കോഴിക്കോട്: നാലരവയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന് ആരോപിച്ചുള്ള കേസിൽ നടൻ കൂട്ടിക്കൽ ജയചന്ദ്രനെതിരായ തുടർ നടപടികൾ വൈകുന്നു എന്ന പരാതിയുമായി കുട്ടിയുടെ ബന്ധുക്കൾ. ഇതുസംബന്ധിച്ച് ബന്ധു സംസ്ഥാന പൊലീസ് മേധാവിക്കും കമ്മിഷണർക്കും പരാതി നൽകി.

പെൺകുട്ടിക്കും ബന്ധുക്കൾക്കും ഭീഷണിയുണ്ടെന്നും അതിനാൽ കുട്ടിയെ സ്‌കൂളിൽ അയയ്ക്കുന്നില്ലെന്നും പരാതിയിൽ പറയുന്നുണ്ട്. പ്രതിയെ അറസ്റ്റുചെയ്ത് കുറ്റപത്രം സമർപ്പിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നാണ് പരാതിയിലെ ആവശ്യം. അതിനിടെ കേസിൽ കസബ പൊലീസ് അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ വൈകുന്നതിൽ ചൈൽഡ് വെൽഫെയർ കമ്മിറ്റി ജുവനൈൽ പൊലീസ് ഡിവൈഎസ്‌പിയോട് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.

ഈ മാസം എട്ടിനാണ് ജയചന്ദ്രനെതിരെ പൊലീസ് കേസെടുത്തത്. തുടർന്ന് കുട്ടിയെ പൊലീസ് ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് കൈമാറി. പിന്നീട് കുട്ടിയുടെ സംരക്ഷണാവകാശം ബന്ധുവായ സ്ത്രീയ്ക്ക് കൈമാറുകയും ചെയ്തു. സംഭവത്തിലെ അന്വേഷണ റിപ്പോർട്ട് ഒരാഴ്ചയ്ക്കകം നൽകണമെന്നാണ് ചൈൽഡ് വെൽഫെയർ കമ്മിറ്റി കസബ പൊലീസിനോട് ആവശ്യപ്പെട്ടിരുന്നത്. എന്നാൽ അത് ഇതുവരെയും നൽകിയില്ല. ഈ സാഹചര്യത്തിലാണ് പൊലീസിനോട് റിപ്പോർട്ട് ആവശ്യപ്പെട്ടത്.

കുട്ടിയുടെ മാതാവാണ് കൂട്ടിക്കൽ ജയചന്ദ്രനെതിരെ കസബ പൊലീസിൽ പരാതി നൽകിയത്. ഇതിനുപിന്നാലെ പോക്സോ കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. കുടുംബ പ്രശ്‌നങ്ങൾ മുതലെടുത്ത് കൂട്ടിക്കൽ ജയചന്ദ്രൻ മകളെ പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി. പരാതി ലഭിച്ചതിനുപിന്നാലെ പൊലീസ് കുട്ടിയുടെ വീട്ടിലെത്തി മൊഴി രേഖപ്പെടുത്തി. ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റിന്റെ നിർദ്ദേശ പ്രകാരമാണ് പൊലീസ് കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയത്.

ടെലിവിഷൻ അവതാരകനായി കരിയർ ആരംഭിച്ച കൂട്ടിക്കൽ ജയചന്ദ്രൻ ഏറെ ശ്രദ്ധിക്കപ്പെട്ടു. തുടർന്ന് നിരവധി സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.