കോന്നി: പതിമൂന്നുകാരിയെ വീട്ടിലേക്ക് വിളിച്ചു വരുത്തി പീഡിപ്പിച്ചുവെന്ന പരാതിയിൽ പതിനെട്ടുകാരനെ പോക്സോ കേസിൽ അറസ്റ്റ് ചെയ്തു. തണ്ണിത്തോടുകാരനാണ് അറസ്റ്റിലായത്. വ്യാഴാഴ്ച രാവിലെ പത്തിന് പെൺകുട്ടിയെ വീട്ടിൽ നിന്നും കാണാതായിരുന്നു. അമ്മൂമ്മയുടെ പരാതിയിൽ പൊലീസ് തിരോധാന കേസ് രജിസ്റ്റർ ചെയ്തു.

ജില്ലാ പൊലീസ് സൈബർ സെല്ലിന്റെ സഹായത്തോടെ പൊലീസ് പെൺകുട്ടിയുടെ ഫോൺവിളികളുടെ വിശദാംശം തേടി. തുടർന്നാണ് പെൺകുട്ടി പതിനെട്ടുകാരനൊപ്പമുണ്ടെന്ന് അറിഞ്ഞത്. വൈകിട്ട് തിരിച്ചു വിടാമെന്ന് പറഞ്ഞ് പെൺകുട്ടിയെ സ്വന്തം വീട്ടിലേക്ക് വിളിച്ചുവരുത്തി അവിടെവച്ച് പീഡിപ്പിക്കുകയായിരുന്നു. ഇയാളുടെ വീട്ടിലെത്തുന്നതു വരെ പെൺകുട്ടിയുടെ ഫോണിൽ വിളിച്ചു കൊണ്ടിരുന്നു.

ആറുമാസമായി ഇരുവരും അടുപ്പത്തിലാണെന്നും എല്ലാ ദിവസവും വിളിക്കാറുണ്ടെന്നും പെൺകുട്ടി പൊലീസിന് വീട്ടിൽ വച്ച് നൽകിയ മൊഴിയിൽ പറയുന്നു. വീട്ടിലെത്തിയ ഉടനെ മുറിക്കുള്ളിൽ പിടിച്ചുകയറ്റി ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നുവെന്നും ഈ സമയം മറ്റാരും വീട്ടിലില്ലായിരുന്നുവെന്നും പെൺകുട്ടി പറഞ്ഞു. തിരോധനത്തിന് രജിസ്റ്റർ ചെയ്ത കേസിൽ പിന്നീട് ബലാൽസംഗം, പോക്സോ എന്നീ വകുപ്പുകൾ ചേർത്ത് അന്വേഷണം തുടരുകയായിരുന്നു.

ഇരുവരുടെയും വൈദ്യപരിശോധന നടത്തുകയും, കോടതിയിൽ പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തു. പ്രതിയെ ഇയാളുടെ വീട്ടിൽ നിന്നാണ് കസ്റ്റഡിയിലെടുത്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. എസ് ഐ രാകേഷ്, എ എസ് ഐമാരായ ദിലീപ്ഖാൻ, സണ്ണി എസ് സി പി ഓമാരായ അഷ്റഫ്, ലിജോ, ഷബീർ, സി പി ഓ ചിഞ്ചു ബോസ്സ് എന്നിവരുടെ സംഘമാണ് അന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്തത്.