അടൂർ: ആറുമാസം മുൻപ് പതിനേഴുകാരിയെ വശീകരിച്ച് പീഡിപ്പിച്ച് നഗ്‌ന ചിത്രങ്ങൾ കൈക്കലാക്കുകയും ഭീഷണിപ്പെടുത്തി ആഭരണങ്ങൾ തട്ടിയെടുക്കുകയും ചെയ്ത കേസിൽ റിമാൻഡ് കഴിഞ്ഞ് ഇറങ്ങിയതിന് പിന്നാലെ പതിനാലുകാരിയെ വളച്ച് പീഡിപ്പിച്ച് സ്വർണം തട്ടിയെടുത്ത യുവാവ് അറസ്റ്റിൽ. ഏനാദിമംഗലം മാരൂർ ചാങ്കൂർ കണ്ടത്തിൽപറമ്പിൽ വീട്ടിൽ നിന്നും പുനലൂർ കരവാളൂർ മാത്രനിരപ്പത്ത് ഫൗസിയ മൻസിലിൽ വാടകയ്ക്ക് താമസിക്കുന്ന അജിത്ത് (21) ആണ് അറസ്റ്റിലായത്. വെറും ആറുമാസത്തെ ഇടവേളയിൽ രണ്ട് പോക്സോ കേസിൽ പ്രതിയായി എന്ന അപൂർവതയും ഇനി അജിത്തിന് സ്വന്തം.

സാമൂഹിക മാധ്യമങ്ങൾ വഴിയാണ് ഇയാൾ ഇരകളെ വശീകരിച്ചത്.
ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട് പ്രണയം നടിച്ച് പ്രലോഭിപ്പിച്ചാണ് പതിനാലുകാരിയെ പ്രതി വശത്താക്കിയത്. കഴിഞ്ഞ സെപ്റ്റംബർ മാസം രാത്രി പെൺകുട്ടിയുടെ വീട്ടിലെ കിടപ്പുമുറിയിൽ അതിക്രമിച്ചുകയറി ലൈംഗിക പീഡനത്തിന് വിധേയയാക്കി. ഇത് മൊബൈലിൽ പകർത്തുകയും ചെയ്തു. തുടർന്ന് ചിത്രവും മറ്റും സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പെൺകുട്ടിയുടെ സ്വർണവും പണവും തട്ടിയെടുത്തു. വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി വീണ്ടും പീഡിപ്പിക്കുകയും ചെയ്തു. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.

ജില്ലാ പൊലീസ് മേധാവി സ്വപ്നിൽ മധുകർ മഹാജന്റെ നിർദ്ദേശപ്രകാരം പൊലീസ് ഇൻസ്പെക്ടർ ടി.ഡി. പ്രജീഷിന്റെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ആറുമാസം മുമ്പാണ് സമാനരീതിയിൽ പതിനേഴുകാരിയെ പ്രണയം നടിച്ചും വിവാഹ വാഗ്ദാനം ചെയ്തും പീഡിപ്പിച്ച കേസിൽ അജിത്ത് അറസ്റ്റിലായത്. നഗ്ന ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി സ്വർണംകൈക്കലാക്കുകയും ചെയ്തു. കേസിൽ ഇയാളെ അടൂർ പൊലീസ് തന്നെയാണ് അറസ്റ്റ് ചെയ്തത്. കോടതിയിൽ നിന്നും ജാമ്യത്തിൽ ഇറങ്ങിയ പ്രതി ജാമ്യ ഉപാധികൾ ലംഘിച്ചാണ് കുറ്റകൃത്യം ആവർത്തിച്ചത്.

ഡി വൈ.എസ്‌പി ആർ. ബിനുവിന്റെ മേൽനോട്ടത്തിലായിരുന്നു അന്വേഷണം. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. അന്വേഷണസംഘത്തിൽ പൊലീസ് ഇൻസ്പെക്ടർക്ക് പുറമെ എസ്‌ഐ എം. മനീഷ്, സിവിൽ പൊലീസ് ഓഫീസർമാരായ റോബി ഐസക്, ശ്രീജിത്ത്, അനൂപ എന്നിവരാണ് ഉണ്ടായിരുന്നത്.