- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
സൽമാനെ വകവരുത്താനുള്ള ബിഷ്ണോയി സംഘത്തിന്റെ പദ്ധതി പൊളിച്ചത് ഇങ്ങനെ
മുംബൈ: ബോളിവുഡ് സൂപ്പർ താരം സൽമാൻ ഖാനെ വകവരുത്താനുള്ള ലോറൻസ് ബിഷ്‌ണോയി സംഘത്തിന്റെ ഗൂഢ പദ്ധതി നവി മുംബൈ പൊലീസ് പൊളിച്ചു. പാക്കിസ്ഥാനിൽ നിന്ന് എകെ 47 തോക്കുകളും, എം 16 റൈഫിളുകളും, പ്രായപൂർത്തിയാകാത്ത ഷാർപ് ഷൂട്ടർമാരും, ശ്രീലങ്കയിലേക്ക് രക്ഷപ്പെടാൻ പദ്ധതി-സംഘത്തിന്റെ സങ്കീർണമായ വധ ഗൂഢാലോചന പദ്ധതിയുടെ വിവരങ്ങളാണ് പുറത്തുവന്നത്.
70 ഓളം പേരെയാണ് പ്രത്യേക ചുമതലകളുമായി കൊലപാതകം ആസൂത്രണം ചെയ്ത് നടപ്പാക്കാൻ നിയോഗിച്ചത്. പ്രായപൂർത്തിയാകാത്തവരെ ഷാർപ് ഷൂട്ടർമാരായി നിയോഗിക്കാനായിരുന്നു ലക്ഷ്യമിട്ടത്. പൻവേലിലോ, ഒറ്റപ്പെട്ടുകിടക്കുന്ന ഫാ ഹൗസിലോ സൽമാൻ വാഹനത്തിൽ എത്തുമ്പോൾ ഷാർപ് ഷൂട്ടർമാരെ ഉപയോഗിച്ച് വകരുത്താനായിരുന്നു ആസൂത്രണം.
അറസ്റ്റിലായവരിൽ ധനഞ്ജയ് തപെസസിങ്( അജയ് കശ്യപ്), ഗൗരവ് ഭാട്ടിയ( നഹ്വി), വാപ്‌സി ഖാൻ( വസീം ചിക്‌ന), റിസ്വാൻ ഖാൻ എന്നിങ്ങനെ വധഗൂഢാലോചനയിൽ മുഖ്യ പങ്കുവഹിച്ചവരാണ് ഇതുവരെ അറസ്റ്റിലായത്. ജയിലിൽ കഴിയുന്ന ലോറൻസ് ബിഷ്‌ണോയി, ബന്ധുവായ അന്മോൽ ബിഷ്‌ണോയി, കൂട്ടാളി ഗോൾഡി ബ്രാർ എന്നിവരാണ് എകെ 47 തോക്കുകളും, എം 16 റൈഫിളുകളും പാക്കിസ്ഥാനിലെ ആയുധ വ്യാപാരി 'ദോഗർ' എന്നറിയപ്പെടുന്ന ആളിൽ നിന്ന് വാങ്ങി എത്തിച്ചത്.
ബിഷ്‌ണോയ് ഗ്യാങ്ങിലെ മുഖ്യാംഗമായ കശ്യപ് നവി മുംബൈയിലെ കലംബോലിയിലാണ് താമസിച്ചിരുന്നത്. സുഖ ഷൂട്ടർ എന്നറിയപ്പെടുന്ന ആളുമായി കശ്യപിന് ബന്ധമുണ്ടായിരുന്നു. കശ്യപും കൂട്ടാളികളും പൻവേൽ ബസ് സ്റ്റാൻഡ്, റെയിൽവെ സ്റ്റേഷൻ എന്നിവിടങ്ങളിൽ വച്ച് രഹസ്യ യോഗങ്ങൾ ചേർന്ന് സൽമാനെ വകവരുത്തുന്നതിനുള്ള പദ്ധതി ആസൂത്രണം ചെയ്തു.
മുംബൈയിൽ മാത്രമല്ല, നിരവധി സംസ്ഥാനങ്ങളിലേക്ക് ബിഷ്‌ണോയി സംഘത്തിന്റെ കണ്ണികൾ നീളുന്നുണ്ട്. കശ്മീരിലെയും, ഗംഗാനഗറിലെയും, പാക് അതിർത്തിയിലെ പോലും അനധികൃത ആയുധ ഡിപ്പോകളിൽ കശ്യപിന്റെ കൂട്ടാളികൾ എത്തി. കശ്യപും ബിഷ്‌ണോയിയും തമ്മിലുള്ള കൂടിക്കാഴ്ചകളും, കൂട്ടാളികളുമായുള്ള വാട്‌സാപ് കോളുകളും ആയുധ കടത്തിനെ കുറിച്ച് വ്യക്തമായ സൂചനകൾ നൽകി. സൽമാനെ വകവരുത്തിയ ശേഷം ഷാർപ് ഷൂട്ടർമാർക്ക് വൻതുക പാരിതോഷികമായി നൽകാനും ബിഷ്‌ണോയി തീരുമാനിച്ചിരുന്നു.
എകെ 47 നും, എം 16 നും കൂടാതെ, എകെ 92 തോക്കുകളും ഇവർ തയ്യാറാക്കി വച്ചു. പഞ്ചാബി ഗായകൻ സിദ്ദു മൂസെവാലയെ കൊലപ്പെടുത്താൻ ഉപയോഗിച്ചതും സമാന തോക്കുകളായിരുന്നു. വാട്‌സാപ്പ് വീഡിയോ കോളുകളിൽ എ കെ 47 നും വെടിക്കോപ്പുകളും മറ്റും സംഘാംഗങ്ങൾക്ക് കാട്ടി കൊടുത്തു.
സൽമാനെ വകവരുത്തിയ ശേഷം ഷാർപ് ഷൂട്ടർമാർ ആദ്യം കന്യാകുമാരിയിലേക്ക് രക്ഷപ്പെടണം. അവിടെ നിന്ന് കടൽ മാർഗ്ഗം ശ്രീലങ്കയിലേക്ക് കൊണ്ടുപോകും. ശ്രീലങ്കയിൽ നിന്ന് മറ്റൊരു രാജ്യത്തേക്ക് സുരക്ഷിതമായി കടത്താൻ ഒരുക്കങ്ങൾ ചെയ്തത് കാനഡ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന അന്മോൽ ബിഷ്‌ണോയി ആയിരുന്നു. നേരത്തെ ആനന്ദ് പാൽ നേതൃത്വം നൽകിയിരുന്ന ക്രിമിനൽ സംഘവുമായും ലോറൻസ് ബിഷ്‌ണോയി സംഘം സഹകരിച്ച് പ്രവർത്തിച്ചിരുന്നു. ഇപ്പോൾ ആനന്ദ് പാലിന്റെ സംഘത്തിന് നേതൃത്വം നൽകുന്നത് മകൾ ചിന്നുവാണ്.
ഏപ്രിൽ 14 ന് മുംബൈയിൽ ബാന്ദ്രയിലെ സൽമാന്റെ വസതിക്ക് പുറത്ത് ബൈക്കിൽ എത്തിയ രണ്ടു കൊലയാളികൾ വസതിയെ ലക്ഷ്യമാക്കി വെടിയുതിർത്തിരുന്നു. ഇവരെ ഗുജറാത്തിൽ നിന്നും പഞ്ചാബിൽ നിന്നുമായി പിടികൂടി. മൊത്തം ആറുപേരാണ് അറസ്റ്റിലായത്. കൂട്ടത്തിൽ അനുജ് താപ്പൻ പൊലിസ് കസ്റ്റഡിയിലിരിക്കെ മരിച്ചു.
വെടിവെപ്പിന്റെ ഗൂഢാലോചന നടന്നത് അമേരിക്കയിലാണെന്ന് പിന്നീട് തെളിഞ്ഞു. വിവിധ ഇന്ത്യൻ സംസ്ഥാനങ്ങളിൽ ഒരുക്കി നിർത്തിയിരിക്കുന്ന പ്രൊഫഷണൽ ഷൂട്ടർമാർ, ആയുധങ്ങൾ- എല്ലാം ചേർന്ന് വെടിവെപ്പ് സംഭവത്തിന് ഒരു ക്രൈം ത്രില്ലറിന്റെ തിരക്കഥയായിരുന്നു സൽമാന്റെ വസതിക്ക് മുന്നിലെ വെടിവെപ്പ്.
സംഭവത്തിന്റെ ഉത്തരവാദിത്വം ലോറൻസ് ബിഷ്‌ണോയിയുടെ സഹോദരൻ അന്മോൾ ബിഷ്‌ണോയി ഏറ്റെടുത്തിരുന്നു. ഇതൊരു ട്രെയിലറാണെന്നായിരുന്നു അന്മോൾ ബിഷ്‌ണോയി ഫേസ്‌ബുക്ക് കുറിപ്പിലൂടെ പറഞ്ഞത്. ഇത് ആദ്യത്തെയും അവസാനത്തെയും മുന്നറിയിപ്പാണെന്നും ഇതിനുശേഷം വെടിയുതിർക്കുന്നത് ആളില്ലാത്ത വീടുകളിലേക്കാവില്ലെന്നും കുറിപ്പിലുണ്ടായിരുന്നു.
സൽമാൻ ഖാന് മുമ്പും വധഭീഷണികൾ
ലോറൻസ് ബിഷ്ണോയി ഗ്യാങ്ങിന്റെ ഹിറ്റ് ലിസ്റ്റിലെ 10 പേരിൽ ആദ്യസ്ഥാനത്തുള്ളയാളാണ് സൽമാൻ ഖാൻ. 1998ൽ സൽമാൻ ഖാൻ രാജസ്ഥാനിൽ ഒരു സിനിമയുടെ ചിത്രീകരണത്തിനിടെ രണ്ട് കൃഷ്ണമൃഗങ്ങളെ വേട്ടയാടിയ സംഭവമാണ് ലോറൻസ് ബിഷ്ണോയിയുടെ പകയ്ക്ക് കാരണം. ബോളിവുഡ് താരങ്ങളായ സെയ്ഫ് അലി ഖാൻ, നീലം കോത്താരി, സൊനാലി ബേന്ദ്ര, തബു എന്നിവരായിരുന്നു അന്ന് സൽമാനോടൊപ്പം ഉണ്ടായിരുന്നത്. ഇവരും സൽമാന്റെ സഹായികളായ ദുഷ്യന്ത് സിങ്, ദിനേഷ് ഗാവ്‌റ എന്നിവരും കേസിൽ പ്രതിചേർക്കപ്പെട്ടു. കൃഷ്ണമൃഗത്തെ ബിഷ്ണോയി വിഭാഗം പരിപാവനമായാണ് കരുതുന്നത്. തങ്ങളുടെ ഗുരുവായ ജംബാജിയുടെ പുനർജ്ജന്മമായാണ് ഇവർ കൃഷ്ണമൃഗത്തെ കണക്കാക്കുന്നത്. പക്ഷിമൃഗാദികളെ വേട്ടയാടുന്നതും കൊലപ്പെടുത്തുന്നതും വലിയ പാപമായി അവർ കണക്കാക്കുന്നു. വന്യമൃഗങ്ങളെ വേട്ടയാടിയ കേസുകളിൽ പ്രതികൾക്ക് പരമാവധി ശിക്ഷ ലഭിക്കാൻ ബിഷ്‌ണോയികൾ ഇടപെടാറുണ്ട്.
ബിഷ്‌ണോയി സംഘത്തിൽ നിന്നുള്ള നിരന്തരമായ ഭീഷണിയെത്തുടർന്ന് സൽമാൻ ഖാന് വൈ പ്ലസ് കാറ്റഗറിയിലുള്ള സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. 11 സുരക്ഷാ ഉദ്യോഗസ്ഥരാണ് സദാ സൽമാൻ ഖാന് അകമ്പടി സേവിക്കുന്നത്. ടീമിൽ രണ്ടു കമാൻഡോകളും, പേഴ്സണൽ സെക്യൂരിറ്റി ഓഫീസർമാരും ഉണ്ട്. രണ്ടുവാഹനങ്ങൾ എപ്പോഴും ഖാന്റെ വാഹനത്തിന് അകമ്പടി പോകും. ഒരെണ്ണം മുന്നിലും ഒരെണ്ണം പുറകിലും. സൽമാന്റെ കാർ പൂർണമായി ബുള്ളറ്റ് പ്രൂഫാണ്.
നേരത്തെ, യുകെയിലെ ഇന്ത്യൻ വിദ്യാർത്ഥി സൽമാന് നേരേ വധഭീഷണി ഉയർത്തി ഇ മെയിൽ അയച്ചിരുന്നു. ഇയാൾക്കെതിരെ ലുക്ക് ഔട്ട് സർക്കുലർ പുറപ്പെടുവിച്ചിരിക്കുകയാണ്. കഴിഞ്ഞ വർഷം റോക്കി ഭായി എന്ന പേരിൽ രാജസ്ഥാനിൽ നിന്ന് ഭീഷണി കോൾ വന്നിരുന്നു. പതിനാറ് വയസ്സുള്ള ഒരു ആൺകുട്ടിയാണ് അതിന് പിന്നിലെന്ന് പൊലീസ് കണ്ടെത്തി. ഏപ്രിൽ 30 ന് സൽമാനെ വകവരുത്തുമെന്നായിരുന്നു ഭീഷണി.