തൊടുപുഴ: മാഫിയ സംഘങ്ങളുമായി ചേർന്ന് ചാരായ വാറ്റ് നടത്തിയ പൊലീസ് ഇൻസ്പെക്ടർക്കെതിരെ രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ട് സമർപ്പിച്ചിട്ടും നടപടിയില്ല. നാലു മാസം മുമ്പാണ് സംഭവം. ഹൈറേഞ്ച് മേഖലയിലെ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥാനാണ് ചാരായം വാറ്റി പൊല്ലാപ്പ് പിടിച്ചത്. സംഭവം നാട്ടിൽ പാട്ടായതിന് പിന്നാലെ രഹസ്യാന്വേഷണ വിഭാഗം നടത്തിയ അന്വേഷണത്തിൽ ആരോപണത്തിൽ കഴമ്പുണ്ടെന്ന് കണ്ടെത്തിയിരുന്നു. തുടർന്ന് ഉദ്യോഗസ്ഥനെതിരെ നടപടിക്ക് ശിപാർശ ചെയ്ത് സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഈ റിപ്പോർട്ട് പൂഴ്‌ത്തിയെന്നാണ് ഇപ്പോൾ കേൾക്കുന്നത്.

ഇൻസ്പെകടറുടെ സ്റ്റേഷൻ പരിധിയിലുള്ള ഒരു വീട് കേന്ദ്രീകരിച്ചായിരുന്നു ചാരായ നിർമ്മാണം. ലഹരി തലയ്ക്കു പിടിച്ചതോടെ ഉദ്യോഗസ്ഥനും സഹ വാറ്റുകാരും ഗാനാലാപനം അടക്കമുള്ള കലാപരിപാടികളിലേക്ക് തിരിഞ്ഞു. ബഹളം കേട്ട് അയൽവാസികൾ എത്തിയപ്പോഴാണ് സമീപത്തെ റോഡിൽ പൊലീസ് വാഹനം കണ്ടത്. ശബ്ദം കേട്ട വീട്ടിൽ ചെന്നപ്പോൾ കണ്ടതാകട്ടെ പൊലീസുകാരുടെ ചാരായ നിർമ്മാണവും. ക്ഷണിക്കാതെ എത്തിയതാണെങ്കിലും നാട്ടുകാർക്ക് വിശാല മനസ്‌ക്കനായ ഏമാൻ രുചിക്കാൻ ചാരായവും നല്കി.

ഏമാൻ നല്കിയ മദ്യം കഴിച്ചവർ തന്നെയാണ് വിവരം നാട്ടിൽ പാട്ടാക്കിയതെന്നതാണ് കൗതുകം. കാലാകാലങ്ങളായി തമിഴ്‌നാട് വനാന്തരങ്ങളിൽ വാറ്റ് നടത്തുന്ന സംഘത്തിൽ നിന്നാണ് ചാരായം നിർമ്മിക്കാനുള്ള ഉപകരണങ്ങൾ എത്തിച്ചതത്രേ. ഇവരുമായും ഉദ്യോഗസ്ഥന് അടുത്ത ബന്ധമാണുള്ളതെന്നും ആരോപണമുണ്ട്.

ചാരായത്തിന്റെ ഏറിയ പങ്കും പൊലീസ് വാഹനത്തിൽ തന്നെ ഇൻസ്പെക്ടർ കടത്തിയെന്നാണ് പറയുന്നത്. ചാരായ നിർമ്മാണത്തിന് സഹായികളായി പ്രദേശത്ത് താമസിക്കുന്ന ചില പൊലീസുകാരുമുണ്ടായിരുന്നു. ജില്ലയിൽ വർഷങ്ങളായി ജോലി ചെയ്യുന്ന ഇയാൾക്കെതിരെ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തതടക്കം നിരവധി പരാതികളും മുമ്പ് ഉയർന്നിട്ടുണ്ട്.

സമീപ ജില്ലയിലെ ഭരണ കക്ഷിയിലെ പ്രമുഖന്റെ അടുത്ത ബന്ധുവാണ് ഇയാളെന്നും പറയുന്നു. പ്രമുഖന്റെ സ്വാധീനം ഉപയോഗിച്ചാണ് പല കേസുകളിൽ നിന്നും നടപടികളുണ്ടാകാതെ ഇയാൾ രക്ഷപെടുന്നതെന്നാണ് സേനയിലുള്ളവർ തന്നെ പറയുന്നത്.ജോലി ചെയ്തിരുന്ന മിക്ക സ്ഥലങ്ങളിലെയും മാഫിയ സംഘങ്ങളുമായി ഇയാൾ അടുത്ത ബന്ധം പുലർത്തുന്നതായും ആരോപണമുണ്ട്.സംഘങ്ങളെ ഉപയോഗിച്ച് ഭീഡണിപ്പെടുത്തിയാണ് പരാതി പിൻവലിപ്പിക്കുന്നതെന്നുമാണ് ആരോപണം.