കാസർകോട്: തെരുവുനായ്ക്കളിൽ നിന്ന് മദ്രസ വിദ്യാർത്ഥികളെ രക്ഷിക്കാൻ തോക്കെടുത്ത രക്ഷിതാവ് കുടുങ്ങി. വിദ്യാർത്ഥികൾക്ക് തോക്കുമായി അകമ്പടി പോയ രക്ഷിതാവിനെതിരേ പൊലീസ് കേസെടുത്തു. തെരുവുനായ്ക്കളെ കൊല്ലാൻ ആഹ്വാനം ചെയ്തതിനാണ് ബേക്കൽ ഹദ്ദാദ് നഗറിലെ 'ടൈഗർ സമീർ' എന്ന സമീറിനെതിരേ ബേക്കൽ പൊലീസ് കേസെടുത്തിരിക്കുന്നത്. കൈയിൽ എയർഗണ്ണുമായി സമീർ വിദ്യാർത്ഥികൾക്ക് അകമ്പടി പോകുന്ന വീഡിയോ കഴിഞ്ഞദിവസം സാമൂഹികമാധ്യമങ്ങളിൽ വൈറലായിരുന്നു. ഇതിന് പിന്നാലെയാണ് രക്ഷിതാവിനെതിരെ കേസെടുത്തിരിക്കുന്നത്.

നാട്ടിലെ പത്തിലധികം കുട്ടികൾക്ക് മുന്നിൽ സമീർ തോക്കുമായി നടക്കുന്ന വീഡിയോയാണ് കഴിഞ്ഞദിവസം പ്രചരിച്ചത്. കുട്ടികളെ നായ ഓടിച്ചാൽ വെടിവെച്ച് കൊല്ലുമെന്നും വീഡിയോയിൽ പറഞ്ഞിരുന്നു. ഇതിനെത്തുടർന്നാണ് നായ്ക്കളെ കൊല്ലാൻ ആഹ്വാനം ചെയ്തെന്ന് ചൂണ്ടിക്കാട്ടി പൊലീസ് സ്വമേധയാ കേസെടുത്തിരിക്കുന്നത്. സ്റ്റേഷൻ ജാമ്യം ലഭിക്കാവുന്ന കുറ്റമാണിത്.

അതേസമയം, ശനിയാഴ്ച രാവിലെയാണ് പൊലീസ് കേസെടുത്ത വിവരം അറിഞ്ഞതെന്ന് സമീർ പ്രതികരിച്ചു. നായയുടെ ശല്യം കാരണം കുട്ടികളൊന്നും മദ്രസയിൽ പോയില്ല. കുട്ടിയെ മദ്രസയിൽ കൊണ്ടുവിടണം. അപ്പോളാണ് വീട്ടിലുണ്ടായിരുന്ന തോക്കെടുത്ത് കുട്ടികളെ കൊണ്ടുവിടാമെന്ന് പറഞ്ഞത്. കുട്ടികളൊക്കെ അപ്പോൾ ആവേശത്തോടെ എന്റെ കൂടെവന്നു, അവരെ മദ്രസയിൽ കൊണ്ടുവിട്ടെന്നും അദ്ദേഹം വ്യക്തമാക്കി.

എന്റെ മകനാണ് വീഡിയോ പകർത്തി, നാട്ടിലെ ഒരു വാട്സാപ്പ് ഗ്രൂപ്പിലിട്ടത്, അങ്ങനെ വീഡിയോ വൈറലാവുകയായിരുന്നു' -സമീർ പറഞ്ഞു. വീഡിയോ വൈറലായതോടെ പലരും ഫോണിൽവിളിച്ചെന്നും ഇതുകാരണം അധികൃതർ കണ്ണുതുറക്കുമെന്നും ചെയ്തത് നല്ലകാര്യമാണെന്ന് പറഞ്ഞതായും സമീർ പ്രതികരിച്ചു. മറ്റൊരു മാർഗവുമില്ലാത്തതിനാലാണ് ഈ വഴി തിരഞ്ഞെടുത്തതെന്നും പ്രദേശത്ത് തെരുവുനായ ശല്യം രൂക്ഷമാണെന്നും സമീർ പ്രതികരിച്ചു. ലൈസൻസ് വേണ്ടാത്ത തോക്കാണ് പക്കലുള്ളതെന്നും സമീർ ചൂണ്ടിക്കാട്ടിയിരുന്നു.

അടുത്ത വീടുകളിലെ കുട്ടികൾ സമീറിന്റെ വീട്ടിലെത്തിയശേഷം 9 വയസുകാരിയായ മകളോടൊപ്പമാണു മദ്രസയിലും സ്‌കൂളിലും പോകുന്നത്. പതിനഞ്ചോളം കുട്ടികൾ ഒരുമിച്ചാണു യാത്ര. പല കുട്ടികളുടെയും പിതാക്കന്മാർ വിദേശത്താണ്. കഴിഞ്ഞ ദിവസം ഒരു കുട്ടിയെ നായ കടിച്ചതോടെ പഠിക്കാൻ പോകാൻ പേടിയാണെന്നു സമീറിന്റെ മകൾ വീട്ടിൽ പറഞ്ഞു. ഇതോടെയാണ് തോക്കെടുത്ത് സുരക്ഷയൊരുക്കാൻ സമീർ തീരുമാനിച്ചത്.

ഏറെ നാളായി എയർഗൺ കൈവശമുണ്ടെന്നു സമീർ പറയുന്നു. കൈവശമുള്ള എയർഗൺ ഉപയോഗിച്ചാൽ നായ ചാകില്ലെന്നും പരുക്കേൽക്കാനുള്ള ശക്തിയേ ഉള്ളൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അടുത്തിടെയാണ് നായ ശല്യം രൂക്ഷമായതെന്നാണ് സമീർ പറയുന്നത്. കുട്ടികൾക്കും നാട്ടുകാർക്കും പുറത്തിറങ്ങാൻ കഴിയാത്ത സ്ഥിതിയാണ്. പുറത്തുനിന്നും നായ്ക്കൾ പ്രദേശത്തേക്ക് എത്തുന്നുണ്ട്. പഞ്ചായത്ത് അധികൃതരെ വിവരം ധരിപ്പിച്ചിട്ടുണ്ടെന്ന് സമീർ വ്യക്തമാക്കിയിരുന്നു. ഇതിനിടെയാണ് സമീറിനെതിരെ കേസെടുത്തത്.