ഭോപ്പാൽ: വ്യാപാരിയിൽ നിന്ന് 80,000 രൂപ കവർന്നെടുക്കാൻ ശ്രമിച്ച സംഘത്തിന് ലക്ഷങ്ങൾ വിലമതിക്കുന്ന ബൈക്ക് ഉപേക്ഷിച്ചു രക്ഷപ്പെടേണ്ടി വന്നു. വ്യാഴാഴ്ച രാത്രി ഭോപ്പാലിലെ അയോദ്ധ്യ നഗർ ഏരിയയിലാണ് സംഭവം. രാത്രി 11 മണിയോടെ, പലചരക്ക് വ്യാപാരിയായ നീരജ് ദിവസങ്ങളായി സ്വരൂപിച്ച പണവുമായി വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് കവർച്ച ശ്രമം നടന്നത്.

ഒരു സ്വകാര്യ സ്കൂളിന് സമീപം വെച്ച് ബൈക്കിലെത്തിയ മൂന്നുപേർ നീരജിന്റെ പണം തട്ടാൻ ശ്രമിക്കുകയായിരുന്നു. പിടിവലിക്കിടെ നീരജിന്റെ സ്കൂട്ടർ മറിയുകയും പണമുണ്ടായിരുന്ന ബാഗ് താഴെ വീഴുകയും ചെയ്തു. ബാഗ് പ്രതികൾ കൈക്കലാക്കിയെങ്കിലും ബൈക്ക് സ്റ്റാർട്ട് ചെയ്യാൻ സാധിച്ചില്ല.

നീരജിന്റെ നിലവിളി കേട്ട് നാട്ടുകാർ ഓടിക്കൂടിയതോടെ കവർച്ചക്കാർ പരിഭ്രാന്തരായി. തുടർന്ന്, രണ്ട് ലക്ഷം രൂപ വിലമതിക്കുന്ന ബൈക്ക് ഉപേക്ഷിച്ച് സംഘം ഓടി രക്ഷപ്പെട്ടു. പോലീസ് ബൈക്ക് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ബൈക്കിന്റെ രജിസ്‌ട്രേഷൻ നമ്പർ വഴി കവർച്ചക്കാരെ തിരിച്ചറിഞ്ഞതായും അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് അറിയിച്ചു. സംഭവത്തിൽ ഉടൻ തുമ്പ് കണ്ടെത്താൻ കഴിയുമെന്ന പ്രതീക്ഷയിലാണ് അധികൃതർ. പണം തട്ടാനുള്ള ശ്രമം വിഫലമായതിനൊപ്പം ലക്ഷങ്ങളുടെ ബൈക്കും നഷ്ടപ്പെട്ടതോടെയാണ് പ്രതികൾ വെട്ടിലായിരിക്കുന്നത്.