കണ്ണൂർ: ഫോറൻസിക് പരിശോധനയ്ക്കായി കൊണ്ടുവന്ന വയനാട്ടിലെ പോക്സോകേസിലെ നിർണായക രേഖകൾ കണ്ണൂരിൽ നിന്നും ദുരൂഹമായ സാഹചര്യത്തിൽ കാണാതായ സംഭവം ഗൂഢാലോചനയാണെന്ന ആരോപണം ശക്തമാകുന്നു.

പോക്സോ കേസ് രേഖകൾ പൊലിസുകാരനിൽ നിന്നും നഷ്ടപ്പെട്ട സംഭവത്തിൽ ദുരൂഹതയുണ്ടെന്നു പൊലിസ് സേനയിൽ നിന്നുംആരോപണമയുർന്ന സാഹചര്യത്തിൽ മുഖം രക്ഷിക്കാനായിഉന്നത തല അന്വേഷണമാരംഭിച്ചിട്ടുണ്ട്. പോക്സോ കേസിൽ ശാസ്ത്രീയ പരിശോധനയ്ക്കു കൊണ്ടുവന്ന രേഖകൾ ഉൾപ്പെടെയുള്ള ബാഗാണ് കഴിഞ്ഞ ദിവസം വയനാട്ടിൽ നിന്നും കണ്ണൂരിൽ ഔദ്യോഗികാവശ്യങ്ങൾക്കായി എത്തിയ പൊലിസുകാരന്റെ കൈയിൽ നിന്നും നഷ്ടമായത്.

കണ്ണൂർ റെയ്ഞ്ച് ഡി. ഐ.ജി രാഹുൽ ആർ. നായാരാണ് ഈക്കാര്യത്തെ കുറിച്ചു വയനാട് എസ്‌പിയോട് റിപ്പോർട്ടു തേടിയത്. രേഖകൾ മോഷണം പോയതിനെ കുറിച്ചു കൽപറ്റ എ.എസ്. പി അന്വേഷണമാരംഭിച്ചിട്ടുണ്ട്. രേഖകൾ നഷ്ടപ്പെടുത്തിയ പൊലിസുകാരനെയും പടിഞ്ഞാറെത്തറ സ്റ്റേഷൻ റൈറ്ററേയും എസ്‌പി ഓഫീസിലേക്ക് വിളിച്ചുവരുത്തി മൊഴിരേഖപ്പെടുത്തിയിട്ടുണ്ട്.

വയനാട്ടിൽ നിന്നും ശാസ്ത്രീയ തെളിവുകളുള്ള മഹസർ അടങ്ങിയ രേഖകളുമായി കണ്ണൂരിലെത്തിയ ദിവസം ഫോറൻസിക് ലാബിൽ പൊലിസുകാരൻ എത്തിയിട്ടില്ലെന്നു അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. ബാഗ് കാണാതായവിവരം മേൽ ഉദ്യോഗസ്ഥരെ അറിയിക്കാതെ സ്വന്തം നിലയിൽ അന്വേഷണം നടത്തിയതിൽ ,ദുരൂഹതയുണ്ടെന്നാണ് ഇതേ കുറിച്ചു കണ്ണൂരിലെഒരു പൊലിസ് ഉദ്യോഗസ്ഥൻ വ്യക്തമാക്കിയത്. പോക്കസോ കേസിലെ പ്രതിയെ രക്ഷിക്കാൻ നടത്തിയ ഒത്തുകളിയാണോ സംഭവത്തിനു പിന്നിലെന്ന ആരോപണം ഉയർന്നിട്ടുണ്ടെങ്കിലും ഈക്കാര്യത്തിൽ തെളിവൊന്നും ലഭിച്ചിട്ടില്ലെന്നാണ് പ്രാഥമിക അന്വേഷണറിപ്പോർട്ടിൽ പറയുന്നത്.

പോക്സോ കേസിലെ പ്രതിയുടെ ഡി. എൻ. എ പരിശോധനയുൾപ്പെടെയുള്ള ശാസ്ത്രീയ തെളിവുകളുള്ള മഹസർ അടങ്ങിയ ബാഗാണ് വയനാട് പടിഞ്ഞാറെത്തറ പൊലിസ് സ്റ്റേഷനിലെ സി.പി.ഒ മുഹമ്മദ് അജ്നാസിന്റെ കൈയിൽ നിന്നും നഷ്ടമായത്. ബാഗ്പിന്നീട് കണ്ണൂർ ടൗൺ പൊലിസ് നടത്തിയ തെരച്ചിലിൽ കണ്ണൂർ റെയിൽവേ സ്റ്റേഷൻ പരിസരത്തു നിന്നും ലഭിച്ചുവെങ്കിലും രേഖകൾ നശിപ്പിക്കപ്പെട്ട നിലയിലായിരുന്നു.

സ്റ്റേഷൻ പരിധിയിലെ പോക്സോ കേസുമായി ബന്ധപ്പെട്ട രേഖകളടങ്ങിയ ബാഗുമായി വയനാട് പോക്സോ കോടതിയുടെ നിർദ്ദേശപ്രകാരം കണ്ണൂർ ഫോറൻസിക് ലാബിലേക്ക് വന്നതായിരുന്നു പൊലിസുകാരൻ. കാസർകോട്, വയനാട് എന്നിവടങ്ങളിലെ ഫോറൻസിക് പരിശോധനകൾ കണ്ണൂരിലെ ഫോറൻസിക് ലാബിൽ നിന്നാണ് ചെയ്യുന്നത്.