തിരുവനന്തപുരം: പൊലീസ് നായ കല്യാണിയുടെ മരണത്തിലെ ദുരൂഹത നീങ്ങുന്നു. ആന്തരികാവയവ രാസപരിശോധനാ ഫലം പുറത്തുവന്നതോടെയാണ് കല്യാണിയുടെ മരണത്തിലെ അസ്വഭാവികതകൾ നീങ്ങിയത്. ഇതോടെ മൂന്ന് പൊലീസുകാർക്കെതിരെ നേരത്തെ സ്വീകരിച്ച വകുപ്പ് തല നടപടി പിൻവലിക്കും. കേരളാ പൊലീസിന്റെ കെ 9 സ്‌ക്വാഡിലെ കല്യാണി ചത്തത് വിഷം ഉള്ളിൽച്ചെന്നായിരിക്കാമെന്ന സാധ്യതയാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് മുന്നോട്ടുവെച്ചിരുന്നത്.

കല്യാണിയുടെ ആന്തരികാവയവങ്ങളിൽ കണ്ടെത്തിയ വിഷാംശമായിരുന്നു ഈ സംശയങ്ങൾക്ക് പിന്നിൽ. തുടർന്ന് വിഷം ഉള്ളിൽച്ചെന്നിട്ടുണ്ടോ എന്ന് സ്ഥിരീകരിക്കാൻ ആന്തരികാവയവങ്ങൾ രാസപരിശോധനയ്ക്കായി അയക്കുകയായിരുന്നു. ഇതിനിടെ വിഷാംശം കണ്ടെത്തിയ പശ്ചാത്തലത്തിൽ കെ 9 സ്‌ക്വാഡിലെ മറ്റ് നായകളെ പരിശോധിച്ചെങ്കിലും പ്രശ്നങ്ങൾ കണ്ടെത്തിയില്ല. എന്നാൽ പോസ്റ്റ്മോർട്ടം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർ വകുപ്പുതല നടപടിയെടുത്തിരുന്നു.

പൂന്തുറ ഡോഗ് സ്‌ക്വാഡിലെ എസ്‌ഐ ഉണ്ണിത്താൻ, പരിശീലകരായ രഞ്ജിത്ത്, ശ്യാം എന്നിവർക്കെതിരെയാണ് അച്ചടക്കനടപടി സ്വീകരിച്ചത്. കൂടാതെ തിരുവനന്തപുരം പൂന്തുറ പൊലീസ് കേസുമെടുത്തിരുന്നു. വിഷാംശം കണ്ടെത്താൻ കഴിയാത്തതോടെ ഈ നടപടി ഉടൻ പിൻവലിക്കും. മസ്തിഷ്‌കാർബുദം ബാധിച്ച കല്യാണി, അതിനുള്ള മരുന്നു കഴിച്ചിരുന്നു. അതാണോ മരണകാരണമെന്നും അന്വേഷിക്കുന്നുണ്ട്.

എട്ട് വർഷവും എട്ട് മാസവും പ്രായമുള്ള കല്യാണി ചത്തത് നവംബർ 20നാണ്. 2015-ൽ സേനയുടെ ഭാഗമായ കല്യാണിക്ക് 2021 വർഷത്തെ സംസ്ഥാന പൊലീസ് മേധാവിയുടെ എക്സലൻസ് പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. നിരവധി കേസുകൾക്ക് നിർണായക തുമ്പുണ്ടാക്കിയത് പൊലീസ് നായ കല്യാണിയുടെ ഇടപെടൽ ആയിരുന്നു. 2015 ലാണ് കെനൈൻ സ്‌ക്വാഡിന്റെ ഭാഗമാകുന്നത്. സേനയിൽ എത്തുമ്പോൾ തന്നെ ഏറ്റവും മിടുക്കി എന്ന പരിവേഷം കല്യാണിക്ക് ഉണ്ടായിരുന്നു. സേനക്കുള്ളിലും പുറത്തും കല്യാണിക്ക് ആരാധകർ ഏറെയായിരുന്നു.