കണ്ണൂര്‍: കണ്ണൂരില്‍ പെട്രോള്‍ പമ്പില്‍ ജീവനക്കാരനെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ പൊലീസുകാരനെതിരെ വധശ്രമം ചുമത്തി കേസെടുത്തു. കണ്ണൂര്‍ എ ആര്‍ ക്യാമ്പ് ഡ്രൈവര്‍ സന്തോഷിനെതിരെയാണ് കേസെടുത്തത്. പൊലീസുകാരനെതിരെ സസ്‌പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള വകുപ്പുതല നടപടികള്‍ സ്വീകരിച്ചേക്കും.

പെട്രോള്‍ അടിച്ചതിന്റെ പണം ചോദിച്ച ജീവനക്കാരനെ കാറിന്റെ ബോണറ്റില്‍ ഇരുത്തി സ്റ്റേഷന്‍ വരെ ഓടിക്കുകയായിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ജീവനക്കാരന്‍ പണം ആവശ്യപ്പെടുന്നതും വാഹനത്തിന്റെ മുന്നില്‍ നില്‍ക്കുന്ന ജീവനക്കാരനെ ബോണറ്റില്‍ ഇരുത്തി വാഹനം ഓടിച്ച് പോകുന്നതും ദൃശ്യങ്ങളില്‍ കാണാം.

കണ്ണൂര്‍ തളാപ്പിലെ ഭാരത് പെട്രോള്‍ പമ്പിലാണ് സംഭവം. പെട്രോള്‍ അടിച്ച പണം മുഴുവന്‍ നല്‍കാതെ പോകാന്‍ ശ്രമിച്ച കാര്‍ പമ്പ് ജീവനക്കാരന്‍ അനില്‍ തടയാന്‍ ശ്രമിച്ചപ്പോഴായിരുന്നു പൊലീസുകാരന്റെ പരാക്രമം.

പള്ളിക്കുളം സ്വദേശിയായ അനിലിനെയാണ് ബോണറ്റിലിരുത്തി കൊണ്ടുപോയത്. പെട്രോള്‍ അടിച്ചതിന്റെ പണം ചോദിച്ചപ്പോള്‍ അനിലിനെയും കൊണ്ട് കാര്‍ ഏറെ ദൂരം മുന്നോട്ട് പോവുകയായിരുന്നു. കഴിഞ്ഞ ഒക്ടോബറില്‍ സന്തോഷ് മറ്റൊരു പെട്രോള്‍ പമ്പിലേക്ക് പൊലീസ് ജീപ്പ് ഇടിച്ചു കയറ്റിയിരുന്നു. അന്ന് വാഹനത്തിന്റെ നിയന്ത്രണം വിട്ടു എന്നാണ് കാരണം പറഞ്ഞത്.

ഇന്ന് വൈകുന്നേരം അഞ്ച് മണിയോടെയായിരുന്നു സംഭവം. പൊലീസുകാരന്‍ ഫുള്‍ ടാങ്കാണ് ഇന്ധനം അടിച്ചതെന്നും മുഴുവന്‍ തുകയും നല്‍കാത്തത് ചോദ്യം ചെയ്തപ്പോള്‍ പമ്പിലെ ജീവനക്കാരനായ അനിലിനെ ബോണറ്റില്‍ കയറ്റി പൊലീസ് സ്റ്റേഷന്‍ വരെ കൊണ്ടുപോകുകയായിരുന്നുവെന്നാണ് പമ്പ് ജീവനക്കാര്‍ പറയുന്നത്. 2100 രൂപയ്ക്ക് ഇന്ധനം അടിച്ചെന്നും 1900 രൂപ നല്‍കി ഇതേയുള്ളൂവെന്നും പറഞ്ഞാണ് പൊലീസുകാരന്‍ വാഹനം എടുത്ത് പോയതെന്നും പമ്പ് ജീവനക്കാര്‍ പറഞ്ഞു.