തിരുവല്ല: കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ യാത്രക്കാരെ പോക്കറ്റടിക്കുന്നതു വ്യാപകമായി. പഴ്‌സ്, മൊബൈൽ ഫോൺ, ബാഗിലെ വിലപിടിപ്പുള്ള വസ്തുക്കൾ തുടങ്ങിയവയാണ് കവരുന്നത്. ബസുകൾ സ്റ്റാൻഡിൽ നിർത്തി ആളെ കയറ്റുന്ന സമയം കൃത്രിമമായി തിരക്കു സൃഷ്ടിച്ച് യാത്രക്കാരുടെ ശ്രദ്ധ തിരിച്ചാണ് വിലപിടിപ്പുള്ള വസ്തുക്കൾ പോക്കറ്റടി സംഘം കവരുന്നത്. നിമിഷ നേരം കൊണ്ടു കവർച്ച നടത്തിയ ശേഷം ബസിൽ കയറാതെ പോക്കറ്റടി സംഘം സ്ഥലത്തു നിന്നു മാറും.

മൊബൈൽ ഫോണുകൾ കവർന്നാൽ ഉടൻ തന്നെ സ്വിച്ച് ഓഫ് ചെയ്യും. വിലപിടിപ്പുള്ള വസ്തുക്കൾ നഷ്ടമായതിനെ തുടർന്ന് നിരവധി പേരാണ് ദിവസവും തിരുവല്ല പൊലീസ് സ്റ്റേഷനിൽ പരാതിയുമായി എത്തുന്നത്. ഇന്നോവയിൽ എത്തുന്ന ചങ്ങനാശേരി സ്വദേശിയാണ് പോക്കറ്റടി സംഘത്തിന് നേതൃത്വം നൽകുന്നതെന്നാണ് വിവരം.

തിരക്കിനിടെ യാത്രക്കാരൻ കഷ്ടപ്പെട്ട് ബസിൽ കയറി സീറ്റിൽ ഇരുന്ന് യാത്ര തുടങ്ങിയ ശേഷമാവും പലപ്പോഴും മോഷണം നടന്ന വിവരം അറിയുക. ചങ്ങനാശേരി സ്വദേശിയുടെ നേതൃത്വത്തിലുള്ള സംഘമാണ് മോഷണം നടത്തുന്നതെന്നാണ് സൂചന. ബസ് സ്റ്റാൻഡിൽ വന്ന് ആളു കയറുന്ന സമയം പടിയിലും മറ്റും കയറി നിന്ന് അനാവശ്യ തിരക്ക് സൃഷ്ടിച്ചാണ് മോഷണം നടത്തുന്നത്. അനാവശ്യ തിരക്ക് നിയന്ത്രിക്കുന്നതിനും നിരീക്ഷണം നടത്തുന്നതിനും നിലവിൽ സംവിധാനമില്ലാത്ത സ്ഥിതിയാണ്. എംസി റോഡിലെ പ്രധാന ബസ് സ്റ്റാൻഡ് ആയതിനാൽ ആയിരക്കണക്കിനു പേരാണ് ദിവസവും തിരുവല്ല കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ എത്തി യാത്ര ചെയ്യുന്നത്.

പത്തനംതിട്ട, കോട്ടയം, കൊല്ലം, തിരുവനന്തപുരം ജില്ലകളുടെ വിവിധ ഭാഗങ്ങളിലേക്ക് ഇവിടെ നിന്നും നിരവധി ബസുകൾ സർവീസ് നടത്തുന്നതിനാൽ വലിയ തിരക്കാണ് എപ്പോഴും. ഇതിനു പുറമേ എംസി റോഡിലൂടെ പോകുന്ന എല്ലാ കെഎസ്ആർടിസി ബസുകളും തിരുവല്ല സ്റ്റാൻഡിൽ എത്തിയാണ് പോകുന്നത്. തിരുവല്ല കെഎസ്ആർടിസി ബസ് സ്റ്റാൻഡിലെ പൊലീസ് എയ്ഡ് പോസ്റ്റ് തുറന്നു പ്രവർത്തിക്കാത്തതും കവർച്ച പെരുകുന്നതിന് കാരണമായിട്ടുണ്ട്. എയ്ഡ് പോസ്റ്റിൽ ആവശ്യത്തിന് ഉദ്യോഗസ്ഥരെ നിയോഗിക്കണമെന്നും 24 മണിക്കൂറും പൊലീസ് നിരീക്ഷണം ശക്തമാക്കണമെന്നും ആവശ്യം ഉയർന്നിട്ടുണ്ട്.