- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റാന്നി ഡിവൈ.എസ്പിയെ അടക്കം വനത്തിൽ കുടുക്കിയ പോക്സോ കേസ് പ്രതി ഒടുവിൽ പിടിയിൽ; അറസ്റ്റിലാകുന്നത് കേസ് രജിസ്റ്റർ ചെയ്ത് മൂന്നു വർഷത്തിന് ശേഷം; പമ്പ പൊലീസിനെ വട്ടം കറക്കിയ സുരേഷ് പിടിയിലായത് ബന്ധുവിനെ പീഡിപ്പിച്ച കേസിൽ
പമ്പ: പോക്സോ കേസിൽ മൂന്നു വർഷത്തോളം പൊലീസിനെ വട്ടം ചുറ്റിച്ച പ്രതി ഒടുവിൽ പിടിയിൽ. ബന്ധുവായ പതിന്നാലുകാരിയെ വീട്ടിൽ നിന്നും തട്ടിക്കൊണ്ടു പോയി ലൈംഗികമായും ശാരീരികമായും പീഡിപ്പിച്ച ശേഷം മൂന്നുവർഷത്തോളമായി കാട്ടിൽ ഒളിവിൽ താമസിച്ചുവന്ന ഇടുക്കി മഞ്ചുമല വണ്ടിപ്പെരിയാർ സത്രം എന്ന സ്ഥലത്ത് സുരേഷ് എന്നുവിളിക്കുന്ന ജോയി (26) ആണ് പൊലീസിന്റെ പിടിയിലായത്.
ഇയാളെ തേടിയുള്ള പരക്കം പാച്ചിലിൽ ഉൾവനത്തിൽ കുടുങ്ങിയ റാന്നി മുൻ ഡിവൈ.എസ്‌പി ജി. സന്തോഷ്‌കുമാർ അടക്കം ഏറെ നേരത്തേ പരിശ്രമത്തിനൊടുവിലാണ് പുറത്തെത്തിയത്. പമ്പ് പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ സുരേഷ് കൊടുംകാടാണ് ഒളിത്താവളമാക്കിയത്.
2020 നവംബർ 22 ന് വെളുപ്പിന് പ്രാഥമികാവശ്യത്തിനായി വീടിനു പുറത്തിറങ്ങിയ പെൺകുട്ടിയെ വെളിയിൽ പതുങ്ങിനിന്ന പ്രതിയും സുഹൃത്ത് വണ്ടിപ്പെരിയാർ സത്രം സ്വദേശി കരുമാടി എന്ന് വിളിക്കുന്ന രതീഷും ചേർന്ന് ബലമായി തട്ടിക്കൊണ്ടുപോകുകയായിരുന്നു. സുരേഷ് കുട്ടിയുടെ മുഖം പൊത്തി ബലമായി പിടിച്ച് രതീഷിന്റെ സഹായത്തോടെയാണ് റോഡിൽ നിർത്തിയിട്ട കാറിൽ കയറ്റി വണ്ടിപ്പെരിയാറുള്ള ഇയാളുടെ വീട്ടിൽ എത്തിച്ചത്.
2021 സെപ്റ്റംബർ ആറു വരെയുള്ള കാലയളവിൽ അവിടെയും വനത്തിനുള്ളിൽ പലയിടങ്ങളിലെ ഷെഡുകളിലും വച്ച് ബലാൽസംഗം ചെയ്യുകയുമായിരുന്നെന്ന് അന്വേഷണത്തിൽ വ്യക്തമായി. കുട്ടിയുടെ ബന്ധു സംഭവ ദിവസം രാവിലെ പമ്പ പൊലീസ് സ്റ്റേഷനിലെത്തി വിവരം അറിയിച്ചു. പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു. പിന്നീട് റാന്നി ഡി വൈ എസ് പി അന്വേഷണം ഏറ്റെടുത്തു.
പെൺകുട്ടിയുടെ വിശദമായ മൊഴിയുടെ അടിസ്ഥാനത്തിൽ തട്ടിക്കൊണ്ടു പോകലിനും ദേഹോപദ്രവം ഏൽപ്പിച്ചതിനും ബലാൽസംഗത്തിനുംപോക്സോ നിയമം അനുസരിച്ചുള്ള വകുപ്പുകളും ബാലനീതി നിയമത്തിലെ വകുപ്പും കേസിൽ കൂട്ടിച്ചേർത്തു. കുട്ടിയുടെ മൊഴി കോടതിയിലും രേഖപ്പെടുത്തി. ജില്ലാ പൊലീസ് മേധാവി വി. അജിത്തിന്റെ നിർദേശ പ്രകാരം ഊർജിതമാക്കിയ അന്വേഷണത്തെ തുടർന്ന് പ്രതിയെ താമസസ്ഥലത്തു നിന്നുമാണ് പിടികൂടിയത്.
പീഡന പരമ്പരയ്ക്ക് ശേഷം 2021 സെപ്റ്റംബർ ഏഴിന് പെൺകുട്ടി സ്വന്തം വീട്ടിലെത്തി. അന്വേഷണം വ്യാപകമാക്കിയ പൊലീസ് അന്നത്തെ റാന്നി ഡി വൈ.എസ്‌പി ജി. സന്തോഷ് കുമാറിന്റെ നേതൃത്വത്തിൽ വണ്ടിപ്പെരിയാർ പ്രദേശത്തെ വനത്തിനുള്ളിൽ തെരച്ചിൽ നടത്തിയിരുന്നു. വണ്ടിപ്പെരിയാർ പൊലീസ് സ്പെഷ്യൽ സ്‌ക്വാഡിലെ ഉദ്യോഗസ്ഥരായ ജോഷി, മഹേഷ്, സാദിഖ് എന്നിവരും തെരച്ചിലിൽ പങ്കെടുക്കുകയുണ്ടായി. നിബിഡ വനത്തിനുള്ളിൽ പൊലീസ് സംഘം കുടുങ്ങിപ്പോയതും വാർത്തയായിരുന്നു. വളരെ പ്രസയാസം അനുഭവിച്ചാണ് ഇവരെ പുറത്തെത്തിച്ചത്.
രണ്ടാം പ്രതി രതീഷ് ഒളിവിൽ തുടരുകയാണ്. ഇയാൾക്കുവേണ്ടിയുള്ള തെരച്ചിൽ പമ്പ പൊലീസ് ഊർജ്ജിതമാക്കി. പമ്പ പൊലീസ് ഇൻസ്പെക്ടർ മഹേഷ് കുമാർ, എസ് ഐ സുഭാഷ്, മുമ്പ് പമ്പ എസ് ഐ ആയിരുന്ന വിമൽ, സി പി ഓമാരായ രതീഷ് കുമാർ, അരുൺ ദേവ്, നിവാസ് എന്നിവരാണ് അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നത്.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്