ശാസ്താംകോട്ട: ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയെ സ്‌കൂളിൽ വച്ച് പീഡിപ്പിച്ച കേസിൽ പ്രതിയായ ജീവനക്കാരൻ ഒളിവിൽ. സിപിഎം സംരക്ഷണയിൽ ഇയാൾ ഒൽവിൽ കഴിയുകയാണെന്ന ആക്ഷേപം മുറുകുന്നതിനിടെ പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി. സിപിഎമ്മിന്റെ സജീവ പ്രവർത്തകനും എൻജിഓ യൂണിയൻ നേതാവുമായ ശൂരനാട് തെക്ക് കിടങ്ങയം നടുവിലേമുറി കിഴക്കടത്ത് മുക്ക് കാർത്തികയിൽ അജയൻ പിള്ള എന്ന് അറിയപ്പെടുന്ന അജയകുമാറി(46)ന് വേണ്ടിയാണ് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുന്നത്.

ആറുമാസം മുൻപാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. പരാതി കിട്ടി ശൂരനാട് പൊലീസ് കേസെടുക്കുന്നത് ഈ വർഷം ആദ്യമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. അജയനെതിരേ മുൻപും സമാനമായ ആരോപണം ഉയർന്നിരുന്നു. പതാരത്ത് ഇയാൾ ട്യൂഷൻ സെന്റർ നടത്തിയിരുന്നു. ഇതിന്റെ മറവിൽ പെൺകുട്ടികൾക്ക് നേരെ ലൈംഗിക അതിക്രമത്തിന് മുതിർന്നിരുന്നുവത്രേ. സ്ത്രീകളോട് ഇയാൾ മോശമായി പെരുമാറുന്നുവെന്ന പരാതി നേരത്തേയും ഉണ്ടായിരുന്നു.

രാത്രികാല ട്യൂഷന് വിളിച്ച് വരുത്തിയാണ് പെൺകുട്ടികളോട് മോശമായി പെരുമാറിയിരുന്നത്. കുട്ടികളുടെ അമ്മമാരെ രാത്രികാലങ്ങളിൽ ഫോണിൽ വിളിച്ച് ശല്യം ചെയ്തിരുന്നു. കുട്ടികളുടെ പരാതിയിൽ ഇയാൾക്കെതിരേ ശിശുക്ഷേമ സമിതിയിൽ നിന്നടക്കം അന്വേഷണം നടന്നിരുന്നു. മുൻപ് ഡിവൈഎഫ്ഐയുടെ സജീവ പ്രവർത്തകനായിരുന്നു. സിപിഎമ്മിലും എൻജിഓ യൂണിയനിലുമുള്ള ബന്ധം ഉപയോഗിച്ച് പീഡന പരാതികൾ ഒതുക്കി തീർക്കുകയായിരുന്നു.

പ്രതി ഒളിവിലായതു കൊണ്ട് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കേണ്ടി വന്നുവെന്നാണ് പൊലീസ് പറയുന്നത്. സിപിഎം ഇടപെടലിനെ തുടർന്ന് പൊലീസ് ഒളിച്ചു കളിക്കുന്നുവെന്നാണ് ആക്ഷേപം. ഈ കേസിലെ ഇരയുടെ ബന്ധുക്കൾ ഇയാളെ മർദിച്ചിരുന്നതായി പറയുന്നു. സമാന സംഭവങ്ങളിൽ മുൻപും നാട്ടുകാരുടെ കൈയിൽ നിന്ന് ഇയാൾക്ക് അടി കിട്ടിയിരുന്നുവെന്നാണ് വിവരം.