- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഫേസ്‌ബുക്കിലൂടെ പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചത് രണ്ടു വർഷം; ഭീഷണിപ്പെടുത്തി പണം തട്ടലും നഗ്നചിത്രം പ്രചരിപ്പിക്കലും; കുളത്തൂപ്പുഴ വനമേഖലയിൽ നിന്ന് പ്രതിയെ പന്തളം പൊലീസ് പിടികൂടിയത് അതിസാഹസികമായി
പന്തളം: ഫേസ്‌ബുക്കിലൂടെ പരിചയപ്പെട്ടശേഷം കഴിഞ്ഞ രണ്ടുവർഷമായി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ 24 കാരനെ പന്തളം പൊലീസ് ശ്രമകരമായ അന്വേഷണത്തിനൊടുവിൽ പിടികൂടി. കുളത്തൂപ്പുഴ കണ്ടൻചിറ ഡാലി പി ഓയിൽ ഓയിൽപാം എസ്റ്റേറ്റ് സനൽ ഭവനം വീട്ടിൽ സനലി (24)നെയാണ് കുളത്തൂപ്പുഴ കണ്ടൻചിറ ഓയിൽ പാം എസ്റ്റേറ്റ് വനമേഖലയിലെ വാടകവീട്ടിൽ നിന്നും പൊലീസ് ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ ഇന്നലെ രാവിലെ സാഹസികമായി കീഴ്പ്പെടുത്തിയത്. പെൺകുട്ടിയെ പ്രണയം നടിച്ച് ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടുപോയി യുവാവ് പീഡിപ്പിക്കുകയായിരുന്നു. തുടർന്ന്, കുട്ടിയുടെ നഗ്നചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു. ഈ ചിത്രങ്ങൾ കാണിച്ച് പിന്നീട് ഭീഷണിപ്പെടുത്തി സ്വർണാഭരണങ്ങൾ കൈവശപ്പെടുത്തുകയും ചെയ്തു.
പ്രതി കാട്ടിനുള്ളിൽ ഒളിച്ചിരിപ്പുണ്ടെന്ന് രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് ഇന്നലെ രാത്രി മുഴുവൻ കുളത്തൂപ്പുഴ വനമേഖലയിലെ ഡാലിചതുപ്പ് എന്ന ഭാഗം കേന്ദ്രീകരിച്ച് പൊലീസ് സംഘം തെരച്ചിൽ നടത്തിയിരുന്നു. പൊലീസ് എത്തിയതറിഞ്ഞ യുവാവ് നിബിഢവനത്തിനുള്ളിൽ ഒളിച്ചു. ആനയും മറ്റ് വന്യമൃഗങ്ങളും വ്യാപകമായി കാണപ്പെടുന്ന മേഖലയാണ് ഇവിടം. ഇത് വ്യക്തമായി അറിയാവുന്ന യുവാവിന്റെ നീക്കം അറിയാൻ പൊലീസ് നന്നേ ബുദ്ധിമുട്ടി. മൊബൈൽ റേഞ്ച് കുറവായതും തെരച്ചിലിൽ ബുദ്ധിമുട്ട് സൃഷ്ടിച്ചു. ടവർ ലൊക്കേഷനും കിട്ടാത്ത അവസ്ഥയായിരുന്നു. അപകടസൂചന മുന്നിൽക്കണ്ടും വനമേഖലയിൽ തമ്പടിച്ച പൊലീസ് ഇന്ന് രാവിലെയും തെരച്ചിൽ തുടർന്നു. ഇക്കാര്യം മനസ്സിലാക്കിയ സനൽ ഉൾവനത്തിൽ നിന്നും പുറത്തുകടന്ന് രക്ഷപ്പെട്ട് വാടകവീട്ടിലെത്തി. ഇതറിഞ്ഞ് പൊലീസ് ഇവിടെയെത്തി മൽപ്പിടിത്തത്തിലൂടെ പ്രതിയെ കീഴടക്കുകയായിരുന്നു.
അടൂർ ഡി വൈ എസ് പി ആർ ജയരാജിന്റെ മേൽനോട്ടത്തിൽ, പന്തളം പൊലീസ് ഇൻസ്പെക്ടർ ടി ഡി പ്രജീഷിന്റെ നേതൃത്വത്തിൽ രൂപീകരിച്ച പ്രത്യേകസംഘമാണ് ശ്രമകരമായ ദൗത്യത്തിലൂടെ പ്രതിയെ വലയിലാക്കിയത്. പൊലീസ് സംഘത്തിൽ എസ് ഐ വി വിനു, സി പി ഓമാരായ അൻവർഷാ, അമീഷ്, നാദർഷാ, ബിനു രവീന്ദ്രൻ തുടങ്ങിയവരാണ് ഉള്ളത്. പിന്നീട്, പൊലീസ് ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ പ്രതിയെ തെന്മല, ഉറുകുന്ന്, കുളത്തൂപ്പുഴ തുടങ്ങിയ സ്ഥലങ്ങളിലെത്തിച്ച് തെളിവെടുപ്പ് നടത്തി. പെൺകുട്ടിയെ ഭീഷണിപ്പെടുത്തി പ്രതി കൈവശപ്പെടുത്തി പണയം വച്ച സ്വർണാഭരണങ്ങൾ കുളത്തൂപ്പുഴയിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ നിന്നും കണ്ടെടുത്തു. കൂടുതൽ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനും ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്