- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പൊലീസിനെ ആക്രമിച്ച് രക്ഷപ്പെടാന്‍ ശ്രമം; ആകാശത്തേക്ക് വെടിവച്ചിട്ടും കീഴടങ്ങിയില്ല; മുട്ടിന് താഴെ വെടിവച്ചു; ഛഡ്ഡി മോഷണസംഘം പിടിയില്‍
മംഗളൂരു: ഇന്ത്യയിലൊട്ടാകെ വിവിധ കേസുകളില്‍ പ്രതിയായ ഛഡ്ഡി മോഷണ സംഘത്തെ മംഗളൂരു പൊലീസ് വെടിവച്ച് കീഴ്പ്പെടുത്തി. ബുധനാഴ്ച രാവിലെ മംഗളൂരു നഗരത്തിലെ മല്‍ക്കി ബസ് സ്റ്റാന്റിന് സമീപത്തായിരുന്നു സംഘാംഗങ്ങളെ പൊലീസ് വെടിവച്ച് കീഴ്‌പ്പെടുത്തിയത്. പൊലീസിനെ ആക്രമിച്ച് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് മുട്ടിനുതാഴെ വെടിവച്ച് വീഴ്ത്തിയത്. നഗരത്തിലെ ഒരു വീട്ടില്‍ നടന്ന മോഷണ കേസില്‍ ഇവരെ മംഗളൂരു പൊലീസ് ചൊവ്വാഴ്ച പിടികൂടിയിരുന്നു. പ്രതികളെ തെളിവെടുപ്പിനായി കൊണ്ടുവന്നതിനിടെയാണ് നാടകീയ സംഭവങ്ങള്‍.
മോഷണത്തിനായി ഉപയോഗിച്ച ഇരുമ്പുദണ്ഡ് ബസ് സ്റ്റാന്റ് പരിസരത്ത് ഇവര്‍ ഉപേക്ഷിച്ചിരുന്നു. ഇതിന്റെ തെളിവെടുപ്പിനായാണ് നാലംഗ സംഘത്തെ പൊലീസ് എത്തിച്ചത്. തെളിവെടുപ്പിനിടെ പ്രതികളില്‍ രണ്ട് പേര്‍ പൊലീസിനെ ആക്രമിച്ചു. രാജു സിംഘാനിയ, ബാലി എന്നിവരാണ് പൊലീസിനെ ആക്രമിച്ച് കടന്ന് കളയാന്‍ ശ്രമിച്ചത്. അക്രമണത്തില്‍ എഎസ്‌ഐ വിനയ് കുമാര്‍, കോണ്‍സ്റ്റബിള്‍ ശരത് എന്നിവര്‍ക്ക് പരുക്കേറ്റു.
മുന്നറിയിപ്പ് എന്ന നിലയില്‍ പൊലീസ് ആകാശത്തേക്ക് ആദ്യം വെടി വച്ചെങ്കിലും പ്രതികള്‍ കീഴടങ്ങിയില്ല. തുടര്‍ന്ന് പ്രതികളുടെ മുട്ടിന് താഴെ വെടിവയ്ക്കുകയായിരുന്നുവെന്ന് മംഗളൂരു സിറ്റി പൊലീസ് കമ്മിഷണര്‍ അനുപം അഗര്‍വാള്‍ അറിയിച്ചു. പരുക്കേറ്റ രണ്ട് പ്രതികളെയും മംഗളൂരുവിലെ വെന്‍ലോക്ക് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബെംഗളൂരുവിലെ യശ്വന്ത്പുരയില്‍നിന്ന് നാല് ദിവസം മുന്‍പാണ് മോഷണ സംഘം മംഗളൂരുവിലെത്തിയത്.
തുടര്‍ന്ന് ചൊവ്വാഴ്ച നഗരത്തിലെ വീട്ടില്‍ നിന്ന് കവര്‍ച്ച നടത്തിയ ശേഷം തിരിച്ചുപോകുന്നതിനിടെ ഹാസനില്‍നിന്ന് ഇവര്‍ പിടിയിലായി. ഈ സംഘത്തിനെതിരെ കര്‍ണാടകയ്ക്ക് പുറമെ രാജസ്ഥാനിലും മധ്യപ്രദേശിലും കേസുകളുണ്ടെന്ന് പൊലീസ് അറിയിച്ചു.
ഹൈദരാബാദ്, മധ്യപ്രദേശ്, രാജസ്ഥാന്‍ എന്നിവടിങ്ങളില്‍ നിന്നുള്ള മോഷ്ടാക്കള്‍ അടങ്ങുന്ന വന്‍ സംഘം മുമ്പ് ദക്ഷിണ കന്നഡ, ശിവമോഗ, ഉഡുപ്പി, എന്നിവിടങ്ങളില്‍ വീടുകളില്‍ മോഷണം നടത്തിയിരുന്നു.
ഷോര്‍ട്‌സും വെസ്റ്റും തലയില്‍ ഒരു തുണിയും മാത്രമെ സംഘം ധരിക്കുകയുള്ളു. അവര്‍ സാധാരണയായി അരയില്‍ ആയുധങ്ങള്‍ സൂക്ഷിക്കാറുണ്ട്. മഴയുള്ള രാത്രികാലങ്ങളിലാണ് മോഷണത്തിനായി എത്തുന്നത്. ഒരു ഭയവുമില്ലാതെ മോഷ്ടാക്കള്‍ വീടിനുള്ളില്‍ തിരച്ചില്‍ നടത്തി കവര്‍ച്ച നടത്തുന്നത് കണ്ടതായി പ്രദേശവാസികള്‍ പറയുന്നു. ഛഡ്ഡി സംഘത്തെ കരുതിയിരിക്കാന്‍ പ്രദേശവാസികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു.