മംഗളൂരു: കർണാടകയിൽ നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ടിന് അനുകൂലമായി മുദ്രാവാക്യങ്ങൾ. ബണ്ട്വാൾ സ്നേഹഗിരിക്ക് സമീപം റോഡിൽ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയ അനുകൂലിച്ച് മുദ്രാവാക്യങ്ങൾ. സൂക്ഷിക്കുക ഞങ്ങൾ മടങ്ങിവരും എന്ന് കന്നഡയിലാണ് എഴുതിയിരിക്കുന്നത്. ആർഎസ്എസിനെ രൂക്ഷമായി വിമർശിച്ചാണ് മുദ്രവാക്യങ്ങൾ. സംഭവത്തിൽ പുഞ്ചൽകട്ടെ പൊലീസ് അന്വേഷണം ആരംഭിച്ചു.

ഇതിനിടെ ബെംഗളൂരുവിൽ അക്രമം അഴിച്ചുവിടാനുള്ള ഗൂഢാലോചന നടത്തിയെന്നാരോപിച്ച് 15 പോപ്പുലർ ഫ്രണ്ട് പ്രവർത്തകർക്കെതിരെ കർണാടക പൊലീസ് യുഎപിഎ ചുമത്തി കേസെടുത്തു. കേസ് എൻഐഎ പ്രത്യേക കോടതിക്ക് കൈമാറുമെന്ന് പൊലീസ് അറിയിച്ചു. അതേസമയം അറസ്റ്റിലായ പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ ഫോണുകളിൽ നിന്ന് വിവരങ്ങൾ ശേഖരിച്ച് പൊലീസ്. പിഎഫ്ഐ നിരോധനത്തിന് പിന്നാലെ പ്രതികൾ ഫോണുകളിൽ നിന്നും ഇല്ലാതാക്കിയ വിവരങ്ങളാണ് കർണ്ണാടക പൊലീസ് ശേഖരിച്ചത്.

90 ശതമാനം വിവരങ്ങളാണ് കണ്ടെടുത്തത്. തീവ്രവാദ പ്രവർത്തനങ്ങളുടെ അടിസ്ഥാനത്തിൽ പിഎഫ്ഐയെ കേന്ദ്ര സർക്കാർ നിരോധിച്ചതിന് പിന്നാലെയണ് പൊലീസിന്റെ നടപടി. പ്രത്യേക ആപ്ലിക്കേഷൻ ഉപയോഗപ്പെടുത്തിയാണ് നേതാക്കൾ ഫോണുകളിൽ നിന്നും വിവരങ്ങൾ കളഞ്ഞതെന്ന് മുൻപ് റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. മായ്ച്ചു കളഞ്ഞവയിൽ വിദേശ രാജ്യങ്ങളിൽ നിന്നും സംഘടനയ്ക്ക് ലഭിച്ച സാമ്പത്തിക സഹായം ഉൾപ്പെടെയുള്ള വിവരങ്ങൾ ഉൾപ്പെട്ടിരുന്നു.

പോപ്പുലർ ഫ്രണ്ടിന്റെ നിരോധനത്തിന് പിന്നാലെ പുറത്ത് വന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങളായിരുന്നു. ഹിന്ദുക്കളെയും അവർക്ക് അനുകൂലമായി പ്രവർത്തിക്കുന്നവരെയും വധിക്കാൻ തീവ്രവാദ സംഘടന ലക്ഷ്യം വച്ചിരുന്നു. രാജ്യത്തിന്റെ വിവിധ ഇടങ്ങളിൽ കലാപം നടത്താനായിരുന്നു പദ്ധതി. അതേസമയം രാജ്യവ്യാപകമായി എൻഐഎയും ഇഡിയും നടത്തിയ പരിശോധനയിൽ നൂറിലധികം നേതാക്കളാണ് രാജ്യവിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി അറസ്റ്റിലായിരിക്കുന്നത്.

അതേസമയം കേരളത്തിൽ നിന്നും തമിഴ്‌നാട്ടിലേക്ക് പ്രവർത്തനം മാറ്റാൻ പോപ്പുലർ ഫ്രണ്ട് ശ്രമിക്കുന്നതായി വാർത്തകൾ പുറത്തുവരുന്നുണ്ട്. തമിഴ് നാട്ടിലും വ്യാപക പരിശോധനകൾ നടത്തേണ്ടതുണ്ടെന്ന റിപ്പോർട്ട് തമിഴ്‌നാട് രഹസ്യാന്വേഷണ വിഭാഗങ്ങൾക്ക് ഐ ബി കൈമാറിയിട്ടുണ്ടെന്നും റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്.