- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പതിനാറുകാരി പ്രസവിച്ചു; പ്രണയം നടിച്ച് പീഡിപ്പിച്ച യുവാവ് ആന്ധ്രയിലും തമിഴ്‌നാട്ടിലുമായി ഒളിവുജീവിതം; പൊലീസിനെ കബളിപ്പിച്ച് നടന്നിരുന്ന പ്രതിയെ ഒരു വർഷത്തിന് ശേഷം പിടികൂടി
കൂടൽ: പതിനാറുകാരി പീഡനത്തിന് ഇരയായി പ്രസവിച്ച സംഭവത്തിൽ പല സംസ്ഥാനങ്ങളിലായി മാറി മാറി താമസിച്ച് പൊലീസിനെ വട്ടം ചുറ്റിച്ച പ്രതി ഒരു വർഷത്തിന് ശേഷം പിടിയിൽ.
ഏനാദിമംഗലം മാരൂർ കണ്ടത്തിൽ പറമ്പിൽ വീട്ടിൽ നിന്നും കൊല്ലം പുനലൂർ കരവാളൂർ മാത്ര നിരപ്പത്ത് ഫെസിയ മൻസിലിൽ നസീമയുടെ വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന അഭിജിത് (20) ആണ് പിടിയിലായത്. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ, മാതാവ് ജോലിക്ക് പോയ സമയം നോക്കിയാണ് കുട്ടിയെ യുവാവ് പീഡനത്തിനിരയാക്കിയത്. തുടർന്ന് പെൺകുട്ടി ഗർഭിണിയാവുകയും ഒക്ടോബർ 25 ന് പെൺകുഞ്ഞിന് ജന്മം നൽകുകയും ചെയ്തു.
പെൺകുട്ടിയുടെ മൊഴിപ്രകാരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചതറിഞ്ഞ് പ്രതി മുങ്ങി. പെൺകുട്ടിയുടെയും കുഞ്ഞിന്റെയും ഡി.എൻ.എ പരിശോധനയ്ക്ക് വേണ്ട നടപടികൾ പൊലീസ് കൈക്കൊണ്ടിരുന്നു. സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതിയെ സാഹസികമായാണ് പൊലീസ് വലയിലാക്കിയത്. ഇൻസ്പെക്ടർ ജി. പുഷ്പകുമാറാണ് അന്വേഷണം നടത്തിയത്. കേരളം വിട്ട പ്രതി ആന്ധ്രാപ്രദേശിൽ പിതാവ് താമസിക്കുന്ന സ്ഥലത്തേക്കാണ് ആദ്യം പോയത്.
ജില്ലാ പൊലീസ് മേധാവി സ്വപ്നിൽ മധുകർ മഹാജന്റെ നിർദ്ദേശാനുസരണം, സൈബർ സെല്ലിന്റെ സഹായത്തോടെ ഫോൺ ലൊക്കേഷനുകൾ മനസിലാക്കിയ പൊലീസ് സംഘം അവിടേക്ക് നീങ്ങുമ്പോഴേക്കും പ്രതി അവിടെ നിന്നും മുങ്ങിയിരുന്നു. ലൊക്കേഷൻ പിന്തുടർന്ന് അന്വേഷണം പുരോഗമിക്കവേ ഇയാൾ തമിഴ്‌നാട്ടിലേക്ക് കടന്നു. പൊലീസ് അവിടെയെത്തുന്നതിന് മിനിറ്റുകൾക്ക് മുമ്പ് വിദഗ്ദ്ധമായി കബളിപ്പിച്ചുരക്ഷപ്പെട്ടു.
ആന്ധ്രയിലും തമിഴ്‌നാട്ടിലുമായി മാറിമാറി ഒളിവിൽ കഴിഞ്ഞ പ്രതി തന്ത്രപരമായി കരുക്കൾ നീക്കിയ പൊലീസ് സംഘത്തിന്റെ വലയിൽ ബുധനാഴ്‌ച്ച ഉച്ചയോടെ കുടുങ്ങുകയായിരുന്നു. തുടർന്ന് തമിഴ്‌നാട്ടിൽ നിന്നും കൂടലിൽ എത്തിച്ച് ചോദ്യം ചെയ്തു. മൊബൈൽ ഫോണും പിടിച്ചെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. അന്വേഷണസംഘത്തിൽ എസ്‌ഐ ദിജേഷ്, സി.പി.ഓമാരായ സുമേഷ്, അനൂപ്, രതീഷ് എന്നിവരാണ് ഉണ്ടായിരുന്നത്.
ശ്രീലാല് വാസുദേവന് മറുനാടന്‍ മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്