- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
രാഹുല്‍ യുവതിയെ ആദ്യമായി പീഡിപ്പിച്ചത് മാര്‍ച്ച് 4ന്; അതേമാസം 17ന് യുവതിയുടെ നഗ്നവീഡിയോ ഫോണില്‍ പകര്‍ത്തി; ഏപ്രില്‍ 22 തലസ്ഥാനത്തെ ഫ്‌ലാറ്റിലെത്തി വീണ്ടും വീഡിയോ കാട്ടി വീണ്ടും പീഡിപ്പിച്ചു; ഗര്‍ഭിണിയാണ് എന്ന് അറിഞ്ഞുകൊണ്ടും ബലാത്സംഗം; ഗര്‍ഭഛിദ്രത്തിന് വിസമ്മതിച്ചപ്പോള്‍ നഗ്നദൃശ്യങ്ങള്‍ കാട്ടി ഭീഷണി; രാഹുലിനെതിരെ ജീവപര്യന്തം വരെ തടവു ലഭിക്കുന്ന കുറ്റങ്ങള്‍
രാഹുലിനെതിരെ ജീവപര്യന്തം വരെ തടവു ലഭിക്കുന്ന കുറ്റങ്ങള്‍
തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ രജിസ്റ്റര്‍ ചെയ്ത എഫ്‌ഐഐറിലുള്ളത് ഗുരുതരമായി ആരോപണങ്ങളാണ്. മൂന്നിടങ്ങളില്‍ വെച്ച് തന്നെ ലൈംഗികമായി രാഹുല്‍ പീഡിപ്പിച്ചു എന്നാണ് യുവതി നല്‍കിയ പരാതിയില്‍ ഉള്ളത്. ഇത് കൂടാതെ നഗ്നദൃശ്യങ്ങള്‍ പകര്‍ത്തുകയും ആ ദൃശ്യങ്ങള്‍ ഭീഷണിപ്പെടുത്താന്‍ ഉപയോഗിക്കുകയും ചെയ്തുവെന്നാണ് എഫ്.ഐ.ആറിലെ ആരോപണം ഇത് അനുസരിച്ചു രാഹുലിനെതിരെ ഗുരുതരമായ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. 10 വര്‍ഷം മുതല്‍ ജീവപര്യന്തം വരെ തടവുശിക്ഷ ലഭിക്കാവുന്ന ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് രാഹുലിനെതിരെ കേസ് എടുത്തിരിക്കുന്നത്.
ഗര്‍ഭിണിയാണ് എന്ന് അറിഞ്ഞുകൊണ്ട് ബലാത്സംഗം ചെയ്തുവെന്നും പുറത്ത് പറഞ്ഞാല്‍ ജീവിതം നശിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും യുവതി അന്വേഷണസംഘത്തിന് മൊഴി നല്‍കുകയും ചെയ്തിട്ടുണ്ട്. മാര്‍ച്ച് 4നാണ് രാഹുല്‍ യുവതിയെ ആദ്യം പീഡിപ്പിച്ചത്. മാര്‍ച്ച് 17ന് യുവതിയുടെ നഗ്‌ന വീഡിയോ ഫോണില്‍ പകര്‍ത്തുകയും, പുറത്ത് പറഞ്ഞാല്‍ ജീവിതം നശിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.
2025 ഏപ്രില്‍ 22 തലസ്ഥാനത്തുള്ള ഫ്‌ലാറ്റിലെത്തി വീണ്ടും വീഡിയോ കാട്ടി വീണ്ടും പീഡിപ്പിച്ചു. യുവതി ഗര്‍ഭിണി ആണെന്ന് അറിഞ്ഞിട്ടും വീണ്ടും വീണ്ടും ബലാത്സംഗം ചെയ്തുവെന്നും എഫ്‌ഐആറില്‍ പറയുന്നു. 2025 മെയ് 30നാണ് പത്തനംതിട്ടയിലെ സുഹൃത്ത് ജോബി വഴി ഗര്‍ഭച്ഛിദ്ര മരുന്ന് തിരുവനന്തപുരത്ത് എത്തിച്ചത്. പിന്നീട് കൈമനത്ത് നിന്നും കാറില്‍ വെച്ച് നിര്‍ബന്ധിച്ച് ഗുളിക കഴിപ്പിക്കുകയും, വീഡിയോ കോള്‍ വഴി മരുന്ന് കഴിച്ചത് ഉറപ്പിച്ചുവെന്നും എഫ്‌ഐആറില്‍ വ്യക്തമാക്കിയിട്ടുണ്ട്.
ബിഎന്‍എസ് 64, 89, 115, 351 വകുപ്പുകളും ഐടി നിയമത്തിലെ 66സി അടക്കമുള്ള വകുപ്പുമാണ് രാഹുലിനെതിരെ ചുമത്തിയിരിക്കുന്നത്. ബിഎന്‍എസ് 64 പ്രകാരം ബലാത്സംഗത്തിന് കുറഞ്ഞതു പത്തുവര്‍ഷം മുതല്‍ ജീവപര്യന്തം വരെ തടവുശിക്ഷ ലഭിക്കാം. വാറന്റ് കൂടാതെ പൊലീസിനു പ്രതിയെ അറസ്റ്റ് ചെയ്യാനും കഴിയും. സ്ത്രീയുടെ അനുമതിയില്ലാതെ നിര്‍ബന്ധിത ഗര്‍ഭഛിദ്രം നടത്തുന്നതിന് എതിരെയുളളതാണ് ബിഎന്‍എസ് 89-ാം വകുപ്പ്. ഇതിനും 10 വര്‍ഷം മുതല്‍ ജീവപര്യന്തം വരെയാണ് തടവുശിക്ഷ.
രാഹുല്‍ മാങ്കൂട്ടത്തില്‍ നിര്‍ബന്ധിച്ച് അശാസ്ത്രീയമായ രീതിയില്‍ ഗുളിക നല്‍കി ഗര്‍ഭഛിദ്രം നടത്തിച്ചുവെന്നാണ് അതിജീവിത പരാതി നല്‍കിയിരിക്കുന്നത്. ബിഎന്‍എസ് 115 പ്രകാരം മനഃപൂര്‍വമായി ദേഹോപദ്രവം ഏല്‍പ്പിച്ചുവെന്ന ഒരു വര്‍ഷം തടവുശിക്ഷ ലഭിക്കാവുന്ന വകുപ്പും ഭീഷണിപ്പെടുത്തി സമ്മര്‍ദത്തിലാക്കുന്നതിന് രണ്ടു വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന ബിഎന്‍എസ് 351 വകുപ്പും ചുമത്തിയിട്ടുണ്ട്. ചാറ്റുകളും ഡിജിറ്റല്‍ തെളിവുകളും ഉള്ളതിനാല്‍ ഐടി നിയമത്തിലെ വകുപ്പുകളും ചുമത്തിയിട്ടുണ്ട്. ഏതെങ്കിലും വ്യക്തിയുടെ ഡിജിറ്റല്‍ കാര്യങ്ങള്‍ വഞ്ചനാപരമായി ഉപയോഗിക്കുന്നതിന് എതിരെയുള്ള ഐടി നിയമത്തിലെ 66 സി വകുപ്പു പ്രകാരം മൂന്നു വര്‍ഷം വരെ തടവും ഒരു ലക്ഷം രൂപ വരെ പിഴയും ലഭിക്കും.
യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ വലിയമല പൊലീസ് കേസെടുത്ത് നേമം സ്റ്റേഷനിലേക്കു കൈമാറിയിട്ടുണ്ട്. മൂന്നിടത്തു വച്ച് കുറ്റകൃത്യം നടന്നുവെന്ന നിഗമനത്തിലാണ് പൊലീസ്. ആദ്യ പീഡനം മാര്‍ച്ചിലായിരുന്നു. 2 തവണ തിരുവനന്തപുരത്തെ യുവതിയുടെ ഫ്‌ലാറ്റിലും ഒരു തവണ പാലക്കാട്ടെ രാഹുലിന്റെ ഫ്‌ലാറ്റിലും യുവതിയെ പീഡിപ്പിച്ചു. യുവതി ഗര്‍ഭഛിദ്രം നടത്തിയെന്ന് ഉറപ്പുവരുത്താന്‍ മരുന്നു കൈമാറിയത് രാഹുലിന്റെ സുഹൃത്ത് ജോബിയാണ്. കാറില്‍ വച്ചാണ് മരുന്നു കഴിപ്പിച്ചത്. മരുന്നു കഴിച്ചെന്ന് രാഹുല്‍ വിഡിയോ കോളിലൂടെ ഉറപ്പ് വരുത്തി. ഗര്‍ഭഛിദ്രത്തിന് വിസമ്മതിച്ചപ്പോള്‍ നഗ്‌നദൃശ്യങ്ങള്‍ ഉള്ള കാര്യം പറഞ്ഞ് രാഹുല്‍ ഭീഷണിപ്പെടുത്തിയതായും എഫ്.ഐ.ആറിലുണ്ട്.
ഇന്ന് രാവിലെയാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്. യുവതിയുടെ രഹസ്യ മൊഴി രേഖപ്പെടുത്താന്‍ പൊലീസ് ഉടന്‍ അപേക്ഷ നല്‍കും. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ സുഹൃത്തിനെയും കേസില്‍ പ്രതിചേര്‍ത്തു. അടൂര്‍ സ്വദേശിയായ സുഹൃത്ത് ജോബി ജോസഫിനെയാണ് കേസില്‍ പ്രതി ചേര്‍ത്തത്. യുവതിക്ക് ഗര്‍ഭചിദ്രത്തിന് ഗുളിക എത്തിച്ചു നല്‍കിയത് ഇയാളാണ്.
അശാസ്ത്രീയവും നിര്‍ബന്ധിതവുമായ ഗര്‍ഭഛിദ്രത്തിന് പ്രേരിപ്പിച്ചു എന്നതാണ് രാഹുലിനെതിരെ ചുമത്തിയിരിക്കുന്ന പ്രധാന കുറ്റം. മെഡിക്കല്‍ രേഖകള്‍ യുവതി പൊലീസിന് മുന്നില്‍ ഹാജരാക്കിയിരുന്നു. ഗര്‍ഭചിദ്രത്തിന് തയാറല്ലെന്ന് പറഞ്ഞപ്പോഴെല്ലാം ചീത്ത വിളിച്ചു. ബന്ധത്തില്‍നിന്ന് അകലാന്‍ രാഹുല്‍ ശ്രമിച്ചു. ഗുളിക കഴിച്ചശേഷം ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളും രക്തസ്രാവവുമുണ്ടായി. സര്‍ക്കാര്‍ ആശുപത്രിയിലാണ് ചികിത്സ തേടിയത്.
അതേസമയം, ലൈംഗിക പീഡന പരാതിയില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എ മുന്‍കൂര്‍ ജാമ്യത്തിനുള്ള തീവ്ര ശ്രമത്തിലാണ്. തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതിയെയോ ഹൈകോടതിയെയോ സമീപിക്കാനാണ് നീക്കം. എം.എല്‍.എ ആണെന്നതും അറസ്റ്റ് ചെയ്യാനുള്ള നീക്കവും ചൂണ്ടിക്കാട്ടി ഹൈകോടതി ജാമ്യ ഹരജി വേഗത്തില്‍ പരിഹരിക്കണമെന്നതാണ് ആവശ്യപ്പെടുക. കൊച്ചിയിലെ അഭിഭാഷകനുമായി രാഹുല്‍ സംസാരിച്ചതായാണ് വിവരം.
അസാധാരണ സാഹചര്യം ഉണ്ടെങ്കിലേ നേരിട്ട് ഹൈകോടതിയില്‍ എത്താവൂ എന്ന് സുപ്രീംകോടതി നിര്‍ദേശം നിലവില്‍ ഉള്ളതിനാല്‍ തിരുവന്തപുരം ജില്ലാ സെഷന്‍സ് കോടതിയെ സമീപിക്കണോ എന്നും ആലോചിക്കുന്നുണ്ട്. അതേസമയം രാഹുലുമായി ബന്ധപ്പെടാനുള്ള പൊലീസിന്റെ നീക്കം വിജയിച്ചിട്ടില്ല. പത്തനംതിട്ട, പാലക്കാട് ജില്ലകള്‍ കേന്ദ്രീകരിച്ച് രാഹുലിനായി അന്വേഷണം നടത്തിവരികയാണ് പൊലീസ്. രാഹുല്‍ എവിടെ എന്ന ചോദ്യത്തിന് ആരും വ്യക്തമായ ഉത്തരം നല്‍കുന്നില്ല.




