പത്തനംതിട്ട: പൊലീസ് കസ്റ്റഡിയിൽ നിന്ന് കൈവിലങ്ങുമായി രക്ഷപ്പെട്ട പോക്സോ കേസ് പ്രതി മണിക്കൂറുകൾ നീണ്ട തെരച്ചിലിനൊടുവിൽ പിടിയിലായി. ചിറ്റാർ മീൻകുഴി സ്വദേശി ജിതിനാ(35)ണ് മണിക്കൂറുകൾ നീണ്ട തെരച്ചിലിനൊടുവിൽ ഇന്ന് പുലർച്ചെ 4.30 ന് പൊലീസിന്റെ കൈയിൽ അകപ്പെട്ടത്. ഇന്നലെ വൈകിട്ട് അഞ്ചിന് തെളിവെടുപ്പിന് കൊണ്ടു വരും വഴി വിലങ്ങുമായി രക്ഷപ്പെടുകയായിരുന്നു.

പതിനേഴുകാരിയുമായി വീട്ടിലെത്തിയ ജിതിനെ നാട്ടുകാർ തടഞ്ഞു വച്ച് ചിറ്റാർ പൊലീസിന് കൈമാറുകയായിരുന്നു. സ്റ്റേഷനിലെത്തിച്ച ജിതിനെ കഞ്ചാവ് ശേഖരം വീട്ടിലുണ്ടെന്ന സംശയത്തിൽ തെളിവെടുപ്പിന് കൊണ്ടു പോകുന്നതിനിടെയാണ് ചാടിപ്പോയത്. കൈമുൻവശത്തേക്ക് ആക്കിയാണ് വിലങ്ങിട്ടിരുന്നത്. മൂത്രമൊഴിക്കണമെന്ന് പറഞ്ഞപ്പോൾ ഒപ്പമുണ്ടായിരുന്ന സിവിൽ പൊലീസ് ഓഫീസർ കൊണ്ടു പോകുന്നതിനിടെ താഴ്ചയിലേക്ക് ഇയാൾ എടുത്തു ചാടി ഓടുകയായിരുന്നു.

ഒപ്പം ചാടിയ പൊലീസുകാരനും പരുക്കേറ്റു. വനമേഖലയിൽ അപ്രത്യക്ഷനായ ഇയാൾക്ക് വേണ്ടി പൊലീസ് നാട്ടുകാരുടെ സഹായത്തോടെ രാത്രി മുഴുവൻ തെരച്ചിൽ നടത്തി. കനത്ത മഴ അവഗണിച്ചായിരുന്നു തെരച്ചിൽ. അതിനിടെ ഇന്ന് പുലർച്ചെ വനമേഖലയിൽ നിന്ന് തന്നെ പിടികൂടുകയായിരുന്നു. ഒരു കൈയിലെ വിലങ്ങ് അഴിഞ്ഞു പോയ അവസ്ഥയിലായിരുന്നു. എന്താണ് സംഭവിച്ചതെന്ന് പൊലീസ് അന്വേഷിക്കും.

ജിതിൻ വിവാഹിതനാണ്. ഭാര്യയുമായി അകന്ന് ജീവിക്കുകയാണ്. ഇയാൾ ഒരു കാറിൽ പതിനേഴുകാരിയുമായി വീട്ടിലെത്തി. സംശയം തോന്നിയ നാട്ടുകാർ വീട് വളഞ്ഞ് ജിതിനെയും പെൺകുട്ടിയെയും പൊലീസിൽ ഏൽപ്പിച്ചു. ചിറ്റാർ സ്റ്റേഷനിൽ പെൺകുട്ടിയുടെ മൊഴിയെടുത്ത് കേസ് രജിസ്റ്റർ ചെയ്യുന്നതിനിടെയാണ് ജിതിന്റെ വീട് പരിശോധിക്കാൻ തീരുമാനിച്ചത്. ഇയാൾക്ക് കഞ്ചാവ് വിൽപ്പനയുണ്ടെന്ന സംശയത്തെ തുടർന്ന് വീട് പരിശോധിക്കാൻ പൊലീസ് പോകുന്ന വഴിയാണ് ജിതിൻ കസ്റ്റഡിയിൽ നിന്ന് ചാടിപ്പോയത്. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസ് പോക്സോ കേസ് രജിസ്റ്റർ ചെയ്തു.