്ന പോപ്പുലർ നേതാക്കടക്കം അറസ്റ്റ് ചെയ്തത് പിഎഫ്‌ഐയെ അസ്വസ്ഥരാക്കിയിട്ടുണ്ട്. അതിനാൽ രാജ്യത്തിന്റെ പൊതുസമാധാനം തകർക്കുന്നതിനായി അക്രമസംഭവങ്ങൾ ഇവർ ആസൂത്രണം ചെയ്‌തെന്നും രഹസ്യാന്വേഷണ വിഭാഗത്തിന് വിവരം ലഭിച്ചിട്ടുണ്ട്. അതേസമയം ഭീകര പ്രവർത്തനത്തിനുള്ള സാമ്പത്തിക ബന്ധങ്ങളുടെ പേരിൽ കഴിഞ്ഞ ദിവസം അറസ്റ്റിലായ പോപ്പുലർ ഫ്രണ്ട് നേതാക്കൾ അടക്കമുള്ള പ്രതികൾ ചോദ്യം ചെയ്യലിനോടു സഹകരിക്കുന്നില്ലെന്ന് എൻഐഎ വ്യക്തമാക്കി.

ചോദ്യം ചെയ്യൽ മൂന്നാം ദിവസത്തിലേക്കു കടക്കുമ്പോൾ സാമ്പത്തിക സഹായങ്ങൾ ലഭിച്ചതിലും ഭീകരവാദവുമായി ബന്ധപ്പെട്ട റിക്രൂട്ട്‌മെന്റ് സംബന്ധിച്ചുമാണ് ചോദ്യങ്ങൾ. ഇവരിൽ നിന്നു പിടിച്ചെടുത്ത ഡിജിറ്റൽ തെളിവുകൾ എൻഐഎ തിരുവനന്തപുരം സിഡാക്കിൽ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. നേതാക്കളുടെ ലാപ്‌ടോപ്പുകളും ഫോണുകളുമാണ് പരിശോധനയ്ക്കു വിധേയമാക്കുന്നത്. ഫോൺ, വാട്‌സാപ് കോളുകൾ വീണ്ടെടുക്കുന്നതിനുമാണ് ശ്രമം. പ്രതികളെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉൾപ്പടെ വിവിധ ഏജൻസികൾ ചോദ്യം ചെയ്യുന്നുണ്ട്. അതേ സമയം നേതാക്കളുടെ വീടുകളിലും ഓഫിസുകളിലും നടത്തിയ റെയ്ഡിനും അറസ്റ്റിനുമെതിരെ പോപ്പുലർ ഫ്രണ്ട് നടത്തിയ ഹർത്താലുമായി ബന്ധപ്പെട്ട് കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്നാണു വിവരം.

കസ്റ്റഡിയിലായവരിൽ നിന്നു ലഭിച്ച വിവരങ്ങളുടെയും സിസിടിവി ദൃശ്യങ്ങളുടെയും തെളിവുകളുടെ അടിസ്ഥാനത്തിലായിരിക്കും കൂടുതൽ അറസ്റ്റ് ആക്രമണവുമായി ബന്ധപ്പെട്ട് ഇതുവരെ 281 കേസുകളാണ് പൊലീസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. അതിനിടെ മഹാരാഷ്ട്രയിൽ ഒരു പോപ്പുലർ ഫ്രണ്ട് ഭീകരൻ കൂടി പിടിയിലായി. മുഹമ്മദ് ആബേദ് അലി എന്നയാളാണ് അറസ്റ്റിലായത്. മഹാരാഷ്ട്ര പൊലീസിന്റെ തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് നടത്തിയ പരിശോധനയിലാണ് പ്രതിയെ പിടികൂടിയത്.യുഎപിഎ പ്രകാരമാണ് മുഹമ്മദ് ആബേദ് അലിയെ വലയിലാക്കിയത്.

നിയമവിരുദ്ധ പ്രവർത്തന നിരോധന നിയമത്തിലെ ഐപിസി വിവിധ വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ്. 40 കാരനായ ഇയാൾ രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ചിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. ഇയാളുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്തു വിട്ടിട്ടില്ല. അതേസമയം എൻഐഎ റെയ്ഡിൽ അറസ്റ്റിലായ പോപ്പുലർ ഫ്രണ്ട് അക്രമികളിൽ 5 പേരുടെ റിമാൻഡ് 8 ദിവസത്തേക്ക് കൂടി നീട്ടി.അഞ്ച് ദിവസത്തെ റിമാൻഡ് കാലാവധി അവസാനിച്ചതിന് പിന്നാലെയാണ് പ്രതികളെ കോടതിയിൽ ഹാജരാക്കിയത്

സെപ്റ്റംബർ 22ന് ദേശീയ അന്വേഷ എജൻസിയുടെ നേതൃത്വത്തിൽ പല സംസ്ഥാനങ്ങളിലായി നടത്തിയ റെയ്ഡിലാണ് തീവ്രവാദപ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുന്ന 106 പേരെ അറസ്റ്റ് ചെയ്തത്. റെയ്ഡിൽ രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്കായി ഫണ്ട് സമാഹരിക്കുന്നതിന്റേയും ഭീകരസംഘടനകളുമായുള്ള ബന്ധം തെളിയിക്കുന്നതിന്റേയും തെളിവുകൾ പുറത്തുവന്നിരുന്നു.