ന്യൂഡൽഹി: സുപ്രീംകോടതി ചീഫ് ജസ്റ്റിസായിരുന്ന പിതാവിന്റെ രണ്ട് വിധികൾ തിരുത്തുകയും പൊതുസമൂഹത്തിന്റെയും നിയമലോകത്തിന്റെയും കൈയടികൾ നേടിയ നാഴികകല്ലായ നിരവധി വിധിന്യായങ്ങൾ പുറപ്പെടുവിക്കുകയും ചെയ്ത ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് സുപ്രീംകോടതി ചീഫ്ജസ്റ്റിസായ ശേഷമായിരിക്കും ഇനി ലാവലിൻ കേസ് സുപ്രീംകോടതി പരിഗണിക്കുക. 33-ാം തവണയും മാറ്റിയ ലാവലിൻ കേസ് പരിഗണിക്കുന്നത് സുപ്രീം കോടതി പുതിയ ബഞ്ചിന് വിട്ടെങ്കിലും പുതിയ ചീഫ് ജസ്റ്റിസ് വന്ന ശേഷമായിരിക്കും ഇനി കേസ് പരിഗണിക്കുക.

ഇനി ലാവലിൻ ഹർജികൾ നവംബർ അവസാന ആഴ്‌ച്ചയിലാണ് പരിഗണിക്കുക. അപ്പോഴേക്കും ചീഫ് ജസ്റ്റിസ് യു.യു ലളിത് വിരമിക്കും. ഹർജികൾ പരിഗണിക്കേണ്ട പുതിയ ബെഞ്ച് ഏതെന്ന് അടുത്ത ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് തീരുമാനിക്കും. എസ്.എൻ.സി ലാവലിൻ കേസുകളിൽ വിശദമായ വാദം കേൾക്കാതെ രണ്ട് ചീഫ് ജസ്റ്റിസുമാർ പടിയിറങ്ങിയെങ്കിലും ജസ്റ്റിസ് ചന്ദ്രചൂഡ് അങ്ങനെയാവില്ല. കാരണം അദ്ദേഹത്തിന് രണ്ടു വർഷവും രണ്ടു ദിവസവും ( 2024 നവംബർ പത്തു വരെ) ചീഫ് ജസ്റ്റിസായി കാലാവധിയുണ്ടാവും.

കേസിൽ പിണറായി വിജയനെ കു?റ്റവിമുക്തനാക്കിയ വിചാരണ കോടതി വിധി ഹൈക്കോടതി ശരിവച്ചിരുന്നു. രണ്ട് കോടതികൾ സമാന സ്വഭാവത്തിൽ പുറപ്പടിവിച്ച വിധി റദ്ദാക്കണമെങ്കിൽ വ്യക്തമായ കാരണങ്ങൾ നിരത്തണമെന്ന് സിബിഐയോട് സുപ്രീംകോടതി നിർദ്ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കോടതിയിൽ രേഖകളുടെ പിൻബലത്തോടെ ചില വസ്തുതകൾ കോടതിയിൽ ഉന്നയിക്കുവാൻ സിബിഐ തീരുമാനിച്ചെങ്കിലും തുടർച്ചയായി കേസ് പരിഗണിക്കുന്നത് മാറ്റിവയ്ക്കുകയായിരുന്നു. 2017 ഡിസംബറിലാണ് അപ്പീലുമായി സിബിഐ സുപ്രീം കോടതിയെ സമീപിച്ചത്.

2018 ജനവരി 11ന് സുപ്രീം കോടതി കക്ഷികൾക്ക് നോട്ടീസ് അയച്ചു. അന്ന് മുതൽ കേസിൽ വാദം കേട്ടിരുന്നത് ജസ്റ്റിസ് എൻ.വി രമണയായിരുന്നു. എൻ.വി രമണ നേതൃത്വം നൽകുന്ന ബെഞ്ചിൽ നിന്നും ഹർജികൾ പ്രത്യേക കാരണമൊന്നും കൂടാതെ ജസ്റ്റിസ് യു.യു ലളിത് അദ്ധ്യക്ഷനായ ബെഞ്ചിലേക്ക് ഹർജികൾ മാറ്റി. 2020 മുതൽ ഹർജികൾ പരിഗണിച്ചിരുന്നത് ജസ്റ്റിസ് ലളിത് അദ്ധ്യക്ഷനായ ബെഞ്ചാണ്. നോട്ടീസ് അയച്ചിട്ട് നാല് വർഷം പിന്നിടുന്നതിനിടയിൽ 32 തവണയാണ് ഹർജികൾ പരിഗണിക്കുന്നത് മാറ്റിവച്ചത്. ഇപ്പോൾ കേസിൽ അന്തിമവാദം കേൾക്കുന്നത് വീണ്ടും മാറ്റി വെച്ചതോടെ കേസുകൾ മാറ്റുന്നത് 33-ാമത്തെ തവണയായി. വിചാരണ നേരിടണമെന്ന് ഉത്തരവുണ്ടായാൽ പിണറായിക്ക് സ്ഥാനമൊഴിയേണ്ടി വന്നേക്കും.

കേരളത്തിലെ പൊതുമേഖലാ സ്ഥാപനമായ കെഎസ്ഇബിക്ക് കനത്ത നഷ്ടമാണ് ലാവലിൻ കരാറുമായി ബന്ധപ്പെട്ട് ഉണ്ടായിട്ടുള്ളതെന്നാണ് സിബിഐയുടെ പ്രധാന വാദം. എസ്എൻസി ലാവലിൻ കമ്പനിക്ക് ഭീമമായ ലാഭവും ലഭിച്ചു. കെഎസ്ഇബിയുമായി ഉണ്ടായിരുന്ന കൺസൾട്ടൻസി കരാർ സപ്ലൈ കരാറായി മാറിയതാണ് ലാവലിൻ കമ്പനിക്ക് ഭീമമായ ലാഭം കിട്ടാൻ കാരണം. കരാറിലെ ഈ മാ?റ്റമുണ്ടായത് കമ്പനിയുടെ അതിഥിയായി പിണറായി വിജയൻ കാനഡയിൽ ഉണ്ടായിരുന്നപ്പോൾ ആണെന്നും സിബിഐയുടെ അഭിഭാഷകർ സുപ്രീംകോടതിയിൽ ചൂണ്ടിക്കാട്ടി. അതിനാൽ തന്നെ പിണറായി വിജയൻ കേസിൽ വിചാരണ നേരിടണമെന്നാണ് സിബിഐയുടെ ആവശ്യം.

അടുത്ത ചീഫ്ജസ്റ്റിസിന്റെ തീരുമാനങ്ങൾ ഈ കേസിൽ നിർണായകമാവും. കേന്ദ്രസർക്കാരുമായി അത്ര അടുപ്പത്തിലല്ല ജസ്റ്റിസ് ചന്ദ്രചൂഡ്. 1978 ഫെബ്രുവരി മുതൽ 1985 വരെ ചീഫ് ജസ്റ്റിസായിരുന്ന ജസ്റ്റിസ് വൈ വൈ ചന്ദ്രചൂഡിന്റെ പാത പിന്തുടർന്നാണ് മകനും ചീഫ് ജസ്റ്റിസാവുന്നത്. ഇന്ത്യൻ നീതിന്യായ ചരിത്രത്തിൽ ആദ്യസംഭവമാണിത്. സ്വകാര്യത അടിസ്ഥാന അവകാശമാണെന്ന 2017ലെ വിധിന്യായത്തിലൂടെ, അടിയന്തരാവസ്ഥക്കാലത്ത് പിതാവിന്റെ വിധിന്യായമാണ് മകൻ തിരുത്തിയത്. പൗരന്മാർക്ക് അവകാശ സംരക്ഷണത്തിനായി കോടതികളെ സമീപിക്കാൻ കഴിയില്ലെന്നായിരുന്നു അടിയന്തിരാവസ്ഥക്കാലത്തെ പിതാവിന്റെ വിധി. വിവാഹേതര ബന്ധം കുറ്റകരമാക്കുന്ന 497ാം വകുപ്പിന്റെ സാധുത ഉയർത്തിപ്പിടിച്ച സൗമിത്രി വിഷ്ണു കേസിലെ വിധിയും ഇത്തരത്തിലുള്ളതായിരുന്നു.

കേരളത്തെ സംബന്ധിച്ച് നിർണായക വിധികൾ അദ്ദേഹത്തിന്റേതായുണ്ടായിട്ടുണ്ട്. ഏറ്റവും പ്രധാനം നിയമസഭാ കയ്യാങ്കളി കേസ് അവസാനിപ്പിക്കാനുള്ള സർക്കാരിന്റെ ശ്രമങ്ങൾ തടഞ്ഞതാണ്. ശബരിമലയിലെ സ്ത്രീ പ്രവേശന വിധി പറഞ്ഞ ബഞ്ചിലും അദ്ദേഹമുണ്ടായിരുന്നു. സ്വവർഗരതി കുറ്റകരമാകുന്ന ഐപിസി 377ാം നമ്പർ അസാധുവാക്കൽ, വിവാഹേതരബന്ധം ക്രിമിനൽക്കുറ്റമല്ലാതാക്കൽ, ആധാറിന്റെ ഭരണഘടനാസാധുത ചോദ്യം ചെയ്തുള്ള ഭൂരിപക്ഷ വിധിന്യായത്തെ പൂർണ്ണമായും തള്ളിക്കളഞ്ഞുള്ള ഭിന്നവിധി, ഭിമാകൊറേഗാവ് കേസിൽ എസ്‌ഐടി അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി അംഗീകരിച്ചുള്ള ന്യൂനപക്ഷ വിധി എന്നിങ്ങനെ നിരവധി സുപ്രധാന വിധികൾ അദ്ദേഹത്തിന്റേതായുണ്ട്.