- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
യുവതിയുമായി പരിചയത്തിലായത് മാട്രിമോണിയല്‍ സൈറ്റിലൂടെ; കുടുംബം ബിസിനസിനെ കുറിച്ച് പറഞ്ഞ് വാട്സാപ്പിൽ സന്ദേശമയച്ച യുവാവുമായി അടുപ്പം സ്ഥാപിച്ചു; സാമ്പത്തിക നേട്ടമുണ്ടാക്കാന്‍ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യാൻ ആവശ്യപ്പെട്ടു; നിക്ഷേപ തട്ടിപ്പിൽ പിഎച്ച്ഡി വിദ്യാര്‍ഥിക്ക് നഷ്ടമായത് ലക്ഷങ്ങൾ
ലഖ്‌നൗ: ഓണ്‍ലൈന്‍ മാട്രിമോണിയല്‍ വെബ്‌സൈറ്റ് വഴി പരിചയപ്പെട്ട യുവതിയുടെ തട്ടിപ്പിനിരയായി ഉത്തര്‍പ്രദേശിലെ പിഎച്ച്ഡി വിദ്യാര്‍ഥിക്ക് നഷ്ടമായത് 49 ലക്ഷം രൂപ. ഗാസിയാബാദില്‍ നിന്നുള്ള 42 വയസ്സുകാരനായ വിദ്യാര്‍ഥിയുടെ പരാതിയെ തുടര്‍ന്ന്, സൈബര്‍ ക്രൈം പോലീസ് വഞ്ചനാക്കുറ്റത്തിന് കേസെടുത്ത് ഊർജിതമായ അന്വേഷണം ആരംഭിച്ചു.
ഇന്ദിരപുരത്തെ വൈശാലി സ്വദേശിയായ പരാതിക്കാരൻ, 2025 സെപ്റ്റംബറിലാണ് ഒരു മാട്രിമോണിയല്‍ വെബ്‌സൈറ്റിലൂടെ യുവതിയെ പരിചയപ്പെട്ടത്. സെപ്റ്റംബര്‍ 18-ന് പരാതിക്കാരൻ യുവതിയുടെ വാട്ട്‌സാപ്പ് നമ്പറിലേക്ക് സന്ദേശമയക്കുകയും, സെപ്റ്റംബര്‍ 20-ന് യുവതി അതിന് മറുപടി നല്‍കുകയും ചെയ്തതായി എഫ്‌ഐആറില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഡല്‍ഹിയിലെ റിയല്‍ എസ്റ്റേറ്റ് വ്യാപാരത്തെക്കുറിച്ചും പഞ്ചാബില്‍ കുടുംബം നടത്തുന്ന ബിസിനസ്സിനെക്കുറിച്ചുമെല്ലാം യുവതി ഇയാളോട് സംസാരിച്ച് വിശ്വാസം നേടി.
സൗഹൃദം ദൃഢമായതിന് പിന്നാലെ, എളുപ്പത്തിൽ സാമ്പത്തിക നേട്ടമുണ്ടാക്കാന്‍ കഴിയുന്ന ഒരു ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യാൻ യുവതി വിദ്യാര്‍ഥിയോട് ആവശ്യപ്പെട്ടു. ഇതിനായുള്ള ലിങ്കും അവർ അയച്ചുകൊടുത്തു. തുടക്കത്തിൽ 500 രൂപ ആപ്ലിക്കേഷനിലേക്ക് അയച്ച വിദ്യാര്‍ഥിക്ക്, പിന്നീടുള്ള ഏഴ് വലിയ ഇടപാടുകളിലൂടെയാണ് 49 ലക്ഷം രൂപയുടെ ഭീമമായ നഷ്ടം സംഭവിച്ചതെന്ന് സൈബര്‍ ക്രൈം ഓഫീസര്‍ സന്തോഷ് തിവാരി വിശദീകരിച്ചു.
തന്റെ നിക്ഷേപം പിൻവലിക്കാൻ ശ്രമിച്ചപ്പോൾ, ലാഭത്തിന്റെ 30 ശതമാനം മാത്രമേ ലഭ്യമാകൂ എന്നാണ് തട്ടിപ്പുകാർ ഇദ്ദേഹത്തെ അറിയിച്ചത്. പണം പിൻവലിക്കാൻ നിരന്തരം ശ്രമിച്ചതോടെ, ആപ്ലിക്കേഷൻ പിന്നീട് പ്രവർത്തിക്കാതായി. ഇതോടെയാണ് താൻ ഒരു വലിയ തട്ടിപ്പിന് ഇരയായി എന്ന് വിദ്യാര്‍ഥി മനസ്സിലാക്കിയത്. ഈ സംഭവത്തില്‍ സൈബര്‍ ക്രൈം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും അന്വേഷണം ഊര്‍ജിതമാക്കുകയും ചെയ്തതായി അധികൃതര്‍ അറിയിച്ചു. തട്ടിപ്പുകാരിയായ യുവതിയെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.




