- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനെതിരെ വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ കൊലവിളി മുഴക്കി; മൃഗസ്നേഹിക്കെതിരെ കേസെടുത്തു; ഒരു സ്ത്രീയുടെ അത്യന്തം പ്രകോപനപരമായ ശബ്ദരേഖയും പൊലീസിനു നൽകിയ പരാതിക്കൊപ്പം; അന്വേഷണം തുടങ്ങി പൊലീസ്
കണ്ണൂർ: കണ്ണൂരിൽ കുട്ടികളെ കടിച്ചു കീറുന്ന തെരുവ് നായ്ക്കളെ ദയാവധത്തിന് ഇരയാക്കണമെന്ന ആവശ്യവുമായി മുൻപോട്ടു പോകുന്ന ജില്ലാ പഞ്ചായത്തും മൃഗ സ്‌നേഹികളും തമ്മിലുള്ള തർക്കം പരസ്യ പോരിലെക്ക്. തെരുവുനായ ആക്രമണത്തിൽ മുഴപ്പിലങ്ങാട് സ്വദേശിയായ ഭിന്നശേഷിക്കാരനായ പതിനൊന്നു വയസ്സുകാരൻ നിഹാൽ കൊല്ലപ്പെട്ടതിനു പിന്നാലെ സുപ്രിംകോടതിയിൽ നിയമപോരാട്ടം നടത്തുന്ന കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനെതിരേ സോഷ്യൽ മീഡിയയിൽ വധഭീഷണിയുയർത്തിയതിന് പൊലിസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.
കണ്ണൂർ ജില്ലാ പ്രസിഡന്റ് പി.പി. ദിവ്യ ബുധനാഴ്‌ച്ച വൈകുന്നേരം അഞ്ചു മണിക്ക് നൽകിയ പരാതിയെ തുടർന്ന് കണ്ണൂർ ടൗൺ പൊലിസ് കേസെടുത്തിട്ടുണ്ട്. കണ്ണൂർ ടൗൺ പൊലിസ് ഇൻസ്‌പെക്ടർ പി എം ബിനുമോഹനാണ് കേസ് അന്വേഷണം നടത്തുന്നത്. സംസ്ഥാനതലത്തിൽ പ്രവർത്തിക്കുന്ന ഫീഡേഴ്സ് ഗ്രൂപ്പ് കേരള എന്ന വാട്സ് ആപ്പ് ഗ്രൂപ്പിൽ ദിവ്യയുടെ ചിത്രം ഉൾക്കൊള്ളിച്ചാണ് പ്രകോപനപരമായ സന്ദേശമാണ് പ്രചരിപ്പിക്കുന്നത്. ഒരു സ്ത്രീയുടെ അത്യന്തം പ്രകോപനപരമായ ശബ്ദരേഖയും പൊലീസിനു നൽകിയ പരാതിക്കൊപ്പം നൽകിയിട്ടുണ്ട്.
ഇവളെ കാണുമ്പോൾ തന്നെ കൊല്ലാൻ തോന്നുന്നുവെന്നും എന്റെ മക്കളെ ഓർത്തിട്ടാണ്, അല്ലെങ്കിൽ ജില്ലാ പഞ്ചായത്തിൽ പോയി തല്ലിക്കൊല്ലുമായിരുന്നു എന്നുമാണ് ശബ്ദസന്ദേശത്തിൽ പറയുന്നത്. ഇവരെ കുറിച്ച് വ്യക്തമായ അന്വേഷണം നടത്തണമെന്നും കലാപാഹ്വാനത്തിനാണ് ശ്രമിക്കുന്നതെന്നും പരാതിയിൽ പറയുന്നുണ്ട്. വാക്സിൻ മാഫിയയുടെ ഭാഗമായി പ്രവർത്തിച്ച് സാമ്പത്തിക ലാഭം ഉണ്ടാക്കുന്ന മൃഗസംരക്ഷണമെന്ന കപടമുഖമുള്ള ഇവരുടെ സാമ്പത്തിക സ്രോതസ്സിനെ കുറിച്ച് അന്വേഷിക്കണമെന്നും പി പി ദിവ്യ പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
ശബ്ദരേഖ അയച്ച ആളെ കണ്ടെത്തണമെന്നും ഗ്രൂപ്പ് അഡ്‌മിനെതിരേ ശക്തമായ നടപടി സ്വീകരിക്കണമെന്നും പി പി ദിവ്യ പരാതിയിൽ ചൂണ്ടികാട്ടി. അക്രമകാരികളായ തെരുവ് നായ്ക്കളെ ദയാവധം നടത്തുന്നതിന് അനുവാദം വേണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ച ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യയെ ഓഫീസിൽ കയറി കുത്തി കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി സന്ദേശമയച്ചവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ഗ്രാമപഞ്ചായത്ത് അസോസിയേഷൻ കണ്ണൂർ ജില്ലാ പ്രസിഡണ്ട് എം ശ്രീധരൻ ആവശ്യപ്പെട്ടു.
ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ എ ബി സി സെന്ററുകൾ പ്രവർത്തിച്ചു വരുന്നുണ്ട്. എന്നാൽ ഈ പ്രവർത്തനം കൊണ്ടു മാത്രം അക്രമണകാരികളായ നായ്ക്കളുടെ കടിയേൽക്കുന്നതിൽ നിന്ന് ജനങ്ങളെ രക്ഷിക്കാനാവില്ല. ഈ സാഹചര്യത്തിൽ മനുഷ്യ ജീവന് വില കൽപിച്ചു കൊണ്ടാണ് നിയമ നടപടിക്കായി ജില്ലാ പഞ്ചായത്ത് സുപ്രീം കോടതിയെ സമീപിച്ചത്. ഇതിന്റെ പേരിൽ ജനപ്രതിനിധികൾക്ക് നേരെ ഭീഷണിയുമായി വരുന്നത് അപലപനീയവും പ്രതിഷേധാർഹവുമാണ്. ഇതിനെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് അസോസിസേഷൻ ആവശ്യപ്പെട്ടു.




