കണ്ണൂർ: കണ്ണൂർ താവക്കര കേന്ദ്രമായി പ്രവർത്തിക്കുന്ന അർബൻനിധി നിക്ഷേപ തട്ടിപ്പുകേസിലെ പ്രതിയായ തൃശൂർ വടക്കെക്കാട് നായരങ്ങാടി വെള്ളറവീട്ടിൽ ആന്റണി സണ്ണി(40) ഒളിവിൽ കഴിഞ്ഞത് കർണാടകയിലെ ഒരു ഗ്രാമത്തിലാണെന്ന് പൊലിസിന് മൊഴി നൽകി. അന്വേഷണ സംഘം ഇയാൾ ചെന്നൈയിലെ ബന്ധുവീട്ടിലുണ്ടെന്ന് അറിഞ്ഞെത്തിയപ്പോൾ മൊബൈലിലെ സിംകാർഡ് മാറ്റിയാണ് രക്ഷപ്പെട്ടതെന്നും പൊലിസ് പിടികൂടുമെന്ന് ഉറപ്പായപ്പോഴാണ് കീഴടങ്ങിയതെന്നും ഇയാൾ പൊലിസ് ചോദ്യം ചെയ്യലിൽ പറഞ്ഞു.

കമ്പിനി ഡയറക്ടർമാരും കേസിലെ ഒന്നും മൂന്നും പ്രതികളായ തൃശൂർ വരവൂരിലെ കുന്നത്ത് പീടികയിൽ കെ. എം ഗഫൂർ(46) ചങ്ങരംകുളം മേലെടത്ത് ഷൗക്കത്ത്(43) കമ്പിനി അസി.മാനേജർ തോട്ടട വട്ടക്കുളത്തെ സി.വി ജീന(42) മാനേജർ പ്രഭീഷ്(39) എന്നിവരാണ് നേരത്തെ അറസ്റ്റിലായത്. ഇതോടെ ഈ കേസിൽ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി. അർബൻ നിധി നിക്ഷേപ തട്ടിപ്പുകേസിൽ പൊലിസ് അന്വേഷണമാരംഭിച്ചതോടെ ഡയറക്ടറായ ആന്റണിക്കായി തെരച്ചിൽ തുടങ്ങിയിരുന്നു. ഇയാൾ വിദേശത്തേക്ക് കടക്കാൻ ശ്രമിക്കുന്നുവെന്ന സൂചന ലഭിച്ചതോടെ വിമാനത്താവളങ്ങളിലു ജാഗ്രത ശക്തമാക്കിയിരുന്നു.

അർബൻ നിധി നിക്ഷേപ സമാഹരണ സ്ഥാപനം തകർന്നു തുടങ്ങിയത് എനി ടൈം മണിയുടെ അക്കൗണ്ടിലേക്ക് ആന്റണി പതിനേഴുകോടി തട്ടിയെടുത്തോടെയാണെന്ന് നേരത്തെ അറസ്റ്റിലായ കെ. എം ഗഫൂർ, ഷൗക്കത്തലി എന്നിവർ മൊഴി നൽകിയിരുന്നു. ഇതോടെ ആന്റണിയെ പിടികൂടിയാൽ മാത്രമേ ഈ കേസിൽ അന്വേഷണ പുരോഗതിയുണ്ടാകൂവെന്നു വ്യക്തമായ പൊലിസ് ഇയാൾക്കായി തെരച്ചിൽ ശക്തമാക്കിയിരുന്നു. ആന്റണി വിദേശത്തേക്ക് കടന്നിരിക്കാുമെന്ന അഭ്യൂഹത്താൽ വിദേശരാജ്യങ്ങളിൽ വരെ തെരച്ചിൽ ഊർജ്ജിതമാക്കിയിരുന്നു. ഇതിനിടെയാണ് വെള്ളിയാഴ്‌ച്ച വൈകുന്നേരം മൂന്ന് മണിക്ക് ഇയാൾ നാടകീയമായി കീഴടങ്ങിയത്.

അർബൻ നിധി ഡയറക്ടർമാർ പറഞ്ഞതു പോലെ പതിനേഴുകോടി രൂപ തട്ടിയെടുത്തിട്ടില്ലെന്നും എട്ടുകോടി താൻ വെട്ടിച്ചിട്ടുണ്ടെന്നും ആന്റണി പൊലിസിന് മൊഴിനൽകിയിട്ടുണ്ട്. ഡി.വൈ. എസ്. പി, എസ്. പി എന്നിവരുടെ മുൻപിലും ആന്റണിയെ ചോദ്യം ചെയ്യലിനായി ഹാജരാക്കിയിരുന്നു. ഒളിവിൽ കഴിഞ്ഞിരുന്ന ആന്റണിയെ കണ്ടെത്തുന്നതിന് തൃശൂരിലെത്തിയ സംഘം ആന്റണിയുടെ സ്വത്തുവിവരങ്ങൾ അന്വേഷിച്ചിരുന്നു. ഇയാളുടെ ബന്ധുക്കളുടെ അക്കൗണ്ടിലേക്ക് പണം മാറ്റിയിട്ടുണ്ടെന്ന വിവരത്തെ തുടർന്ന് ചില ബന്ധുക്കളുടെ അക്കൗണ്ടിൽ നിന്നും കോടികൾ കണ്ടെത്തിയതായി വിവരമുണ്ട്.

ആന്റണിയുടെ പൂനൈ, നാഗ്പൂർ എന്നിവടങ്ങളിലെ അക്കൗണ്ടു വിവരങ്ങളും പുറത്തുവരാനുണ്ട്. തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലെ ജില്ലാരജിസ്ത്രേഷൻ ഓഫീസറോട് ആന്റണിയുടെ ബന്ധുക്കളുടെ സ്വത്തുവിവരത്തിന്റെ വിശദാംശങ്ങൾ തേടിയിട്ടുണ്ടെന്ന് പൊലിസ് അറിയിച്ചു. ഇതുലഭിക്കുന്ന മുറയ്ക്ക് സ്വത്തുകണ്ടുകെട്ടുന്ന നടപടിയിലേക്ക് പൊലിസ് നീങ്ങുമെന്നാണ് സൂചന.തൃശൂർ സ്വദേശിയായ ആന്റണിക്ക് ഗുരുവായൂരിൽ റിസോർട്ടുകളും ഉള്ളതായി പൊലിസിന് വിവരം ലഭിച്ചിട്ടുണ്ട്.

റിമാൻഡ് ചെയ്തതിനു ശേഷം കൂടുതൽ തെളിവെടുപ്പിനും അന്വേഷണത്തിനുമായി ആന്റണിയെ കസ്റ്റഡിയിൽ വിട്ടുകിട്ടുന്നതിനായുള്ള നടപടികളും പൊലിസ് സ്വീകരിക്കുമെന്ന് പൊലിസ് അറിയിച്ചു. കണ്ണൂർ, കോഴിക്കോട്, തൃശൂർ, മഹാരാഷ്ട്ര, ഗുജറാത്ത്, ഡൽഹി എന്നിവടങ്ങളിൽ ശാഖകളുള്ള എനി ടൈം മണി എന്ന ധനകാര്യസ്ഥാപാനത്തിലൂടെ നൂറുകണക്കിനാളുകളാണ് വഞ്ചിതരായത്.

അർബൻനിധിതട്ടിപ്പുമായി ബന്ധപ്പെട്ടു ഇതുവരെ 23-കേസുകളാണ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തത്. കേസുകൾ ക്രൈംബ്രാഞ്ചിന്റെ സാമ്പത്തിക കുറ്റാന്വേഷണവിഭാഗം അന്വേഷിക്കാൻ ഉത്തരവിറങ്ങിയതോടെയാണിത്. അർബൻ നിധി, എനി ടൈം മണി നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് 90കേസുകളാണ് നിലവിലുള്ളത്. ഇതിൽ 67കേസുകൾ കൂടി ഇനി ക്രൈംബ്രാഞ്ച് ഏറ്റെടുക്കാനുണ്ട്. ഇതുസംബന്ധിച്ചുള്ള ഉത്തരവ് അടുത്ത ദിവസങ്ങളിലുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി അന്വേഷണ സംഘം വ്യക്തമാക്കി.