തിരുവനന്തപുരം:  ഓയൂരിൽനിന്നും ഒരു സംഘം തട്ടിക്കൊണ്ടുപോയ ആറു വയസ്സുകാരി അബിഗേൽ സാറ റെജിക്കായി സംസ്ഥാനമാകെ വ്യാപക തിരച്ചിൽ തുടരുന്നു. തിരുവനന്തപുരം ശ്രീകണ്‌ഠേശ്വരത്തും അന്വേഷണം എത്തും. തട്ടിക്കൊണ്ടു പോകാൻ ഉപയോഗിച്ച കാറിനെ കുറിച്ചുള്ള അന്വേഷണമാണ് ശ്രീകണ്‌ഠേശ്വരത്ത് എത്തിയത്. ശ്രീകണ്‌ഠേശ്വരത്തെ കാർ വാഷിങ് സെന്ററിലാണ് പരിശോധന. സ്വിഫ്റ്റ് കാറിനെ കുറിച്ചുള്ള അന്വേഷണമാണ് നിർണ്ണായകം. വർക് ഷോപ്പിലാണ് കാർ എന്നാണ് ഉടമയുടെ മൊഴി. കേരളത്തിലുടനീളം കാറിനെ കുറിച്ചുള്ള അന്വേഷണം നടക്കുന്നുണ്ട്.

കാർ വാഷിങ് സെന്റർ ഉടമയുടേതാണ് കാർ എന്നാണ് സംശയം. ഈ കാർ തിരുവല്ലത്തെ വർക് ഷോപ്പിലാണെന്നാണ് ഉടമയുടെ മൊഴി. ഈ വർക് ഷോപ്പിലേക്ക് പൊലീസ് എത്തിയതെന്നാണ് സൂചന. ശ്രീകാര്യത്ത് നിന്ന് ഒരാളെ പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. ഈ അന്വേഷണമാണ് ശ്രീകണ്‌ഠേശ്വരത്ത് എത്തിയത്. ഇവിടെ നിന്നും രണ്ടു പേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തുവെന്നാണ് സൂചന. ശ്രീകണ്‌ഠേശ്വരം ക്ഷേത്രത്തിന് തൊട്ടടുത്തുള്ള വാർ വാഷിങ് കേന്ദ്രത്തിലാണ് പരിശോധന. ഇതിനൊപ്പം സിസിടിവിയും പ്രതിയുടെ രേഖാചിത്രവും കേന്ദ്രീകരിച്ചാണ് അന്വേഷണം തുടരുന്നത്.

ആറ്റുകാൽ സ്വദേശയുടേതാണ് കാർ വാഷിങ് കേന്ദ്രം. ഇയാളാണ് പൊലീസ് കസ്റ്റഡിയിലുള്ളത്. കാർ തിരുവല്ലം വർക് ഷോപ്പിൽ നിന്നും പോയിട്ടില്ലെങ്കിൽ അന്വേഷണം അവിടെ തീരും. ഇല്ലാത്ത പക്ഷം തിരുവനന്തപുരം കേന്ദ്രീകരിച്ച് വിപുലമായ അന്വേഷണം നടത്തും. പാരിപ്പള്ളിയിലെ കടയിൽ സ്ത്രീക്കൊപ്പം എത്തിയെന്നു സംശയിക്കുന്നയാളുടെ രേഖാചിത്രം പൊലീസ് പുറത്തുവിട്ടിരുന്നു. അന്വേഷണത്തിന് സഹായകമായ ചില വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്ന് ഐജി ജി.സ്പർജൻ കുമാർ അറിയിച്ചു.

ആറുവയസ്സുകാരിയെ കാണാതായിട്ട് 14 മണിക്കൂർ പിന്നിട്ടിരിക്കുകയാണ്. കുട്ടിയുടെ അമ്മ സിജിയുടെ ഫോണിലേക്ക് മോചനദ്രവ്യം ആവശ്യപ്പെട്ട് ഫോൺ കോൾ എത്തിയെങ്കിലും കുട്ടി എവിടെയാണെന്ന് ഇതുവരെ വിവരം ലഭിച്ചിട്ടില്ല. അമ്മയുടെ ഫോണിലേക്കു വിളിച്ച് അഞ്ചുലക്ഷം രൂപയും പിന്നീട് 10 ലക്ഷം രൂപയുമാണു കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഘം ആവശ്യപ്പെട്ടത്. കുട്ടി സുരക്ഷിതയാണ്, അഞ്ചുലക്ഷം തന്നാൽ മാത്രമേ കുട്ടിയെ തിരികെ നൽകു എന്നായിരുന്നു ഫോണിൽ വിളിച്ച സ്ത്രീ കുട്ടിയുടെ അമ്മയോട് പറഞ്ഞത്.

അതേസമയം കുട്ടിക്കായി വ്യപാക തെരച്ചിലാണു നടക്കുന്നത്. അപ്പൂപ്പൻപാറയിലെ ക്വാറിയിലുൾപ്പെടെ സമീപ പ്രദേശങ്ങളിലെ ക്വാറികളിലും തിരച്ചിൽ നടത്തി. വേളമാനൂരിലെ വീടുകളിലടക്കം ആളൊഴിഞ്ഞ ഇടങ്ങളിൽ പൊലീസിന്റെയും നാട്ടുകാരുടെയും നേതൃത്വത്തിൽ പുലർച്ചെയും തെരച്ചിൽ തുടരുകയാണ്. കുട്ടിയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ വിളിക്കുക: 9946923282,9495578999,112 .