തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളിലെ ക്രിസ്മസ് പരീക്ഷാ ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പ്രാഥമികാന്വേഷണം തുടങ്ങി പൊലീസ്. സ്വകാര്യ ഓണ്‍ലൈന്‍ ട്യൂഷന്‍ പ്ലാറ്റ്ഫോമായ എം.എസ് സൊല്യൂഷന്‍സ് എന്ന യൂട്യൂബ് ചാനലിലൂടെയാണ് പരീക്ഷയുടെ തലേന്ന് ചോദ്യങ്ങളുടെ മാതൃക പുറത്തുവന്നത്. അന്വേഷണത്തിന്റെ ഭാഗമായി എം.എസ് സൊല്യൂഷന്‍സ് ജീവനക്കാരുടെ മൊഴിയെടുക്കും.

എം എസ് സൊല്യൂഷന്‍സ് യു ട്യൂബ് ചാനലിന്റെ വീഡിയോ പരിശോധിച്ചശേഷമായിരിക്കും സ്ഥാപനത്തിലേ അധ്യാപകരുടെയും ഡയറക്ടര്‍മാരുടെയും മൊഴി എടുക്കുക. വിദ്യാഭ്യാസ വകുപ്പ് ഡി ജി പി ക്കു കൈമാറിയ പരാതിയില്‍ പൊലീസ് ഇന്ന് തുടര്‍നടപടികളിലേക്ക് കടക്കും. സ്ഥാപനത്തിന്റെ ഓണ്‍ലൈന്‍ ക്ലാസുകളിലെ അശ്ലീല പരാമര്‍ശങ്ങളിലും പരിശോധന ആരംഭിച്ചു. എം എസ് സൊല്യൂഷന്‍സിന്റെ ഓണ്‍ലൈന്‍ ക്ലാസ്സുകളിലെ അശ്ലീല പരാമര്‍ശങ്ങള്‍ സംബന്ധിച്ച പരാതിയില്‍ കൊടുവള്ളി പൊലീസ് പ്രാഥമിക പരിശോധന തുടങ്ങിയിട്ടുണ്ട്. എ ഐ വൈ എഫ് ആണ് അശ്ലീല ഉള്ളടക്കം സംബന്ധിച്ച പരാതി പൊലീസിന് നല്‍കിയത്.

ചോദ്യപേപ്പര്‍ ചോര്‍ച്ച ചര്‍ച്ചചെയ്യാന്‍ വിദ്യാഭ്യാസമന്ത്രിവിളിച്ച യോഗം ഇന്ന് നടക്കും. ചോദ്യം ചോരാന്‍ ഇടയായ സാഹചര്യം ചര്‍ച്ച ചെയ്യും. ഇനി പരീക്ഷ നടത്തിപ്പ് കൂടുതല്‍ കാര്യക്ഷമം ആക്കാന്‍ ഉള്ള നടപടി യോഗം തീരുമാനിക്കും. സര്‍ക്കാര്‍ അധ്യാപകരുടെ സ്വകാര്യ ട്യൂഷന്‍ നിര്‍ത്താന്‍ കര്‍ശന നടപടികള്‍ക്കും തീരുമാനം ഉണ്ടാകും.ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ കെ എസ് യു കോഴിക്കോട് റൂറല്‍ എസ് പി ക്ക് നല്‍കിയ പരാതിയിലാണ് പൊലീസ് പ്രാഥമിക അന്വേഷണം തുടങ്ങിയത്.

അതേസമയം, യു ട്യൂബ് ചാനലിന്റെ പ്രവര്‍ത്തനം നിര്‍ത്തുന്നതായി എം എസ് സൊല്യൂഷന്‍സ് സി ഇ ഒ ഷുഹൈബ് വ്യക്തമാക്കിയിട്ടുണ്ട്. സത്യം തെളിയും വരെ വീഡിയോകള്‍ ചെയ്യില്ലെന്ന് സിഇഒ ഷുഹൈബ് വീഡിയോയില്‍ അറിയിച്ചു. ചാനലുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിമര്‍ശനങ്ങളുടെ പശ്ചാത്തലത്തില്‍ ഇനി മുതല്‍ വീഡിയോകള്‍ ചെയ്യില്ലെന്ന് പറഞ്ഞു. യു ട്യൂബ് ചാനലില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്ന് വിളിച്ചിരുന്നു. മൊഴി കൊടുത്തിരുന്നു. തുടര്‍നടപടികള്‍ അറിയിക്കാമെന്ന് അവര്‍ പറഞ്ഞു. ഞങ്ങളുടെ ഭാഗത്ത് നിന്ന് നിയമനടപടികള്‍ പിന്തുടരുന്നുണ്ടെന്നും ഷുഹൈബ് പറഞ്ഞു. അതേസമയം, ചോദ്യപേപ്പര്‍ ചോര്‍ച്ചയ്‌ക്കെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം രംഗത്തെത്തി. ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ ആരായാലും മുഖം നോക്കാതെ നടപടി സ്വീകരിക്കണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ധനാര്‍ത്തി പൂണ്ട ചില അധ്യാപകരും വിദ്യാഭ്യാസം വില്‍ക്കുന്ന ചില സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളും സംഘം ചേര്‍ന്ന് നടത്തുന്ന ഇത്തരം ചോര്‍ത്തലുകള്‍ കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയ്ക്ക് അപമാനമാണെന്നും അദ്ദേഹം പറഞ്ഞു.