പയ്യന്നൂർ: പതിമൂന്ന് വയസുകാരിയായ വിദ്യാർത്ഥിനിയെ ലൈംഗിക അതിക്രമത്തിന് ഇരയാക്കാൻ ശ്രമിച്ചുവെന്ന കേസിൽ റിമാന്റിലായ ക്ഷേത്ര ജീവനക്കാരനെ ദേവസ്വം ബോർഡ് സസ്‌പെന്റ് ചെയ്തു. ചെറുതാഴം രാഘവപുരം ക്ഷേത്രത്തിലെ വഴിപാട് അറ്റൻഡർ കരയടത്ത് വീട്ടിൽ മധുസൂദനനെയാണ് (43) അന്വഷണ വിധേയമായി സസ്‌പെന്റ് ചെയ്തു കൊണ്ടു കൊണ്ട് എക്‌സിക്യൂട്ടീവ് ഓഫീസർ എ.വാസുദേവൻ നമ്പൂതിരി ഉത്തരവിറക്കിയത്. വെള്ളിയാഴ്‌ച്ച വൈകുന്നേരം പരിയാരം പൊലീസ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയ മധുസൂദനൻ ഇപ്പോൾ റിമാന്റിലാണ്.

മലബാർ ദേവസ്വം എംപ്ലോയീസ് യൂനിയൻ (സിഐ.ടി.യു.) മാടായി ഏരിയ കമ്മിറ്റി ജോ.സെക്രട്ടറിയും സിപിഎം. ചെറുതാഴം കല്ലമ്പള്ളി ബ്രാഞ്ച് മുൻ സെക്രട്ടറിയുമായ മധുസൂദനൻ അസുഖം നടിച്ച് പയ്യന്നൂർ സഹകരണ ആശുപത്രിയിൽ ഒളിവിൽ കഴിയവെ രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പരിയാരം പൊലീസ് അറസ്റ്റ് ചെയ്തത്.

പീഡനത്തിന് ഇരയായ പെൺകുട്ടിയുടെ അമ്മ മാതാവ് സ്‌കൂൾ അധികൃതർക്ക് നൽകിയ പരാതിയെ തുടർന്നാണ് പരിയാരം പൊലിസ് ഇയാൾക്കെതിരെ പോക്്സോ കേസെടുത്തത്. സി.പി. എം പാർട്ടി ഗ്രാമമായ ചെറുതാഴത്തെ പ്രാദേശിക നേതാവായ മധുസൂദനനെതിരെ രണ്ടാഴ്ച മുൻപാണ് പെൺകുട്ടിയെ പീഡിപ്പിച്ചുവെന്ന പരാതി ഉയർന്നത്. ഇതിനു ശേഷം ഇയാളെ പാർട്ടി ബ്രാഞ്ച് സെക്രട്ടറി സ്ഥാനത്തു നിന്നും നീക്കിയിരുന്നു.

എന്നാൽ മധുസൂദനനെ പൊലീസ് കേസിൽ നിന്നും ഒഴിവാക്കാൻ നേതൃത്വം ശ്രമിച്ചുവെങ്കിലും ഈക്കാര്യത്തിൽ യോജിപ്പില്ലാത്ത പ്രവർത്തകരിൽ ചിലർ ചൈൽഡ് ലൈനിൽ വിളിച്ചു വിവരമറിയിക്കുകയായിരുന്നു. ഇതോടൊപ്പം പെൺകുട്ടിയുടെ അമ്മ സ്‌കൂൾ അധികൃതർക്ക് പരാതി നൽകുകയും ചെയ്തു. ഇതിനെ തുടർന്നാണ് പൊലീസിൽ പരാതിപ്പെടുന്നത്.

മധുസൂദനൻ അറസ്റ്റിലായതിനെ തുടർന്ന് ഇയാൾക്കെതിരെ നിരവധി സ്വഭാവദൂഷ്യ പരാതികളാണ് ഉയർന്നത്. ഈക്കാര്യവും സിപിഎമ്മിൽ ചൂടേറിയ ചർച്ചയായിട്ടുണ്ട്. പെൺകുട്ടിയെ പീഡിപ്പിച്ചുവെന്ന പരാതിയിൽ പാർട്ടി ബ്രാഞ്ച് സെക്രട്ടറി സ്ഥാനത്തു നിന്നും രണ്ടാഴ്ച മുൻപ് സി.പി. എം നീക്കം ചെയ്തുവെങ്കിലും രാമായണ മാസാചരണത്തിന്റെ ഭാഗമായി തിരക്കിലായതിനാലാണ് മാറ്റിയതെന്നായിരുന്നു പാർട്ടി ലോക്കൽ കമ്മിറ്റിയുടെ വിശദീകരണം.

എന്നാൽ പൊലീസ് അറസ്റ്റിലായതോടെ മധുസൂദനൻ പീഡനക്കേസിൽ പ്രതിയായതിനാലാണ് മാറ്റിയതെന്നു വ്യക്തമാവുകയായിരുന്നു. സോഷ്യൽ മീഡിയയിൽ അറിയപ്പെടുന്ന സി.പി. എം സൈബർ പോരാളിയാണ് മധുസൂദനൻ. മുഖ്യമന്ത്രിയുടെ പ്രൊഫൈൽ ചിത്രം വെച്ചുകൊണ്ടാണ് ഇയാൾ രാഷ്്ട്രീയ നിലപാടുകൾ വ്യക്തമാക്കിയിരുന്നത്.