കൊല്ലം: സ്ഥിരം യാത്രക്കാരിയായ പെൺകുട്ടിയോട് അപമര്യാദയായി പെരുമാറിയ കണ്ടക്ടർ അറസ്റ്റിൽ. തമിഴ്‌നാട് ട്രാൻസ്‌പോർട്ട് ബസിലെ കണ്ടക്ടറെയാണ് മോശം പെരുമാറ്റത്തെ തുടർന്ന് പോലസ് അറസ്റ്റു ചെയ്തത്. തെങ്കാശി കൊല്ലം റൂട്ടിൽ സർവീസ് നടത്തുന്ന ബസിലെ കണ്ടക്ടറായ തെങ്കാശി സൗത്ത് സ്ട്രീറ്റ് സ്വദേശി എസക്കി അരസനെയാണ് (38) കുണ്ടറ പൊലീസ് അറസ്റ്റ് ചെയ്തത്. പുനലൂർ സ്വദേശിനിയായ പെൺകുട്ടിയുടെ പരാതിയിലാണ് നടപടി.

പൂനലൂരിൽ പഠിക്കുന്ന പെൺകുട്ടി സ്ഥിരമായി ഇതേ ബസിലാണ് ക്ലാസ് കഴിഞ്ഞ് വൈകിട്ട് കുണ്ടറയിലേക്ക് യാത്ര ചെയ്തിരുന്നത്. കഴിഞ്ഞ 19 ന് വൈകിട്ട് നാല് മണിയോടെ പുനലൂരിൽ നിന്ന് ബസിൽ കയറിയ കുട്ടിയോട് കണ്ടക്ടർ അപമര്യാദയായി പെരുമാറുകയായിരുന്നു. കൊട്ടാരക്കര റെയിൽവേ സ്റ്റേഷൻ ഓവർ ബ്രിഡ്ജ് കഴിഞ്ഞപ്പോഴാണ്, കണ്ടക്ടർ പെൺകുട്ടിയെ ശല്യം ചെയ്യാൻ തുടങ്ങിയത്. ഈ സമയം ബസിൽ യാത്രക്കാർ കുറവായിരുന്നു. വിവാഹം കഴിക്കാമെന്ന് പറഞ്ഞാണ് കണ്ടക്ടർ പെൺകുട്ടിയുടെ സീറ്റിനടുത്തിരുന്ന് അപമര്യാദയായി പെരുമാറിയത്.

വീട്ടിലെത്തിയ കുട്ടി മാതാപിതാക്കളോട് വിവരം പറഞ്ഞു. ഇതോടെ അടുത്ത ദിവസം പെൺകുട്ടിയുടെ പിതാവ് വൈകുന്നേരത്തോടെ പുനലൂരിലെത്തി. പെൺകുട്ടിക്കൊപ്പം ഇതേ ബസിൽ കയറിയെങ്കിലും ശല്യക്കാരനായ കണ്ടക്ടർ ആയിരുന്നില്ല ഡ്യൂട്ടിയിൽ ഉണ്ടായിരുന്നത്. തൊട്ടടുത്ത ദിവസവും ഇതേ രീതിയിൽ പെൺകുട്ടിയുടെ പിതാവ് പുനലൂരിൽനിന്ന് ബസിൽ കയറി.

പെൺകുട്ടിയും പിതാവും വെവ്വേറെ സീറ്റുകളിലാണ് ഇരുന്നത്. ബസ് കൊട്ടാരക്കര പിന്നിട്ടതോടെ കണ്ടക്ടർ പെൺകുട്ടിയുടെ സീറ്റിനരികിൽ വന്ന് ശല്യം ചെയ്യാൻ തുടങ്ങി. ഇതോടെ പെൺകുട്ടിയുടെ പിതാവും മറ്റ് യാത്രക്കാരും ചേർന്ന് ബഹളംവെക്കുകയും ബസ് കുണ്ടറ പൊലീസ് സ്റ്റേഷനിലേക്ക് എത്തിക്കുകയുമായിരുന്നു. തുടർന്ന് പൊലീസ് കണ്ടക്ടറെ കസ്റ്റഡിയിലെടുക്കുകയും അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.