- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
പോക്സോ കേസിൽ ദമ്പതിമാർ കീഴടങ്ങി
സുൽത്താൻ ബത്തേരി: വയനാട് കേണിച്ചിറയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പലതവണ പീഡിപ്പിച്ചെന്ന പരാതിയിൽ പ്രതികളായ ദമ്പതിമാർ കീഴടങ്ങി. നേരത്തെ ഒളിവിൽ പോയ ഇവർ ഇന്ന് രാവിലെയോടെയാണ് കേണിച്ചിറ പൊലീസ് സ്റ്റേഷനിൽ എത്തി കീഴടങ്ങിയത്. പൂതാടി ചെറുകുന്ന് പ്രചിത്തൻ(45) ഭാര്യ സുജ്ഞാന(38) എന്നിവരാണ് കീഴടങ്ങിയത്. പ്രതികളുടെ അറസ്റ്റു രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കി.
പെൺകുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയിൽ പൊലീസ് കേസെടുത്തതിന് പിന്നാലെ ദമ്പതിമാർ ഒളിവിൽപോവുകയായിരുന്നു. കഴിഞ്ഞദിവസം ഇവരുടെ മുൻകൂർ ജാമ്യാപേക്ഷ കല്പറ്റ അഡീ. സെഷൻസ് കോടതി തള്ളി. ഇതിനു പിന്നാലെയാണ് ഒളിവിലായിരുന്ന ദമ്പതിമാർ പൊലീസിന് മുന്നിൽ കീഴടങ്ങിയത്. കേസിലെ മറ്റൊരു പ്രതിയായ പൂതാടി കോട്ടവയൽ സ്വദേശി കിഴക്കേമഞ്ചംങ്കോട് സുരേഷ്(59) റിമാൻഡിലാണ്. ഇയാളുടെ ജാമ്യാപേക്ഷയും കോടതി കഴിഞ്ഞദിവസം തള്ളിയിരുന്നു.
പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ മൂന്ന് വർഷത്തോളമായി മാനസികമായും ശാരീരികമായും പീഡിപ്പിച്ചെന്നാണ് പരാതി. 2020 മുതൽ 2023 വരെയുള്ള കാലയളവിൽ പലതവണയാണ് പീഡനം നടന്നത്. ഒൻപതാം ക്ലാസ് മുതൽ പെൺകുട്ടിയെ ഭാര്യയുടെ ഒത്താശയോടെ പ്രചിത്തൻ പീഡിപ്പിച്ചെന്നാണ് പരാതിയിൽ പറയുന്നത്. കുട്ടിയെ സുരേഷ് വാഹനത്തിൽ കയറ്റിക്കൊണ്ടുപോയി മാനഹാനി വരുത്തിയതായും പരാതിയിലുണ്ട്.
പ്രചിത്തൻ തന്റെ വീട്ടിൽവെച്ച് പരാതിക്കാരിയും വിദ്യാർത്ഥിനിയുമായിരുന്ന പെൺകുട്ടിയെ പലതവണ പീഡിപ്പിച്ചെന്നും ഭാര്യ ഇതിനെല്ലാം കൂട്ടുനിന്നെന്നും പരാതിയിൽ ആരോപിക്കുന്നു. ഇതോടെയാണ് ഭാര്യയും ഭർത്താവും കേസിൽ പ്രതികളായത്. അടുത്തകാലത്തായി കുട്ടിയുടെ പെരുമാറ്റത്തിൽ വന്ന മാറ്റങ്ങലാണ് പീഡന വിവരം പുറത്തുവരാൻ ഇടയാക്കിയത്. കുട്ടിയുടെ പെരുമാറ്റത്തിൽ മാറ്റംതോന്നിയ മാതാപിതാക്കൾ ചോദിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. ഇതോടെ വിവരം പൊലീസിൽ അറിയിക്കുകയും കേസെടുക്കുകയും ചെയ്തു.
ഒളിവിൽപ്പോയ പ്രതികളെ അറസ്റ്റുചെയ്യാത്തതിൽ പ്രദേശത്ത് പ്രതിഷേധം ശക്തമായിരുന്നു. തുടർന്ന് കേണിച്ചിറ എസ്ഐ.യുടെ നേതൃത്വത്തിൽ അന്വേഷണസംഘം രൂപവത്കരിച്ച് ഇവർക്കായി തിരച്ചിൽ നടത്തിവരികയായിരുന്നു. ഇതിനിടെ പ്രതികൾ കർണാടകയിലേക്ക് കടന്നതായി വിവരം ലഭിച്ചതോടെ പൊലീസ് സംഘം അവിടെയും അന്വേഷണം നടത്തി.
കഴിഞ്ഞദിവസം പ്രതികൾ സഞ്ചരിച്ചിരുന്ന വാഹനം കണ്ടെത്തിയതായാണ് പൊലീസ് പറഞ്ഞിരുന്നത്. ഇതിനുപിന്നാലെയാണ് പ്രതികളായ ദമ്പതിമാർ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയത്.