- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
പ്ലാച്ചേരി വിവാദത്തിൽ രണ്ടു പേർക്ക് സസ്‌പെൻഷൻ
കോട്ടയം: കോട്ടയം പ്ലാച്ചേരി ഫോറസ്റ്റ് സ്റ്റേഷനിൽ കഞ്ചാവ് വളർത്തിയതുമായി ബന്ധപ്പെട്ട വിവാദത്തിൽ രണ്ട് വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ. എരുമേലി റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ ആയിരുന്ന ബി ആർ ജയൻ, പ്ലാച്ചേരി ഫോറസ്റ്റ് സ്റ്റേഷന്റെ ചുമതലയുണ്ടായിരുന്ന ഡെപ്യൂട്ടി റെയിഞ്ച് ഓഫീസർ അജയ് എന്നിവരെയാണ് സസ്‌പെൻഡ് ചെയ്തത്. ഗുരുതര വീഴ്ചകൾ ഇവരുടെ ഭാഗത്തുണ്ടായി എന്നാണ് വിലയിരുത്തൽ.
താൽക്കാലിക ജീവനക്കാരനായിരുന്ന അജേഷാണ് സ്റ്റേഷൻ വളപ്പിൽ കഞ്ചാവ് വളർത്തിയതെന്ന് അന്വേഷണത്തിൽ കണ്ടെത്തി. ഇക്കാര്യം അറിഞ്ഞതിനു ശേഷം റേഞ്ച് ഓഫിസറായിരുന്ന ജയൻ തനിക്കെതിരെ പരാതി നൽകിയവരെ കുടുക്കാൻ ഈ സംഭവം ഉപയോഗിച്ചെന്ന് അന്വേഷണത്തിൽ കണ്ടെത്തി. വകുപ്പിനെതിരെ ജയൻ സമൂഹമാധ്യമങ്ങളിലൂടെ തെറ്റായ പ്രചാരണം നടത്തിയെന്നും റിപ്പോർട്ടിൽ കണ്ടെത്തലുണ്ട്. കഞ്ചാവ് കൃഷി നടത്തിയ വിവരം അറിഞ്ഞിട്ടും കേസ് എടുക്കാത്തതിനാണ് ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസർ ആർ. അജയ്‌ക്കെതിരായ നടപടി.
പ്ലാച്ചേരി വനംവകുപ്പ് ഓഫീസിൽ കഞ്ചാവ് ചെടി വളർത്തിയെന്ന കേസിൽ പുറത്തു വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങളായിരുന്നു. കഞ്ചാവ് വളർത്തിയത് താനാണെന്ന് വാച്ചറായിരുന്ന അജീഷ് വനം വിജിലൻസ് വിഭാഗത്തിന് മൊഴി കൊടുത്തു. ഫോറസ്റ്റ് റേഞ്ച് ഓഫീസറുടെ നിർദ്ദേശ പ്രകാരമാണ് ചില ഉദ്യോഗസ്ഥർക്കെതിരെ മൊഴി കൊടുത്തതെന്നും അറിയിച്ചു. ഫോറസ്റ്റ് റേഞ്ച് ഓഫീസർ ബി.ആർ. ജയന്റെയും മൊഴിയെടുത്തു. കഞ്ചാവ് വളർത്തിയെന്ന് ആക്ഷേപം ഉയരുംവിധം വിവാദം ഉണ്ടായതിൽ ജീവനക്കാർക്കും മേധാവികൾക്കും വീഴ്ചപറ്റിയെന്നാണ് റിപ്പോർട്ടിലുള്ളത്. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി.
പാമ്പു പിടിച്ച ശേഷം കൊണ്ടു സൂക്ഷിക്കുന്ന മേഖലയിലാണ് കഞ്ചാവ് വളർത്തിയത്. വാച്ചർ അജീഷ് മാത്രമേ ഇവിടെ പോകാറുള്ളൂ. അതുകൊണ്ട് തന്നെ വനം വകുപ്പ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽ ഇത് പെട്ടില്ല. പത്ത് മുതൽ 40 മൂട് വരെ കഞ്ചാവ് വളർത്തി. മൂന്നാഴ്ച മാത്രം വളർച്ചയായിരുന്നു ഇതിനുണ്ടായിരുന്നത്. കണ്ടപ്പോൾ തന്നെ ജീവനക്കാർ ഇത് നശിപ്പിച്ചു. മേലുദ്യോഗസ്ഥനെ കാര്യങ്ങൾ അറിയിക്കുകയും ചെയ്തു. ഇത് മനസ്സിലാക്കിയ മേൽ ഉദ്യോഗസ്ഥൻ ചിലരെ കുടുക്കാനായി നടത്തിയ ഗൂഢാലോചനയായിരുന്നു പിന്നീട് സംഭവിച്ചത്. ഇതിനും വ്യക്തമായ തെളിവുകൾ കിട്ടിയിട്ടുണ്ട്.
വിവാദത്തിൽ ഉൾപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെ നടപടിക്കു ശുപാർശ ചെയ്ത് വനം വിജിലൻസ് റിപ്പോർട്ടു നൽകിയിരുന്നു. എരുമേലി റേഞ്ച് ഓഫിസ്, ഇതിനു കീഴിൽ വരുന്ന പ്ലാച്ചേരി ഫോറസ്റ്റ് സ്റ്റേഷൻ എന്നിവിടങ്ങളിലെ കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെയാണു വനം വിജിലൻസ് നടപടിക്കു ശുപാർശ ചെയ്തത്. റിപ്പോർട്ട് വനം മന്ത്രിക്കും വനം മേധാവിക്കും കൈമാറി. പിന്നാലെയാണ് നടപടി.
കഞ്ചാവുചെടികൾ ഫോറസ്റ്റ് സ്റ്റേഷനിൽ തന്നെ വളർന്നതാണെന്ന നിഗമനമാണു തെളിവുകളുടെ അടിസ്ഥാനത്തിൽ വിജിലൻസ് കണ്ടെത്തിയത്. ഇതിൽ ഉൾപ്പെട്ട ഉദ്യോഗസ്ഥർക്കു സംഭവം കൈകാര്യം ചെയ്തതിൽ വീഴ്ച സംഭവിച്ചെന്നു റിപ്പോർട്ടിലുണ്ട്. പ്ലാച്ചേരി വനം വകുപ്പ് ഓഫിസ് പരിസരത്ത് ഉദ്യോഗസ്ഥരുടെ അറിവോടെ കഞ്ചാവുചെടികൾ നട്ടുവളർത്തിയെന്ന എരുമേലി റേഞ്ച് ഓഫിസറുടെ അന്വേഷണ റിപ്പോർട്ട് പുറത്തുവന്നതാണു വിവാദങ്ങളുടെ തുടക്കം.
എന്നാൽ, തനിക്കെതിരായ വനിതാ ജീവനക്കാരുടെ പരാതിയെത്തുടർന്നു റേഞ്ച് ഓഫിസർ തയാറാക്കിയ റിപ്പോർട്ടാണ് ഇതെന്ന ആരോപണവും ഉയർന്നു. സംഭവത്തിൽ മണിമല പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. എന്നാൽ, പ്രതികളെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നും അന്വേഷണം തുടരുകയാണെന്നും മണിമല എസ്എച്ച്ഒ അറിയിച്ചു.