തിരുവനന്തപുരം: 14കാരി ഗർഭിണിയാവുകയും, കോടതിയുടെ അനുമതിയില്ലാതെ അബോർഷൻ നടത്തുകയും ചെയ്ത സംഭവത്തിൽ, രണ്ടാനച്ഛൻ അറസ്റ്റിൽ. തിരുവല്ലം പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. പെൺകുട്ടിയെ മജിസ്‌ട്രേറ്റിന് മുന്നിലെത്തിച്ച് രഹസ്യമൊഴി രേഖപ്പെടുത്തി. വീട്ടുകാരും, ആശുപത്രി അധികൃതരും മൂന്ന് മാസത്തിലേറെ വിവരം മറച്ചുവച്ചിരിക്കുകയായിരുന്നു. പൊലീസ് കേസെടുത്തതോടെ തിരുവനന്തപുരത്ത് നിന്ന് സ്ഥലം വിടുകയും ചെയ്തു. ഇവരെ കന്യാകുമാരിയിൽ പോയി പൊലീസ് കണ്ടെത്തി. അമ്മയേയും മക്കളേയും സർക്കാർ നിരീക്ഷണത്തിൽ സുരക്ഷിത സ്ഥലത്തേക്ക് മാറ്റി. തിരുവല്ലം പൊലീസിന്റെ ചടുല നീക്കങ്ങളാണ് അന്വേഷണത്തിൽ നിർണ്ണായകമായത്.

പതിനാലുകാരിയെ ഗർഭിണിയാക്കിയത് രണ്ടാനച്ഛനെന്ന് പൊലീസിന് നേരത്തെ സൂചന കിട്ടിയിരുന്നു. അമ്മയെയും രണ്ടു മക്കളെയും പൊലീസ് നിരീക്ഷണത്തിലാക്കിയിരുന്നു. ഇവരുടെ ആദ്യ ഭർത്താവ് മരിച്ചിരുന്നു. രണ്ടു മക്കളാണ് ഇതിലുള്ളത്. ഇവർ രണ്ടാമത് വിവാഹം ചെയ്തു. ഈ വ്യക്തിയാണ് എല്ലാത്തിനും കാരണമെന്നാണ് പൊലീസ് സംശയിച്ചത്. തിരുവല്ലം പൊലീസ് കേസെടുത്ത ശേഷമാണ് സംഭവം പുറം ലോകത്ത് എത്തുന്നത്. പോക്സോ അടക്കം ഗൗരവ വകുപ്പുകൾ ചുമത്തിയിട്ടുണ്ട്.

ആരാണ് ഉത്തരവാദി എന്ന് തുറന്നുപറയാൻ പെൺകുട്ടിയും അമ്മയും ആദ്യം തയ്യാറായിരുന്നില്ല. വിവരമറിഞ്ഞ് പൊലീസ് ആദ്യം സമീപിച്ചപ്പോൾ സഹകരിക്കാൻ തയ്യാറായില്ല. സ്‌കൂളിൽ പോകുന്ന വഴിക്ക് ബസിൽ പരിചയപ്പെട്ടയാൾ വീട്ടിലെത്തി പീഡിപ്പിച്ചു എന്നായിരുന്നു കുട്ടി ആദ്യം മൊഴി നൽകിയത്. ഇത് കളവാണെന്ന് തെളിഞ്ഞു. സ്‌കാനിങ് നടത്തിയ ആശുപത്രിയിൽ നിന്ന് പൊലീസ് തെളിവ് ശേഖരിക്കാൻ നീക്കം തുടങ്ങി. സ്‌കാനിങ് റിപ്പോർട്ട് കാണിച്ച് ചോദ്യം ചെയ്തതോടെയാണ് ഗർഭിണിയായിരുന്നു എന്ന കാര്യം അമ്മ സമ്മതിച്ചത്. എന്നാൽ പീഡിപ്പിച്ചതാര് എന്നതിൽ വിവരം നൽകാൻ വീണ്ടും മടിച്ചു. ഇന്നലെ രാത്രിയോടെയാണ് രണ്ടാനച്ഛന്റെ പേര് വെളിപ്പെടുത്തിയത്. തുടർന്നാണ് മജിസ്‌ട്രേറ്റിന് മുന്നിലെത്തിച്ച് സെക്ഷൻ 164 പ്രകാരമുള്ള രഹസ്യമൊഴി രേഖപ്പെടുത്തിയത്. പിന്നാലെ പ്രതിയെ അറസ്റ്റ് ചെയ്തു.

കേസിൽ അമ്മ രണ്ടാം പ്രതിയാണ്. തിരുവനന്തപുരത്തെ ഏറ്റവും പഴക്കമുള്ള ആശുപത്രിക്ക് എതിരെയാണ് ആരോപണം. ഇവിടെയാണ് ചികിൽസ നടന്നതെന്നാണ് ആക്ഷേപം. സെക്രട്ടറിയേറ്റിന് മുന്നിൽ നിന്നും ഒരു കിലോമീറ്റർ അകലെയാണ് ആശുപത്രി. ആശുപത്രിക്കെതിരേയും അന്വേഷണം നടക്കുന്നുണ്ട്. കുട്ടിക്ക് പ്രായപൂർത്തിയായില്ലെന്ന് വ്യക്തമായിട്ടും ഇവർ പൊലീസിൽ വിവരം അറിയിക്കാതിരുന്നത് കുറ്റകരമാണ്. ഡോക്ടർമാരും പ്രതിയായേക്കും.

തുടക്കത്തിൽ പലതും തുറന്നുപറയാൻ കഴിയാത്ത അവസ്ഥയിലായിരുന്നു പെൺകുട്ടി. ഇതിനിടെ കുടുംബത്തെ കാണാതായി. ഇതോടെ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി. ഇവരെ കണ്ടെത്തുകയും ചെയ്തു. സ്വയം ചില മരുന്നുകൾ കഴിച്ച് അബോർഷൻ നടത്തിയെന്നാണ് കുട്ടിയുടെയും അമ്മയുടെയും ആദ്യ മൊഴി. എന്നാൽ കന്യാകുമാരിയിലെ ആശുപത്രിയിലാണ് ഇത് നടത്തിയതെന്ന നിഗമനത്തിലാണ് പൊലീസ്.

17 വയസ് എന്നാണ് സ്‌കാനിങ് റിപ്പോർട്ടിൽ രേഖപ്പെടുത്തിയിട്ടുള്ളത്. 15 വയസ് എന്നാണ് സ്‌കൂളിലെ അന്വേഷണത്തിൽ തെളിയുന്നത്. 17 ആയാലും 15 ആയാലും കുട്ടിക്ക് പ്രായപൂർത്തിയായിട്ടില്ല. അതുകൊണ്ട് തന്നെ ഇങ്ങനെ ഒരു കുട്ടി സ്‌കാനിങിൽ ഗർഭിണിയാണെന്ന് അറിഞ്ഞാൽ പൊലീസിനെ ആശുപത്രി അറിയിക്കണം. ഇതാണ് സംഭവിക്കാത്തത്. അതുകൊണ്ടാണ് ആശുപത്രിയും കരിനിഴലിലാകുന്നത്.

(പോക്സോ കേസായതിനാൽ എഫ് ഐ ആർ പൊലീസ് പ്രസിദ്ധീകരിച്ചിട്ടില്ല. അതുകൊണ്ടാണ് ആശുപത്രിയുടെ പേര് മറുനാടൻ പുറത്തു വിടാത്തത്)