കണ്ണൂർ: കണ്ണൂർ പൊലിസ് അറസ്റ്റു ചെയ്ത ദക്ഷിണേന്ത്യയിലെ കഞ്ചാവ് വിൽപനയ്ക്കു നേതൃത്വം നൽകുന്ന ഇബ്രാഹിമിനെതിരെ പൊലിസ് അന്വേഷണം ഊർജ്ജിതമാക്കി. ഇബ്രാഹിമിന്റെ ഉടമസ്ഥതയിലുള്ള രണ്ടുഹോട്ടലുകളിൽ കണ്ണൂർ ടൗൺ പൊലിസ് വ്യാപകപരിശോധന നടത്തി. ഇയാൾക്ക് കണ്ണൂരിൽ ബിനാമി സ്വത്തുക്കളായി രഹസ്യവിവരം ലഭിച്ചിട്ടുണ്ട്. ഇന്ത്യയിൽ മുഴുവൻ വേരുകളുള്ള ഇബ്രാഹിം കണ്ണൂരിലടക്കം വ്യാപകമായി റിയൽ എസ് റ്റേറ്റിലും ഹോട്ടൽ ശൃംഖലകളിലും പണമിറക്കിയതായി പൊലിസിന് സൂചന ലഭിച്ചിട്ടുണ്ട്. കണ്ണൂർ നഗരത്തിന്റെ പ്രാന്തപ്രദേശങ്ങളിലൊന്നായ എടച്ചൊവ്വയിലെ വീട്ടിൽ നിന്ന് 61 കിലോഗ്രാം കഞ്ചാവു പിടികൂടിയ കേസിൽ അറസ്റ്റിലായ കാസർകോട് സ്വദേശി ദക്ഷിണേന്ത്യ മുഴുവൻ കഞ്ചാവ് കടത്തുന്ന സംഘത്തിലെ തലവനാണെന്ന് പൊലിസ്.

കാസർകോട് ദേലംപാടി സ്വദേശി വൽത്താജെ വീട്ടിൽ ഇബ്രാഹിമിനെയാ(42)ണ് തന്ത്രപരമായി കണ്ണൂരിലെത്തിച്ചു കണ്ണൂർ എ.സി.പി ടി.കെ രത്നകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ ഇയാളെയും കൊണ്ടു പ്രത്യേക അന്വേഷണ സംഘം ചെന്നൈയിലെ വിവിധഭാഗങ്ങളിൽ തെളിവെടുപ്പ് നടത്തി. തെലുങ്കാന അതിർത്തിയിലെ ആന്ധ്രാപ്രദേശിലെ ഗ്രാമപ്രദേശത്ത് ആദിവാസികളുടെ അഞ്ചര ഏക്കർ സ്ഥലം പാട്ടത്തിനെടുത്ത് കഞ്ചാവ് കൃഷി നടത്തിവരികയായിരുന്നു ഇബ്രാഹിമെന്ന് പൊലിസ് പറഞ്ഞു. കേരളത്തിൽ തീരെവരാത്ത ഇയാളെ കഞ്ചനാവ് ഇടപാടിനാണെന്ന വ്യാജെനെ എ.സി.പി ടി.കെ രത്നകുമാറിന്റെ നേതൃത്വത്തിൽ കണ്ണൂരിലെത്തിച്ചു അറസ്റ്റു ചെയ്യുകയായിരുന്നു.

സ്വന്തമായുള്ള വാഹനങ്ങളിലടക്കം കർണാടകം, കേരളം , തമിഴ്‌നാട് ആന്ധ്രാപ്രദേശ്, എന്നിവടങ്ങളിലേക്ക് ഇയാൾ കഞ്ചാവ് കടത്തിവരികയായിരുന്നു. ഇബ്രാഹിമുമായി അടുത്ത ബന്ധമുള്ള ചില സംഘങ്ങൾ മഹാരാഷ്ട്ര, ബംഗാൾ എന്നിവടങ്ങളിലേക്കും കഞ്ചാവ് കടത്തുന്നതായി പൊലിസിന് നേരത്തെ വിവരം ലഭിച്ചിരുന്നു. കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം, തൃശൂർ ജില്ലകളിലെ ചെറുകിട വിതരണക്കാർക്ക് കഞ്ചാവ് എത്തിച്ചു നൽകിയിരുന്നത് ഇയാളാണെന്ന് നേരത്തെ പൊലിസിന് വിവരം ലഭിച്ചിരുന്നു. വാഹനത്തിന്റെ പിൻഭാഗത്ത് രഹസ്യ അറയുണ്ടാക്കി നൂറ്കിലോഗ്രാം കഞ്ചാവ് ഒറ്റയടിക്ക് കടത്തുകയായിരുന്നു പതിവ്.

ബംഗ്ളൂര് വഴിയായിരുന്നു കഞ്ചാവ് കടത്ത്. ഇവിടെ വെച്ചു വാഹനത്തിന്റെ ഡ്രൈവർമാറും. ഡ്രൈവർക്ക് താമസിക്കുന്നതിനായി ബംഗ്ളൂരിൽ അപാർട്ട്മെന്റ് സൗകര്യവും ഏർപ്പെടുത്തിയിരുന്നു. കഞ്ചാവ് കടത്തിലൂടെ ലഭിക്കുന്ന പണം ഹോട്ടൽ ബിസിനസിലാണ് നിക്ഷേപിച്ചിരുന്നത്. കണ്ണൂർ നഗരത്തിൽ മാത്രം ഇയാൾക്ക് രണ്ടു ഹോട്ടലുകളുണ്ട്. ഇവിടെ കഴിഞ്ഞ ദിവസം പൊലിസ് റെയ്ഡ് നടത്തിയിരുന്നു. ആന്ധ്രാപ്രദേശിൽ ഇയാൾക്ക് റിസോർട്ടുള്ളതായി പൊലിസിന് വിവരം ലഭിച്ചിട്ടുണ്ട്. പന്ത്രണ്ടു ഫോണുകളാണ് ഇയാൾ ഉപയോഗിച്ചിരുന്നത്. ഓരോമാസവും ഓരോ ഫോണാണ് ഉപയോഗിച്ചിരുന്നത്. മംഗ്ളൂരിൽ നിന്നും കാറിൽ കടത്തവെ ഷകഞ്ചാവ് പശിടികൂടിയ കേസിൽ ജയിൽ ശിക്ഷ അനുഭവിൗച്ച ഇബ്രാഹിം പിന്നീട് പുറത്തിറങ്ങി വർധിത വീര്യത്തോടെ കഞ്ചാവ് കടത്ത് ബിസിനസിൽ ഏർപ്പെടുകയായിരുന്നു.

കണ്ണൂരിൽ പലതവണ ചെറുകിട കഞ്ചാവ് വിതരണക്കാർ പിടിയിലാകുമ്പോഴും ഇബ്രാഹിമിന്റെ പേര് പൊലിസിന് ലഭിച്ചിരുന്നുവെങ്കിലും ഇയാളെ പിടികൂടാൻ കഴിഞ്ഞിരുന്നില്ല. എന്നാൽ എടചൊവ്വയിലെ വീട്ടിൽ നിന്ന് 61 കിലോഗ്രാം കഞ്ചാവ് പിടികൂടിയ കേസിലെ പ്രതികൾ നൽകിയ മൊഴികളാണ് ഇബ്രാഹിമിലേക്ക് പൊലിസിനെ കൃത്യമായി എത്തിച്ചത്. എടചൊവ്വയിലെ ഷഗീൻ എന്നയാളുടെ വീട്ടിൽ നിന്നാണ് കഞ്ചാവ് പിടിച്ചെടുത്തത്. അത്താഴക്കുന്ന് സ്വദേശി നാസർ നൽകിയ കഞ്ചാവാണ് ഷഗീന്റെ വീട്ടിൽ ഇറക്കിയതെന്നു അന്നു പൊലിസ് പിടിയിലായ ഉളിക്കൽ സ്വദേശി ഓട്ടോ ഡ്രൈവർ റോയ്മൊഴി നൽകിയിരുന്നു. ഷഗീൻ പിന്നീട് കോടതിയിൽ കീഴടങ്ങുകയും നാസറിനെ പൊലിസ് അറസ്റ്റു ചെയ്യുകയും ചെയ്തിരുന്നു.

ഇവരെ രണ്ടുപേരെയും ചോദ്യം ചെയ്തപ്പോഴാണ് ഇബ്രാഹിമിനെകുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭിച്ചത്. എന്നാൽ മൊബൈൽ നമ്പർ മാറിമാറി ഉപയോഗിക്കുന്ന ഇബ്രാഹിമിനെകണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. അക്ഷരാർത്ഥത്തിൽ ഇരുട്ടിൽ തപ്പുകയായിരുന്നു പൊലിസ്. ഒരു മൊബൈലിന്റെ ലൊക്കേഷൻ ആന്ധ്രയിൽ കാണിക്കുമ്പോൾ മറ്റൊന്നു ചെന്നൈയിലായിരുന്നു. കേരളത്തിൽ ടവർ ലൊക്കേഷൻ ഇതുവരെ കാണിക്കുകയോ ചെയ്തിരുന്നില്ല. എന്നാൽ ഇതിനിടെ അപ്രതീക്ഷിത ട്വിസ്റ്റുണ്ടായി. മാനന്തവാടിയിൽ ഇയാളുടെ ഒരു വാഹനം അപ്രതീക്ഷിതമായി എക്സൈസ് പിടിയിലായിരുന്നു.

വാഹനത്തിലുണ്ടായിരുന്നവർ ഓടിരക്ഷപ്പെടുകയായിരുന്നു. എന്നാൽ ഇതിനിടെയിൽ വാഹനത്തിൽ നിന്നും മൂന്ന് കിലോഗ്രാം കഞ്ചാവും ലക്ഷക്കണക്കിന് രൂപയും പിടിച്ചെടുത്തു. വണ്ടിയുടെ ആർ.സി ഓണർ ഇബ്രാഹിമാണെന്ന് എക്സൈസ് പൊലിസിന് വിവരം കൈമാറുകയായിരുന്നു.ഇതാണ് ഇബ്രാഹിമിലേക്ക് എത്താൻ പൊലിസിനെ സഹായിച്ചത്. നേരത്തെ കാസർകോട് കേന്ദ്രീകരിച്ചു ഹാൻസ് വിൽപന നടത്തി ഈരംഗത്തു വന്ന ഇബ്രാഹിം അഞ്ചുവർഷംു മുൻപാണ് കഞ്ചാവ് കടത്തിലേക്ക് തിരിഞ്ഞത്.