- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
ഒത്തുകളിച്ച എസ് ഐയെ സസ്പെൻഡ് ചെയ്ത് കണ്ണൂർ സിറ്റി പൊലിസ് കമ്മിഷണർ
കണ്ണൂർ: ബഹ്റിനിൽ നിന്നുമെത്തിയ സ്ത്രീയെ തട്ടിക്കൊണ്ടു പോയി ലോഡ്ജിൽ പൂട്ടിയിട്ട് ഒരുകിലോ സ്വർണം തട്ടിയെടുത്ത കേസിലെ പ്രതികളെ കൈയിൽ കിട്ടിയിട്ടും അറസ്റ്റു ചെയ്തില്ലെന്ന കണ്ടെത്തലിനെ തുടർന്ന് കൂത്തുപറമ്പ് എസ്. ഐയെ കണ്ണൂർ സിറ്റി പൊലിസ് കമ്മിഷണർ ആർ. അജിത്ത് കുമാർ അറസ്റ്റു ചെയ്തു. കൂത്തുപറമ്പ് എസ്. ഐ പി.വി അനീഷ് കുമാറിനെയാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്.
എസ്. ഐ ഗുരുതരമായ അച്ചടക്കലംഘനവും കൃത്യവിലോപവും കാണിച്ചുവെന്ന് കൂത്തുപറമ്പ് എ.സി.പി നൽകിയ അന്വേഷണ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു. സംഘർഷം നടക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ എസ്. ഐയും സംഘവും ലോഡ്ജിലെത്തിയെങ്കിലും അക്രമത്തിന് ഉത്തരവാദികളായ ക്വട്ടേഷൻ സംഘങ്ങളെ കസ്റ്റഡിയിലെടുക്കാനും കവർച്ച തടയാനും ശ്രമിച്ചില്ലെന്നായിരുന്നു ആരോപണം. ജനുവരി മൂന്നിനാണ് കേസിനാസ്പദമായ സംഭവം. ബഹ്റിനിൽ നിന്നും നെടുമ്പാശേരിയിൽ വിമാനമിറങ്ങിയ കോഴിക്കോട് നരിക്കുനി സ്വദേശിനിയായ ബുഷറയെയാണ് സ്വർണം പൊട്ടിക്കൽ സംഘം തട്ടിക്കൊണ്ടു പോയത്.
ഇവരുടെ ഇരുപത്തിമൂന്നു വയസുകാരൻ മകൻ തങ്ങളുടെ കസ്റ്റഡിയിൽ കൂത്തുപറമ്പ് ലോഡ്ജിലുണ്ടെന്നും കൂടെവന്നില്ലെങ്കിൽ അവനെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു ബുഷറയെ കാറിൽ തട്ടിക്കൊണ്ടു പോയത്്. കൂത്തുപറമ്പ് പഴയനിരത്തിൽ ലോഡ്ജിൽ സ്വർണം പൊട്ടിക്കൽ സംഘം പൂട്ടിയിടുകയായിരുന്നു. ഇതിനിടെ ബുഷറ ലോഡ്ജുടമയെ വിവരമറിയിക്കുകയും ഇയാളുടെ സഹായത്തോടെ കടത്തുസ്വർണത്തിന്റെ യഥാർത്ഥ ഉടമകളായ കൊടുവള്ളി സംഘത്തെ വിവരമറിയിക്കുകയായിരുന്നു. ഈ സംഘവും ബുഷറയെ തട്ടിക്കൊണ്ടു വന്ന സംഘവും കൂത്തുപറമ്പിലെ ലോഡ്ജിൽ നിന്നും സംഘർഷമാരംഭിച്ചപ്പോൾ മാനേജർ കൂത്തുപറമ്പ് പൊലിസിനെ വിവരമറിയിക്കുകയായിരുന്നു.
എന്നാൽ വിവരമറിഞ്ഞെത്തിയ കൂത്തുപറമ്പ് ടൗൺ എസ്. ഐ പി.വി അനീഷ്കുമാർ പ്രതികളെ പിടിക്കുന്നതിനു പകരം ലോഡ്ജ് മാനേജരെ കസ്റ്റഡിയിലെടുക്കാനും ചോദ്യം ചെയ്യാനുമാണ് ശ്രമിച്ചത്. പൊലിസ് പോയതിനു ശേഷം വീണ്ടും ഇരുസംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടലുണ്ടായി. ഇത്തരം അനിഷ്ട സംഭവങ്ങൾക്കു പിന്നിൽ എസ്. ഐയുടെ കൃത്യവിലോപമാണെന്ന ആരോപണം ഉയർന്നതിനെ തുടർന്നാണ് വകുപ്പുതല അന്വേഷണമാരംഭിച്ചത്. ഇതിനിടെ ട്ടിക്കൊണ്ടു പോയി ഒരുകിലോയോളം സ്വർണം തട്ടിയെടുത്ത സംഭവത്തിൽ ഡൽഹിയിൽ പിടിയിലായ മുഖ്യപ്രതിയെ കൂത്തുപറമ്പിലെത്തിച്ചു കോടതിയിൽ ഹാജരാക്കി. മാങ്ങാട്ടിടം കണ്ടേരി നൂർമഹലിൽ മർവാനെയാ(31)ണ് കൂത്തുപറമ്പ് ഇൻസ്പെക്ടർ ഇൻ ചാർജ് അനിൽകുമാർ, എസ്. ഐ അഖിൽ എന്നിവർ ചേർന്ന് അറസ്റ്റു ചെയ്തത്. കൂത്തുപറമ്പ് മജിസ്ട്രേറ്റ് കോടതിയുടെ ചുമതല വഹിക്കുന്ന മട്ടന്നൂർ മജിസ്ട്രേറ്റ്് പ്രതിയെ റിമാൻഡ് ചെയ്തു.
വിദേശത്ത് കടക്കാൻ ശ്രമിക്കുന്നതിനിടെ വ്യാഴാഴ്ച്ച ഡൽഹി ഇന്ദിരാഗാന്ധി വിമാനത്താവളത്തിൽവച്ചാണ് മർവാൻ പിടിയിലായത്. ഇയാൾക്കെതിരെ ലുക്ക് ഔട്ട് നോട്ടിസ് പുറപ്പെടുവിപ്പിച്ചു വിമാനത്താവളങ്ങളിൽ ഉൾപ്പെടെ കൈമാറിയതാണ് പ്രതിയെ പിടികൂടാൻ പൊലിസിന് സഹായകരമായത്. സംഭവത്തിൽ കോട്ടയം മലബാർ കൂവപ്പാടിയിലെ ജംഷീർമൻസിലിൽ ടി.വി റംഷാദ്, കൂത്തുപറമ്പ് താഴെപുരയിൽ സലാം, പൂക്കോട് ശ്രീധരൻ മാസ്റ്റർ റോഡിലെ ജമീല മൻസിലിൽ ടി. അഫ്സൽ, മൂര്യാട്ടെ മുഹ്സിൻ എന്നിവരെ കഴിഞ്ഞ ദിവസം കൂത്തുപറമ്പ പൊലിസ് അറസ്റ്റു ചെയ്തിരുന്നു.
കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെച്ചു കോഴിക്കോട് നരിക്കുനി സ്വദേശിനി ബുഷറയിൽ നിന്നാണ് മർവാന്റെ നേതൃത്വത്തിലുള്ള ക്വട്ടേഷൻ സംഘം ഒരുകിലോയോളം വരുന്ന സ്വർണം തട്ടിയെടുത്തത്. കൂത്തുപറമ്പ് എ.സി.പി വിനോദ്്കുമാറിന്റെ നേതൃത്വത്തിലാണ് കേസ് അന്വേഷിക്കുന്നത്. നിലയിൽ ഇദ്ദേഹം ശബരിമല ഡ്യൂട്ടിയിലായതിനാൽ തലശേരി എ.സി.പി ഷഹൻഷാക്കാണ് അന്വേഷണ ചുമതല കൈമാറിയത്.