പത്തനംതിട്ട: സാമ്പത്തിക തട്ടിപ്പു കേസിൽ ഒളിവിലായിരുന്ന സിവിൽ പൊലീസ് ഓഫീസറെ എആർ ക്യാമ്പിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കോന്നി പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ തേക്കുതോട് സ്വദേശി ബിനുകുമാറാണ് മരിച്ചത്. ഇന്ന് രാവിലെ ക്യാമ്പിലെ ബാരക്കിലെ ജനലിൽ തൂങ്ങി മരിച്ച നിലയിലാണ് കാണപ്പെട്ടത്.

സ്ത്രീകളോട് സൗഹൃദം സ്ഥാപിച്ച് പണം തട്ടിയെടുത്തുവെന്ന് ഇയാൾക്കെതിരേ പരാതിയുണ്ടായിരുന്നു. റാന്നി സ്റ്റേഷനിൽ ജോലി ചെയ്യുമ്പോൾ പ്രദേശവാസിയായ യുവതിയിൽ നിന്ന് 13.50 ലക്ഷം രൂപയും കാറും തട്ടിയെടുത്തതായി പരാതി ഉയർന്നതിനെ തുടർന്ന് ഇയാൾ ഒളിവിലായിരുന്നു. കേസ് രജിസ്റ്റർ ചെയ്ത് മാസമൊന്നു കഴിഞ്ഞിട്ടും ബിനുവിനെ അറസ്റ്റ് ചെയ്യാൻ പൊലീസിന് കഴിഞ്ഞിരുന്നില്ല.

അങ്ങനെ ഇരിക്കുമ്പോഴാണ് ഇന്ന് രാവിലെ ആരും കാണാതെ ഇയാൾ ബാരക്കിലെത്തി മുകളിലത്തെ നിലയിലെ മുറിയുടെ ജനൽ കമ്പിയിൽ കെട്ടിത്തൂങ്ങി മരിച്ചത്. യുവതിയിൽ നിന്ന് തട്ടിയെടുത്ത വാഹനത്തിന്റെ ആർസി ബുക്ക് പണയപ്പെടുത്തി 10 ലക്ഷം രൂപ ഇയാൾ സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ നിന്ന് കൈപ്പറ്റിയിരുന്നു.

റാന്നി സ്റ്റേഷനിലാണ് ഇയാൾക്കെതിരേ എഫ്ഐആർ രജിസ്റ്റർ ചെയ്തിരുന്നത്. റാന്നി സ്റ്റേഷനിൽ ജോലിചെയ്യുമ്പോഴാണ് യുവതിയുമായി പരിചയപ്പെട്ടതും പണം തട്ടിയതും. സമാനമായ തട്ടിപ്പു കേസിൽ ഇയാൾക്കെതിരേ നിരവധി പരാതികൾ വന്നിരുന്നു.

വി-കോട്ടയത്ത് കോട്ടൺ വേസ്റ്റ് കമ്പനിയിൽ ജോലി വാഗ്ദാനം ചെയ്ത് നിരവധി സ്ത്രികളിൽ നിന്ന് ഇയാൾ പണം തട്ടിയതായി ആക്ഷേപമുണ്ടായിരുന്നു. ചില ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ സഹായം ഇയാൾക്കുണ്ടായിരുന്നുവെന്ന് പറയുന്നു.