ബെംഗളൂരു: 12 കോടി രൂപയുടെ സ്വര്‍ണം കടത്താന്‍ ശ്രമിക്കവെ അറസ്റ്റിലായ കന്നഡ സിനിമാ നടി രന്യ റാവുവിന്റെ വീട്ടില്‍ റെയ്ഡ് നടത്തി പൊലീസ്. ബെംഗളൂരുവിലെ ലാവെല്ല റോഡിലുള്ള ഫ്‌ലാറ്റിലാണ് പരിശോധന നടന്നത്. റെയ്ഡില്‍ 2.06 കോടി രൂപ വിലമതിക്കുന്ന സ്വര്‍ണവും 2. 67 കോടി രൂപയും അന്വേഷണ സംഘം കണ്ടെത്തി. നടി സ്വര്‍ണ്ണക്കത്തു സംഘത്തിലെ അംഗമാണെന്നാണ് നിഗമനം. ഇവര്‍ പതിവായി സ്വര്‍ണം കടത്തുന്നയളാണെന്നും കരുതുന്നു.

പൊലീസ് ഹൗസിംഗ് കോര്‍പ്പറേഷന്‍ ഡയറക്ടര്‍ ജനറല്‍ രാമചന്ദ്ര റാവുവിന്റെ മകളാണ് രണ്യ റാവു. പിതാവ് ഉന്നത ഉദ്യോഗസ്ഥന്‍ ആയതു കൊണ്ട് പിടിക്കപ്പെടില്ലെന്ന ധൈര്യത്തിലാണോ നടി സ്വര്‍ണ്ണക്കടത്തിന് ഇറങ്ങിയതെന്ന് വ്യക്തമാല്ല. ഇതേക്കുറിച്ച് അടക്കം വിശദമായ അന്വേഷണത്തിലാണ് പോലീസ് ഒരുങ്ങുന്നത്. ദുബായിയില്‍ നിന്നെത്തിയ നടിയെ ഇന്നലെ വളരെ ആസൂത്രിതമായാണ് പിടികൂടിയത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ റവന്യൂ ഇന്റലിജന്‍സ് വിഭാഗത്തിലെ ഉദ്യാേഗസ്ഥര്‍ നടിക്കായി വിമാനത്താവളത്തില്‍ കാത്തുനില്‍പ്പുണ്ടായിരുന്നു.

രന്യ എത്തിയതോടെ സംഘം നടിയെ വളഞ്ഞു. രന്യയുടെ ദുബായിലേക്കുള്ള പതിവ് വിദേശയാത്രകള്‍ ഉദ്യോഗസ്ഥര്‍ നിരീക്ഷിച്ചു വരികയായിരുന്നു. രണ്ടാഴ്ചയ്ക്കിടെ നാല് തവണയാണ് രണ്യ ദുബായിലേക്ക് പോയത്. ഇതോടെ സംശയം ബലപ്പെടുകയായിരുന്നു. കേസുമായി മറ്റ് ഏതെങ്കിലും ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടോയെന്ന കാര്യം അന്വേഷിച്ചുവരികയാണ്. മുമ്പ് നടന്ന യാത്രകളിലും നടി സ്വര്‍ണം കടത്തിയിട്ടുണ്ടോയെന്നും ഡിആര്‍ഐ ഉദ്യോഗസ്ഥര്‍ അന്വേഷിക്കും.

വിമാനത്താവളത്തില്‍ രന്യ റാവു ഡിജിപിയുടെ മകളാണെന്ന് അവകാശപ്പെടുകയും വീട്ടിലേക്ക് കൊണ്ടുപോകാന്‍ പ്രാദേശിക പൊലീസ് ഉദ്യോഗസ്ഥരെ വിളിക്കുകയുമായിരുന്നു. ഡിജിപി (പോലീസ് ഹൗസിങ് കോര്‍പറേഷന്‍) രാമചന്ദ്ര റാവുവിന്റെ മകളാണ് രന്യ. ചൊവ്വാഴ്ച വൈകുന്നേരം ജഡ്ജിക്ക് മുന്‍പാകെ ഹാജരാക്കിയ പ്രതിയെ 14 ദിവസം ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.

ഈ വര്‍ഷം മാത്രം 10ലധികം വിദേശയാത്രകള്‍ രന്യ നടത്തിയെന്നാണ് വിവരം. ഇതെല്ലാം സ്വര്‍ണം കടത്താന്‍ വേണ്ടിയാണ് എന്ന സൂചനകളാണ് പുത്തുവരുന്നത്. സ്വര്‍ണാഭരണങ്ങള്‍ അണിഞ്ഞും ശരീരത്തില്‍ അരപ്പെട്ടയില്‍ ഒളിപ്പിച്ചുമാണ് നടി സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. പിടിച്ചെടുത്ത സ്വര്‍ണത്തിന് നിലവില്‍ 12 കോടിയോളം രൂപ വില വരും. എന്‍ജിനീയറിംഗ് പാസായ ആളാണ് രന്യയെന്നാണ് സൂചനകള്‍.