തട്ടിക്കൊണ്ടു പോകലിന് പിന്നില്‍ കുഴല്‍പണ ഇടപാടെന്നും സംശയം; സിസിടിവി ക്യാമറ കേന്ദ്രീകരിച്ച് അന്വേഷണം; കണ്ണൂരില്‍ ബംഗ്ളൂരില്‍ നിന്നെത്തിയ വ്യാപാരിയെ ആക്രമിച്ചത് ആര്?

കണ്ണൂര്‍: കണ്ണൂരിലെ ചക്കരക്കല്‍ പൊലിസ് സ്റ്റേഷന്‍ പരിധിയില്‍ കാറില്‍ തട്ടിക്കൊണ്ടു പോയി വ്യാപാരിയെ അക്രമിച്ചു ഒന്‍പതുലക്ഷം രൂപ തട്ടിയെടുത്തുവെന്ന പരാതിയില്‍ ദുരൂഹതയെന്ന് പൊലിസിന്റെ പ്രാഥമിക നിഗമനം. പ്രതികളെ ഇനിയും കണ്ടെത്താനായിട്ടില്ല. കുഴല്‍പ്പണ മാഫിയയിലേക്കാണ് അന്വേഷണം നീളുന്നത്.

വ്യാഴാഴ്ച്ച പുലര്‍ച്ചെ അഞ്ചുമണിക്കാണ് സംഭവം നടന്നത്. ബംഗ്ളൂരിലെ വ്യാപാരിയും ഏച്ചൂര്‍ കമാല്‍ പീടിക സ്വദേശിയുമായ തവക്കല്‍ ഹൗസില്‍ പി.പി റഫീഖിനെയാണ് നാലംഗ സംഘം തട്ടിക്കൊണ്ടു പോയത്. ബംഗ്ളൂരില്‍ നിന്നുളള ബസില്‍ പുലര്‍ച്ചെ അഞ്ചുമണിക്ക് കമാല്‍പീടിക ബസ് സ്റ്റോപ്പിലിറങ്ങിയ റഫീഖിനെ കാറില്‍ ഇരച്ചെത്തിയ സംഘം തട്ടിക്കൊണ്ടു പോവുകയും ഇതിനിടയില്‍ അക്രമിക്കുകയായിരുന്നു. വാള്‍ കൊണ്ടു റഫീഖിന്റെ കാല്‍ വെട്ടുമെന്ന് ഭീഷണിപ്പെടുത്തുകയും നാഭിക്കും മറ്റും മര്‍ദ്ദിക്കുകയുമായിരുന്നു. കാറില്‍ നിന്നും ക്രൂരമര്‍ദ്ദനത്തിനിരയാക്കിയ റഫീഖിന്റെ ബാഗിലുണ്ടായിരുന്ന ഒന്‍പതുലക്ഷം രൂപയാണ് തട്ടിയെടുത്തത്.

ഇതിനു ശേഷം ഇയാളെ കാപ്പാട് ഉപേക്ഷിക്കുകയും കടന്നുകളയുകയുമായിരുന്നു. ഇതിനു ശേഷം ഓട്ടോറിക്ഷയില്‍ വീട്ടിലെത്തിയ റഫീഖ് ചക്കരക്കല്‍ പൊലിസില്‍ പരാതി നല്‍കുകയായിരുന്നു. ദേഹമാസകലം പരുക്കേറ്റ ഇയാള്‍ കണ്ണൂര്‍ എ.കെ.ജി ആശുപത്രിയില്‍ ചികിത്സ തേടിയിട്ടുണ്ട്. ബാങ്കില്‍പണയത്തിലുളള സ്വര്‍ണമെടുക്കുന്നതിനാണ് പണം കൊണ്ടു വന്നതെന്നാണ് റഫീഖിന്റെ മൊഴി. തന്റെ അക്രമിക്കാന്‍ കറുപ്പ്് നിറത്തിലുളള കാറിലെത്തിയ സംഘം മലയാളികളാണെന്ന് ഇയാള്‍ പൊലിസിന് മൊഴി നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ സി.സി.ടി.വി ദൃശ്യങ്ങള്‍ ശേഖരിച്ചുവരികയാണെന്നും കേസെടുത്തു അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ടെന്നും ചക്കരക്കല്‍ പൊലിസ് അറിയിച്ചു.

എന്നാല്‍ സംഭവത്തില്‍ ദുരൂഹതയുണ്ടെന്നാണ് പൊലിസ് പറയുന്നത്. തട്ടിയെടുത്തത് കുഴല്‍പണമാണോയെന്ന കാര്യമാണ് പൊലിസ് അന്വേഷിച്ചുവരുന്നത്. ബാങ്കില്‍ പണയം വെച്ച സ്വര്‍ണാഭരണങ്ങള്‍ തിരികെയെടുക്കുന്നതിനാല്‍ ഒന്‍പതു ലക്ഷം ബംഗ്ളൂരില്‍ നിന്നും കൊണ്ടുവന്നതെന്നാണ് റഫീഖ് പറയുന്നത്. എന്നാല്‍ ബാംഗ്ളൂരില്‍ നിന്നും ചിലയാളുകളുടെ കുറിവെച്ച പണമാണ് ഇതെന്നാണ് പൊലിസിന്റെ സംശയം.

മാത്രമല്ല റഫീഖ് നേരത്തെ ചക്കരക്കല്ലിലെ ഒരുവസ്ത്രാലയത്തില്‍ ജീവനക്കാരനായിരുന്നു. ഇയാള്‍ അവിടെ നിന്നും ക്രമക്കേടുകള്‍ നടത്തിയതായും ആരോപണമുണ്ട്. ഇതിനെ കുറിച്ചും പൊലിസ് അന്വേഷിച്ചുവരികയാണ്. ഒന്‍പതുലക്ഷമെന്ന വലിയ സംഖ്യ ബംഗ്ളൂരില്‍ നിന്നും ബാഗില്‍ കൊണ്ടുവന്നതാണ് കുഴല്‍പണമാണോയെന്ന സംശയത്തിന് കാരണം. ആദ്യ മൊഴിയില്‍ സ്വര്‍ണപണയമെടുക്കാനാണെന്നാണ് ഇയാള്‍ നല്‍കിയിരുന്നത്.

ഇതു ബംഗ്ളൂരില്‍ കൂള്‍ബാര്‍, ബേക്കറി വ്യാപാരം നടത്തി സമ്പാദിച്ചുവെന്നാണ് പൊലിസിനോട് പറഞ്ഞിരുന്നത്. എന്നാല്‍ ഇത്രയും വലിയ സംഖ്യ എന്തിന് ബാഗിലാക്കി കൊണ്ടുവന്നതെന്നും ഇതെങ്ങനെ അക്രമിസംഘം അറിഞ്ഞുവെന്ന ചോദ്യവും ഉയരുന്നുണ്ട്. കണ്ണൂരില്‍ നടന്നത് കുഴല്‍പ്പണം തട്ടിയെടുക്കല്‍ നാടകമാണോയെന്ന കാര്യവും അന്വേഷിച്ചുവരികയാണ് പൊലിസ്.