പിറവം: അബുദാബിയിൽ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയ പാലച്ചുവട്, തേക്കുംമൂട്ടിൽപ്പടി വെട്ടുപാറയ്ക്കൽ വി എം. മനു (26) വിന്റെ മൃതദേഹം പൊലീസ് വീണ്ടും പരിശോധനയ്ക്ക് അയച്ചു. അബുദാബിയിൽ ഗ്രാഫിക് ഡിസൈനറായി ജോലി ചെയ്തിരുന്ന മനുവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

മകന്റെ മരണത്തിൽ സംശയം പ്രകടിപ്പിച്ച് പിതാവ് വെട്ടുപാറയ്ക്കൽ മണിയാചാരി നൽകിയ പരാതിയിലാണ് മൃതദേഹം വീണ്ടും പരിശോധനയ്ക്ക് അയച്ചത്. മണിയാചാരിയുടേയും കമലത്തിന്റെയും ഏക മകനായ മനു അവിവാഹിതനാണ്.

അബുദാബിയിൽ മനുവിനൊപ്പം അടുത്ത ബന്ധുവായ യുവാവും താമസിച്ചിരുന്നു. മൃതദേഹം അബുദാബിയിൽ പരിശോധനകൾക്ക് ശേഷമാണ് വെള്ളിയാഴ്ച നാട്ടിലെത്തിച്ചതെങ്കിലും വീട്ടുകാരും ബന്ധുക്കളും സംശയം പ്രകടിപ്പിച്ചതിനെ തുടർന്നാണ് വീണ്ടും പരിശോധന നടത്താൻ തീരുമാനിച്ചതെന്ന് പിറവം സ്റ്റേഷൻ ഇൻസ്പെക്ടർ ഡി.എസ്. ഇന്ദ്രരാജ് പറഞ്ഞു.

ബി.എ. ഗ്രാഫിക് ഡിസൈൻ പാസായ മനു 2019 അവസാനമാണ് അബുദാബിയിലേക്ക് പോയത്. ഒരു കൊല്ലം മുമ്പ് അവധിക്ക് വന്നിരുന്നു. കഴിഞ്ഞ 24 മുതൽ മനുവിനെ ഫോണിൽ കിട്ടാതായെന്നും ഒപ്പം താമസിച്ചിരുന്ന ബന്ധുവിനെ വിളിച്ചെങ്കിലും കൃത്യമായ മറുപടി ലഭിച്ചില്ലെന്നും പിറ്റേന്ന് അബുദാബിയിലെ സുഹൃത്തുക്കൾ വഴി അന്വേഷിച്ചപ്പോഴാണ് മനു മരിച്ച വിവരം അറിഞ്ഞതെന്നും ബന്ധുക്കൾ പരാതിപ്പെട്ടു.

വെള്ളിയാഴ്ച രാവിലെ ഒമ്പത് മണിയോടെ വീട്ടിലെത്തിച്ച മൃതദേഹം വൈകീട്ട് കണ്ണീറ്റുമല ശ്മശാനത്തിൽ സംസ്‌കരിക്കാനാണ് ആദ്യം നിശ്ചയിച്ചത്. മനുവിന് ആത്മഹത്യ ചെയ്യേണ്ട ഒരു സാഹചര്യവും ഇല്ലെന്നും തൂങ്ങിമരിച്ചതിന്റെ ഒരു ലക്ഷണവും മൃതദേഹത്തിൽ കണ്ടില്ലെന്നും ബന്ധുക്കൾ അഭിപ്രായപ്പെട്ടു.

മനുവിന് നാട്ടിലും അബുദാബിയിലും ധാരാളം സുഹൃത്തുക്കളുണ്ട്. മരണം ആത്മഹത്യയാണെന്ന് ആരും കരുതുന്നുമില്ല. മനു ആത്മഹത്യ ചെയ്തതാണെന്ന് വിശ്വസിക്കാൻ കഴിയാതിരുന്ന പിതാവാണ് അന്വേഷണം ആവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകിയത്. ഉടൻ സ്ഥലത്തെത്തിയ പൊലീസ് മൃതദേഹം ജെ.എംപി. ആശുപത്രിയിലേക്ക് മാറ്റി. വിശദ പരിശോധനയ്ക്കായി മൃതദേഹം കളമശ്ശേരി ഗവ. മെഡിക്കൽ കോളേജിലേക്ക് മാറ്റി.