കൊച്ചി: സിപിഎം പ്രവര്‍ത്തകന്‍ നാലുവയസുകാരിയെ പീഡിപ്പിച്ചെന്ന് പരാതി. തേലത്തുരുത്ത് ബ്രാഞ്ച് അംഗം ബി.കെ. സുബ്രഹ്‌മണ്യനെതിരേ കേസെടുത്ത പൊലീസ് അന്വേഷണം തുടങ്ങി. ജനുരി 15-നാണ് പോലീസ് കേസെടുത്തത്. ഇയാള്‍ ഇപ്പോള്‍ ഒളിവിലാണ്. പീഡനവിവരം ചോദിക്കാന്‍ ചെന്ന കുട്ടിയുടെ പിതാവിനെ പ്രതിയും കുടുംബവും ചേര്‍ന്ന് മര്‍ദിച്ചതായും പരാതിയുണ്ട്.

കുട്ടിയെ കുളിപ്പിക്കുന്നതിനിടെ നെഞ്ചില്‍ പാട് കണ്ടതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ ചോദിച്ചപ്പോഴാണ് നാലു വയസ്സുകാരി പീഡനവിവരം പുറത്തുപറയുന്നത്. സുബ്രഹ്‌മണ്യനെ കാണുന്നത് ഇഷ്ടമല്ലെന്നും ഇയാള്‍ ഉപദ്രവിച്ചുവെന്നും കുട്ടി പറഞ്ഞു. അതിക്രമത്തിന് ശേഷം കുഞ്ഞ് രാത്രി ഞെട്ടി എഴുന്നേല്‍ക്കാനും മാതാപിതാക്കളെ അടിക്കാനും തുടങ്ങിയതായും മാതാപിതാക്കള്‍ പറയുന്നു.

കുട്ടിയുടെ കുടുംബവുമായി അടുത്തബന്ധം പുലര്‍ത്തിയ വ്യക്തിയായിരുന്നു സുബ്രഹ്‌മണ്യന്‍. ഇയാളുടെ ഭാര്യ നടത്തിയിരുന്ന അംഗനവാടിയിലായിരുന്നു കുട്ടി പോയിരുന്നത്. മാതാപിതാക്കള്‍ ജോലിക്ക് പോയിരുന്ന സമയത്ത് കുട്ടിയെ അംഗനവാടിയില്‍ കൊണ്ടുപോയിരുന്നത് സുബ്രഹ്‌മണ്യനാണ്.

ജനുവരി 14-നാണ് മാതാപിതാക്കള്‍ പോലീസില്‍ പരാതി സമര്‍പ്പിക്കുന്നത്. അന്നുമുതല്‍ ഇയാള്‍ ഒളിവിലാണ്. കുട്ടിയുടെ പിതാവിനെ മര്‍ദിച്ച വിവരം പോലീസില്‍ പറഞ്ഞെങ്കിലും അധികൃതര്‍ കേസെടുത്തില്ലെന്നും കുടുംബം ആരോപിക്കുന്നു. നിരവധി തവണ ഇവരെ ഭീഷണിപ്പെടുത്താന്‍ സുബ്രഹ്‌മണ്യന്റെ മകനടക്കമുള്ളവര്‍ ശ്രമിച്ചതായും പരാതിയുണ്ട്.