- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
കല്യാണപ്പന്തലിൽ നിലവിളി; സിന്ദൂരം ചാർത്തുന്നതിനിടെ വധുവിനെ വെടിവെച്ചിട്ട് മുൻകാമുകൻ; 18-കാരിയുടെ നില അതീവ ഗുരുതരം; ലഹരിക്കേസ് പ്രതിയായ യുവാവിനാണ് വലവിരിച്ച് പോലീസ്

ബക്സർ: ബിഹാറിൽ വിവാഹപ്പന്തലിലെ ആഘോഷങ്ങൾക്കിടെ വധുവിന് നേരെ വെടിയുതിർത്ത സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ബിഹാറിലെ ബക്സറിൽ ചൊവ്വാഴ്ച രാത്രി പതിനൊന്നോടെയാണ് സംഭവം. പതിനെട്ടുകാരിയായ ആരതി കുമാരിക്കാണ് വെടിയേറ്റത്. പെൺകുട്ടിയുടെ അയൽവാസിയും മുൻകാമുകനുമായ ദീൻബന്ധുവാണ് അക്രമി. വരനൊപ്പം വേദിയിൽ ഇരിക്കുമ്പോഴാണ് അതിഥികൾക്കിടയിൽ നിന്നെത്തിയ ദീൻബന്ധു പെൺകുട്ടിക്ക് നേരെ നിറയൊഴിച്ചത്.
വിവാഹച്ചടങ്ങുകളുടെ ഭാഗമായി സഹോദരി വരന്റെ നെറ്റിയിൽ സിന്ദൂരം ചാർത്തിയ ശേഷം ആരതിയുടെ അടുത്തേക്ക് നീങ്ങുന്ന നിമിഷത്തിലായിരുന്നു അപ്രതീക്ഷിത ആക്രമണം. ആരതിയുടെ വയറ്റിലാണ് വെടിയേറ്റത്. ഇതോടെ വിവാഹപ്പന്തലിൽ പരിഭ്രാന്തി പടരുകയും അതിഥികൾ ചിതറിയോടുകയും ചെയ്തു. രക്തത്തിൽ കുളിച്ച ആരതിയെ ഉടൻതന്നെ അടുത്തുള്ള സദർ ആശുപത്രിയിൽ എത്തിച്ചെങ്കിലും നില അതീവ ഗുരുതരമായതിനാൽ വിദഗ്ധ ചികിത്സയ്ക്കായി വാരണാസി ട്രോമ സെന്ററിലേക്ക് മാറ്റി.
പ്രണയനൈരാശ്യമാണ് ആക്രമണത്തിന് പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതിക്കായി തിരച്ചിൽ ഊർജിതമാക്കിയതായി പൊലീസ് അറിയിച്ചു. ഇയാളുടെ മാതാപിതാക്കളെ ചോദ്യം ചെയ്യലിനായി കസ്റ്റഡിയിലെടുത്തിട്ടുണ്ട്. നേരത്തെ മദ്യക്കടത്ത് കേസുകളിൽ ഉൾപ്പെട്ട് ജയിൽശിക്ഷ അനുഭവിച്ചിട്ടുള്ള ക്രിമിനൽ പശ്ചാത്തലമുള്ളയാളാണ് ദീൻബന്ധു എന്ന് അഡീഷണൽ സ്റ്റേഷൻ ഹൗസ് ഓഫീസർ ചന്ദൻ കുമാർ വ്യക്തമാക്കി.


