- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബധിരമൂക പെൺകുട്ടിയെ ബലാൽസംഗം ചെയ്ത് ഗർഭിണിയാക്കി; കാര്യം പറഞ്ഞ് പൊലീസിനെ മനസിലാക്കാൻ ഇരയ്ക്ക് സാധിച്ചില്ല; സംശയിക്കപ്പെടുന്ന പ്രതി കുറ്റം നിഷേധിച്ചു; ഡി.എൻ.എ പരിശോധനയ്ക്ക് ഒടുവിൽ സംശയിക്കപ്പെടുന്നയാൾ അറസ്റ്റിൽ; നൂറനാട് സ്റ്റേഷനിൽ നിന്ന് ഒരു അപൂർവ അന്വേഷണ കഥ
നൂറനാട്: ബധിരയും മൂകയുമായ പെൺകുട്ടിയെ ബലാൽസംഗം ചെയ്ത് ഗർഭിണിയാക്കിയ കേസിലെ പ്രതിയെ ശാസ്ത്രീയ അന്വേഷണത്തിനൊടുവിൽ പൊലീസ് അറസ്റ്റ് ചെയ്തു. പെൺകുട്ടിക്ക് പ്രതിയെ കുറിച്ചുള്ള വിവരങ്ങൾ പേലീസിനെ പറഞ്ഞ് മനസിലാക്കാൻ സാധിക്കാതിരുന്നതും പ്രതിയെന്ന് സംശയിക്കുന്നയാളുടെ ഫോട്ടോ കണ്ട് മനസിലാക്കാൻ കഴിയാതെ വന്നതും പൊലീസിന്റെ അന്വേഷണത്തിന് വിലങ്ങു തടിയായി. പെൺകുട്ടി ജന്മം നൽകിയ കുഞ്ഞിന്റെയും പ്രതിയെന്ന് സംശയിക്കുന്നയാളുടെയും ഡി.എൻ.എ പരിശോധന സത്യം തെളിയിച്ചു. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. ചുനക്കര നടുവിലേ മുറിയിൽ രാജീവ് ഭവനത്തിൽ രാജീവിനെ(46)യാണ് എസ്.എച്ച്.ഓ പി. ശ്രീജിത്തിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
11 മാസം മൂൻപാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ഒരു ദിവസം ഉച്ചയ്ക്ക് ഒരു മണിയോടെ വീട്ടിൽ ആരുമില്ലാതിരുന്ന സമയം അതിക്രമിച്ച് കയറി പെൺകുട്ടിയെ ബലാൽസംഗം ചെയ്യുകയായിരുന്നു. വിവരം പുറത്തു പറഞ്ഞാൽ കൊന്നു കളയുമെന്ന് രാജീവ് ഭീഷണിപ്പെടുത്തുകയും ചെയ്തു. മാസങ്ങൾ കഴിഞ്ഞു വയറു വേദന അനുഭവപ്പെട്ടു തുടങ്ങിയപ്പോഴാണ് പീഡനത്തെ തുടർന്ന് ഗർഭിണിയായി എന്ന വിവരം പെൺകുട്ടിക്ക് മനസിലായത്. തുടർന്നും പ്രതിയിൽ നിന്നും ഭീഷണി നേരിടേണ്ടി വന്നതിനാൽ പെൺകുട്ടി വീട്ടുകാരോട് വിവരം പറയാൻ മടിച്ചു.
പക്ഷേ വയറു വേദന കലശലായി അതിനെ തുടർന്ന് പെൺകുട്ടി വീട്ടുകാരോട് വിവരം പറയുകയും ആശുപത്രിയിൽ ചികിത്സ തേടുകയും ചെയ്തു. പക്ഷേ പ്രതി ആരാണെന്ന് പറഞ്ഞ് മനസ്സിലാക്കാൻ പെൺകുട്ടിക്ക് കഴിഞ്ഞിരുന്നില്ല.വീട്ടുകാർ നൂറനാട് പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. പൊലീസ് ബലാത്സംഗ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങി. പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്താൻ പ്രത്യേക വൈദഗ്ധ്യം നേടിയ അദ്ധ്യാപകരുടെ സഹായം പൊലീസിന് തേടേണ്ടി വന്നു. പക്ഷേ പ്രതിയെക്കുറിച്ചുള്ള ഒരു സൂചനയും പെൺകുട്ടിക്ക് നൽകാൻ കഴിഞ്ഞിരുന്നില്ല.
പൊലീസ് വ്യാപകമായ അന്വേഷണം നടത്തുകയും സംശയം തോന്നിയ രാജീവിനോട് കാര്യം തിരക്കുകയും ചെയ്തു. എന്നാൽ, ഇയാൾ കുറ്റം സമ്മതിച്ചില്ല. രാജീവന്റെ ഫോട്ടോ പെൺകുട്ടിയെ കാണിച്ചപ്പോൾ ഭാഗികമായി തിരിച്ചറിഞ്ഞു. പക്ഷേ, ഇയാൾ നിഷേധിച്ചത് കാരണം അറസ്റ്റ് ചെയ്യാൻ സാധിച്ചില്ല. പൊലീസ് ശാസ്ത്രീയ പരിശോധന നടത്തുവാൻ തീരുമാനിച്ചു. പെൺകുട്ടിയുടെയും കുഞ്ഞിന്റെയും രാജീവന്റെയും രക്ത സാമ്പിളുകൾ ശേഖരിച്ചു ഡി എൻ എ പരിശോധനയ്ക്കായി തിരുവനന്തപുരം സ്റ്റേറ്റ് ഫോറൻസിക് ലബോറട്ടറിയിലേക്ക് പരിശോധനയ്ക്കായി അയച്ചു.
നിരാലംബരായ പെൺകുട്ടിയെയും കുഞ്ഞിനെയും വനിതാ ശിശു സംരക്ഷണ കേന്ദ്രത്തിലേക്ക് പൊലീസ് ഇതിനകം മാറ്റിയിരുന്നു. രാജീവ് കുറ്റം പൂർണമായി നിഷേധിച്ചിട്ട് ഉള്ളതിനാൽ സംശയിക്കപ്പെടാൻ സാധ്യതയുള്ളവരുടെ പട്ടിക പൊലീസ് തയ്യാറാക്കിയിരുന്നു.തുടർന്ന് കഴിഞ്ഞ ദിവസം രക്തസാമ്പിളുകൾ പരിശോധിച്ച ശേഷമുള്ള ഡി എൻ എ പരിശോധനാഫലം പുറത്തുവന്നു.
ആയത് പ്രകാരം രാജീവ് തന്നെയാണ് കുഞ്ഞിന്റെ പിതാവ് എന്ന് പരിശോധന റിപ്പോർട്ട് പൊലീസിന് ലഭിച്ചു. രാജീവിനെ കഴിഞ്ഞദിവസം നൂറനാട് പൊലീസ് അറസ്റ്റ് ചെയ്തു. പ്രതിയെ മാവേലിക്കര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി രണ്ട് മുൻപാകെ ഹാജരാക്കി റിമാൻഡ് ചെയ്തു. പ്രതിയെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ അന്വേഷണങ്ങൾ നടത്തും. എസ് ഐ നിധീഷ്, എസ് ഐ രാജീവ്, എസ് സി പി ഓ മാരായ പ്രസന്നകുമാരി, ശ്രീകല, സി പി ഓ മാരായ രഞ്ജിത്ത്, പ്രവീൺ കലേഷ്,വിഷ്ണു എന്നിവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്