കുന്നംകുളം: സ്കൂൾ നിർമ്മാണ പ്രവൃത്തികൾ നടക്കുന്ന ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ, ബോയ്‌സ് സ്‌കൂൾ എന്നിവിടങ്ങളിലുള്ള പൈപ്പ് ടാപ്പും ഇരുമ്പ് സാധനങ്ങളും മോഷണം പോയ സംഭവത്തിൽ മോഷ്ടാവിനെ പോലീസ് കൈയ്യോടെ പൊക്കി.

നിരവധി മോഷണക്കേസുകളിൽ പ്രതിയായ മുള്ളൂർക്കര പടിഞ്ഞാറേതിൽ സന്തോഷിനെയാണ് (37) സ്റ്റേഷൻ ഹൗസ് ഓഫീസർ യു.കെ.ഷാജഹാന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്. പ്രതിയുടെ കൈവശം ഉണ്ടായിരുന്ന ചാക്കിൽ സ്‌ക്രൂ ഡ്രൈവറടക്കമുള്ള മോഷണ ഉപകരണങ്ങൾ പോലീസ് കണ്ടെടുത്തിട്ടുണ്ട്.

കഴിഞ്ഞ ഒരു മാസം മുമ്പ് ഹയർ സെക്കൻഡറി സ്‌കൂളിലെ കുട്ടികൾക്കുള്ള കുടിവെള്ള പൈപ്പിന്റെ സ്റ്റീൽ ടാപ്പുകൾ പട്ടാപ്പകൽ മോഷണം പോയിരുന്നു. ഇതിന്റെ ദൃശ്യം സ്‌കൂളിൽ സ്ഥാപിച്ച സി.സി.ടി.വിയിൽ പതിയുകയും ചെയ്തു.

ആയിരക്കണക്കിന് രൂപ ചെലവഴിച്ച് സ്ഥാപിച്ച കുടിവെള്ള ടാപ്പാണ് മോഷണം പോയത്. മാധ്യമങ്ങളിൽ മോഷ്ടാവിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പ്രദർശിപ്പിച്ചെങ്കിലും മോഷ്ടാവിനെ പിടികൂടാൻ പോലീസിന് കഴിഞ്ഞിരുന്നില്ല.

ശേഷം ഗവ. ബോയ്‌സ് സ്‌കൂളിൽ നിന്നും ശുചിമുറിയിൽ നിന്നും ടാപ്പുകൾ മോഷണം പോയിരുന്നു. പ്രതിയെ പിടികൂടാനുള്ള പോലീസിന്റെ മെല്ലെപോക്കിൽ അദ്ധ്യാപകരും ജീവനക്കാരും പ്രതിഷേധത്തിലായിരുന്നു. ഇതിനിടെയാണ് കഴിഞ്ഞദിവസം കുന്നംകുളം പുതിയ ബസ് സ്റ്റാൻഡിന് അടുത്തുള്ള ബാറിൽ നിന്നും ഇറങ്ങിവരുന്ന പ്രതിയെ കണ്ട് സംശയം തോന്നി പരിശോധിച്ച പോലീസ് പ്രതിയെ പിടികൂടിയത്. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് പ്രതി കുറ്റം സമ്മതിക്കുകയും ചെയ്തു. പിടികൂടിയ കള്ളനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.