പന്തളം: ഒരിക്കൽ ലൈംഗിക അതിക്രമം നടത്തിയതിന് പോക്സോ കേസിൽ പ്രതിയായ യുവാവ് ഇതേ ഇരയെ തന്നെ പല സ്ഥലങ്ങളിൽ കൊണ്ടു പോയി ലൈംഗിക പീഡനം നടത്തിയ കേസിൽ ഒളിവിലിരിക്കേ പിടിയിൽ. ഉളനാട് ചിറക്കരോട്ടു വീട്ടിൽ അനന്തു അനിലിനെ(22)യാണ് ഇൻസ്പെക്ടർ ടി.ഡി. പ്രജീഷിന്റെ നേതൃത്വത്തിൽ എറണാകുളത്ത് നിന്ന് പൊക്കിയത്.

മുമ്പ് ഇതേ പെൺകുട്ടിയെ ലൈംഗിക അതിക്രമത്തിന് വിധേയയാക്കിയതിന് ഇയാൾക്കെതിരെ പന്തളം സ്റ്റേഷനിൽ പോക്സോ കേസ് നിലവിലുണ്ട്. കഴിഞ്ഞ വർഷം പന്തളം പൊലീസ് രജിസ്റ്റർ ചെയ്ത കഞ്ചാവ് കേസിൽ പ്രതിയാണ് അനന്തു. രണ്ടു വർഷം മുൻപ് പെൺകുട്ടിയുമായി ഫോൺ വഴി ബന്ധം സ്ഥാപിച്ചു. പിന്നീട് പ്രണയം നടിച്ച് ബൈക്കിൽ കയറ്റിക്കൊണ്ടു പോയി കഴിഞ്ഞ ഡിസംബറിൽ അടൂരിലെ ലോഡ്ജിൽ എത്തിച്ചാണ് ആദ്യം പീഡിപ്പിച്ചത്.

പിന്നീട് പലപ്പോഴും ഇത് തുടർന്നു. ഈ വർഷം പഴകുളത്തെ ഒരു വീട്ടിലെത്തിച്ചും പിന്നീട് പ്രതിയുടെ വീട്ടിൽ വച്ചും പലദിവസങ്ങളിലായി പലതവണ ലൈംഗിക പീഡനത്തിന് വിധേയയാക്കി. പീഡനവിവരം പുറത്തുപറഞ്ഞാൽ ജീവിക്കാൻ അനുവദിക്കില്ലെന്നും മുഖത്ത് ആസിഡ് ഒഴിക്കുമെന്നും കൊല്ലുമെന്നും ഭീഷണിപ്പെടുത്തി.

ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിനൊ ടുവിൽ എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷന് സമീപത്തു നിന്നുമാണ് അനന്തു പിടിയിലായത്. പീഡനവിവരം കുട്ടി അമ്മയെ അറിയിച്ചതിനെ തുടർന്ന് വെള്ളിയാഴ്ചയാണ് കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്തത്. വൈദ്യപരിശോധന നടത്തി തെളിവുകൾ ശേഖരിക്കുകയും, ചൈൽഡ് വെൽഫയർ കമ്മിറ്റിക്ക് റിപ്പോർട്ട് നൽകുകയും ചെയ്തു.

കുട്ടിയെ അന്യായതടങ്കലിൽ പാർപ്പിച്ച് പീഡിപ്പിച്ചതായി അന്വേഷണത്തിൽ വ്യക്തമായി. അടൂർ ഡിവൈ.എസ്‌പി ആർ ജയരാജിന്റെ മേൽനോട്ടത്തിൽ നടന്ന അന്വേഷണത്തിൽ എസ്‌ഐ അനിൽകുമാർ, എ എസ് ഐ മഞ്ചുമോൾ, സി പി ഓമാരായ അൻവർഷാ, അമീഷ്, നാദിർഷാ, രഞ്ജിത്ത് എന്നിവരായിരുന്നു സംഘത്തിൽ ഉണ്ടായിരുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.